വടക്കഞ്ചേരി:കിഴക്കഞ്ചേരി പഞ്ചായത്തിലെ തെന്മല അടിവാരത്ത് തൃപ്പന്നൂര്‍ മഹാശിവക്ഷേത്രത്തിന് സമീപമുള്ള എയുപി സ്കൂള്‍ മുറ്റത്ത് ഏകദേശം മുക്കാല്‍ കിലോമീറ്റര്‍ ചുറ്റളവില്‍ പടര്‍ന്നുപന്തലിച്ച് കിടക്കുന്ന പേരാലിന് അരസഹസ്രാബ്ദത്തോളം പഴക്കമുണ്ടെന്നാണ് വിശ്വാസം.
കേരളത്തിലെ ഏറ്റവും പ്രായംകൂടിയ ആല്‍മരങ്ങളുടെ കൂട്ടത്തിലാണ് ഈ വടവൃക്ഷം. ഏതു കടുത്തവേനലിലും ശീതളഛായനല്കുന്നു ഈ പേരാല്‍. എന്നാല്‍ ഇതിന് നടുവിലെ ആല്‍മരം ദ്രവിച്ച് തുടങ്ങിയെങ്കിലും ചുറ്റിലും പടര്‍ന്നു പന്തലിച്ചിരിക്കുന്ന വള്ളിപ്പടര്‍പ്പ് മക്കളുടെ സംരക്ഷണമെന്നപോലെ അമ്മആലിനെ സുരക്ഷിതയാക്കുന്നു.
ആല്മരത്തില് നിന്നും വേര് വള്ളികളായി ഇറങ്ങി മണ്ണില്‍ സ്പര്‍ശിക്കുന്നതോടെ ഒരു പുതിയ ആല്‍മരം രൂപപെടുകയാണ്. സമീപത്തുതന്നെയാണ് 2000ത്തോളം വര്‍ഷം പഴക്കംചെന്ന മഹാശിവക്ഷേത്രവും സ്ഥിതി ചെയ്യുന്നത്.
ആറുപതിറ്റാണ്ടുകള്‍ക്ക് മുന്‍പ് കാടുപിടിച്ചു കിടന്നിരുന്ന ഈ പ്രദേശം വടക്കഞ്ചേരി പുഴയ്ക്കലിടം തറവാട്ടുകാരുടെതായിരുന്നു. കൃഷി അവശ്യങ്ങള്‍ക്കായി സ്ഥലം വെട്ടിതെളിക്കുമ്പോള്‍ നിറയെ വെള്ളമുള്ള കിണര്‍ കാണപ്പെടുകയും ചെളി നീക്കം ചെയ്യുന്നതിനിടെ കല്ലുകൊണ്ട് നിര്‍മ്മിച്ച ഒരു വിഗ്രഹം ലഭിച്ചു എന്നാണ്പറയപ്പെടുന്നത്. തുടര്‍ന്ന് ജോത്സ്യവിധിപ്രകാരം കാട് വെട്ടിതെളിച്ചപ്പോള്‍ ഇടിഞ്ഞ് പൊളിഞ്ഞ് കിടക്കുന്ന ശിവക്ഷേത്രത്തിന്റെ ഭാഗങ്ങള്‍ കണ്ടെത്തി.പിന്നീട് ക്ഷേത്രപുനരുദ്ധാരണം നടത്തി വിഗ്രഹങ്ങള്‍ അവിടെതന്നെ പ്രതിഷ്ഠിക്കുകയായിരുന്നു. ഇതാണ് ഇപ്പോഴത്തെ തൃപ്പന്നൂര്‍ ശിവക്ഷേത്രം.
ക്ഷേത്രത്തിന് സമീപം അന്നു പടര്‍ന്നു പന്തലിച്ചു നില്ക്കുന്ന പേരാല്‍ വൃക്ഷത്തിന് സമീപം 1952 ജൂലൈ മാസത്തില്‍ പുഴയ്ക്കലിടം കുടുംബക്കാരായ ടി.ഭീമനച്ചന്‍ നേതൃത്വം കൊടുത്ത ഒരു സരസ്വതിക്ഷേത്രമാണ് ഇന്നത്തെ എയുപിസ്കൂള്‍.
പടര്‍ന്നു പന്തലിച്ച ആല്മരത്തില് നിന്നും വീണ്ടും താഴോട്ടിറങ്ങുന്ന വേരുകള്‍ക്ക് വളരുവാന്‍ ഇടമൊരുക്കുകയാണ് വിദ്യാലയത്തിലെ കുരുന്നുകളും അധ്യാപകരും. അതുകൊണ്ടുതന്നെ ഇനിയും വരും തലമുറകള്‍ക്കുകൂടി കുളിരേകാന്‍ ഉള്‍ക്കരുത്തോടെ പടര്‍ന്നുപന്തലിക്കുകയാണ് മുതുമുത്തശ്ശി പേരാല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: