ആലപ്പുഴ: ജില്ലയിലെ ക്വട്ടേഷന്‍, ഗുണ്ടാസംഘങ്ങള്‍ അഴിഞ്ഞാടുന്ന സാഹചര്യത്തില്‍ പുതിയ പേരില്‍ പഴയ പദ്ധതികളുമായി പോലീസ്. ക്വട്ടേഷന്‍ സംഘങ്ങളെ അമര്‍ച്ച ചെയ്യാന്‍ ‘ഓപ്പറേഷന്‍ തണ്ടര്‍’ എന്ന പേരില്‍ ദ്രുതകര്‍മ പദ്ധതി രൂപാകരിച്ചെന്ന് ജില്ലാ പോലീസ് അറിയിച്ചു.
ജില്ലാ പോലീസ് ചീഫ് എസ് സുരേന്ദ്രന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് പ്രവര്‍ത്തനങ്ങള്‍. വിവിധ കാറ്റഗറിയായി തിരിച്ചാണ് ഗുണ്ടകളെ അമര്‍ച്ച ചെയ്യുക.
ജില്ലയില്‍ അടുത്തിടെ ക്വട്ടേഷന്‍ സംഘങ്ങളുടെ ആക്രമണങ്ങളും സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങളും നടക്കുന്ന പശ്ചാത്തലത്തിലാണ് നടപടി. ഒന്നില്‍ കൂടുതല്‍ ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടവരുമായ എല്ലാവരുടെയും വിശദവിവരം ശേഖരിക്കും. ഇവരില്‍ സ്ഥിരം അക്രമപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍, അനവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായിട്ടുള്ളവര്‍, അവസരം കിട്ടുമ്പോള്‍ അക്രമത്തില്‍ ഏര്‍പ്പെടുന്നവര്‍ എന്നിങ്ങനെ വിവിധ തരത്തില്‍ തിരിക്കും.
24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ജില്ലാതല ടീമിന്റെ നേരിട്ടുള്ള നിയന്ത്രണത്തില്‍ പ്രത്യേക സജീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ള വാഹനത്തിലും സൈബര്‍ സെല്ലിന്റെ സഹായത്തിലും 24 മണിക്കൂറും പട്രോള്‍ ഡ്യൂട്ടി ചെയ്യത്തക്ക വിധമാണ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്.
ഗുണ്ടാ നിയമപ്രകാരം തടവിലാക്കുകയോ നാടുകടത്തുകയോ ചെയ്യുന്നതിനുള്ള നടപടിയും സ്വീകരിക്കും. ഇത്തരത്തിലുള്ളവരുടെ പ്രവര്‍ത്തനങ്ങള്‍ രഹസ്യമായി നിരീക്ഷിക്കാന്‍ ജില്ലയിലെ എല്ലാ പോലീസ് സ്റ്റേഷനുകളിലെയും പോലീസ് ഉദ്യോഗസ്ഥരും ഒരു ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പ്രത്യേകമായി രൂപീകരിച്ച ആന്റി ഗുണ്ടാ സ്‌ക്വഡിനെയും രഹസ്യാന്വേഷണ വിഭാഗത്തേയും ഉപയോഗിച്ച് നിരന്തരമായി നിരീക്ഷിക്കാനും പ്രവര്‍ത്തനങ്ങള്‍ അപ്പപ്പോള്‍ ജില്ലാ തലത്തില്‍ അറിയിക്കാനും ഏകോപിപ്പിക്കാനും സംവിധാനം ഉണ്ട്.
സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനം തടയാന്‍ ജനങ്ങളുടെ സഹകരണം നേടുന്നതിനുവേണ്ടി റെസിഡന്‍സ് അസോസിയേഷനുകളുമായി കൂടിയാലോചന നടത്തുന്നത് ഉള്‍പ്പെടെ പദ്ധതി ആവിഷ്‌ക്കരിക്കും. പോലീസ് ഇപ്പോള്‍ പ്രഖ്യാപിച്ചിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ പലതും ഇതിനു മുന്‍പും പോലീസ് മേധാവിമാര്‍ പ്രഖ്യപിച്ചിട്ടുള്ളതാണ്. പേരുകള്‍ മാത്രമാണ് മാറുന്നത്, പക്ഷെ, ക്വട്ടേഷന്‍ സംഘങ്ങളെ അമര്‍ച്ച ചെയ്യാന്‍ കഴിഞ്ഞിട്ടില്ലെന്ന് മാത്രം.
















