ഒറ്റപ്പാലം:നഗരത്തിന്റെ വികസനത്തിനും ഗതാഗതക്കുരുക്കിനും പരിഹാരം കണ്ടെത്താന്‍ കൈക്കൊണ്ട ഓപ്പറേഷന് അനന്ത പദ്ധതിക്കു പുതുജീവന്‍ നല്‍കുമെന്ന് വികസന സമിതി യോഗത്തില്‍ സബ് കളക്ടര്‍ പി.ബി.നൂഹ് അറിയിച്ചു.
ബിജെപി അംഗം പി.വേണുഗോപാലിന്റെ ചോദ്യത്തിനു മറുപടി പറയുകയായിരുന്നു അദ്ദേഹം. നഗരത്തിന്റെ വികസനത്തിനു വ്യക്തികളും സ്ഥാപനങ്ങളും കൈയേറ്റ സ്ഥലം സ്വമേധയ ഒഴിഞ്ഞുകൊടുക്കണമെന്ന വേണുഗോപാലിന്റെ പ്രമേയം നഗരസഭ ചെയര്മാന് എതിര്‍ത്തെങ്കിലും സഭ പാസ്സാക്കി.
ഓപ്പറേഷന് അനന്ത വന്‍ പരാജയമാണെന്ന് സഭയില്‍ വിമര്‍ശനമുയര്‍ന്നു. പിഡിസി ബാങ്കിന്റെ കൈയേറ്റ സ്ഥലം ഒഴിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ രാഷ്ട്രീയ സമ്മര്‍ദ്ദം മൂലം നിര്‍ത്തലാക്കി. നാല് സെന്റ് സ്ഥലം മാത്രമാണ് റവന്യൂ വകുപ്പ് തിരിച്ചു പിടിച്ചതെന്ന് കേരളകോണ്‍ഗ്രസ് നേതാവ് വി.ജയരാജ് സഭയില്‍ ഉന്നയിച്ചു. ഓപ്പറേഷന് അനന്ത നിര്ജ്ജീവമായിട്ടില്ലെന്നും കോടതി നടപടി പൂര്‍ത്തിയാകുന്ന മുറക്ക് കൈയേറ്റ സ്ഥലങ്ങള്‍ പൂര്‍ണമായും ഒഴിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. പിഡിസി ബാങ്ക് കൈയേറിയ സ്ഥലം ഒഴിപ്പിക്കുന്ന നടപടിക്കെതിരെ ബാങ്ക് സ്റ്റേ വാങ്ങിയതിനാല്‍ നടപടി പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞില്ലെന്നും സ്റ്റേ മാറിയാല്‍ ഉടന്‍ നടപടി ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
സിവില്‍ സ്റ്റേഷനിലെ ലിഫ്റ്റ് പ്രവര്‍ത്തനസജ്ജമാക്കണമെന്നും അടുത്ത വികസന സമിതി യോഗത്തിനു മുമ്പായി നടപടി ഉണ്ടാകണമെന്നും സബ് കലക്ടര്‍ തഹസില്‍ദാരോട് ആവശ്യപ്പെട്ടു. ഷൊര്‍ണൂര്‍ പോലീസ് സ്റ്റേഷന് പരിസരത്ത് ഒരുമാസത്തില്നാലു പിടിച്ചുപറി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടും ആരെയും പിടികൂടിയില്ലെന്ന ആരോപണവും ഉയര്‍ന്നു.
എന്നാല്‍ നാട്ടുകാരുടെ സഹായം ഉണ്ടെങ്കില്‍ മാത്രമേ ഇത്തരം സംഭവങ്ങള്‍ക്കു പരിഹാരം കാണാന്‍ കഴിയൂയെന്നായിരുന്നു ഷൊര്‍ണൂര്‍ പോലീസിന്റെ മറുപടി. ഇതില്‍ സബ് കലക്ടര്‍ വിയോജിപ്പ് പ്രകടിപ്പിച്ചു.വികസനസമിതി യോഗത്തില്‍ പങ്കെടുത്ത ഉദ്യോഗസ്ഥരുടെ ഹാജര്‍ നില പരിശോധിക്കണമെന്ന ആവശ്യം സഭയില്‍ ഉയര്‍ന്നു. തുടര്‍ന്നു നടന്ന പരിശോധനയില്‍ ഒറ്റപ്പാലം പോലീസ് സ്റ്റേഷന്, പട്ടികജാതിവികസന ഓഫീസ്, ജോയന്റ്ആര്ടിഒ ഓഫീസ്, രജിട്രേഷന് ഓഫീസ് തുടങ്ങിയ വകുപ്പുതല ഉദ്യോഗസ്ഥര്‍ സമിതിയില്‍ പങ്കെടുത്തിട്ടില്ലെന്ന് കണ്ടെത്തി.യോഗത്തില്‍ വാണിയംകുളം പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ഭാസ്ക്കരന്‍ അധ്യക്ഷത വഹിച്ചു.
സബ് കലക്ടര്‍, വാണിയംകുളം പഞ്ചായത്ത് പ്രസിഡന്റ്,ചെര്‍പ്പുളശ്ശേരി, ഷൊര്‍ണ്ണൂര്‍ നഗരസഭചെയര്‍പേഴ്സണ്‍, തഹസില്‍ദാര്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: