ചേലക്കര : തിരുവില്വാമല ശ്രീ വില്വാദ്രിനാഥ ക്ഷേത്രത്തില്‍ പ്രശസ്ത കൂടിയാട്ടം കലാകാരി കപിലാ വേണു നങ്ങ്യാര്‍കൂത്ത് അവതരിപ്പിക്കുന്നു.
ശ്രീകൃഷ്ണചരിതം നങ്ങ്യാര്‍കൂത്ത് സമ്പൂര്‍ണ്ണമായി കേരളത്തിലങ്ങോളമിങ്ങോളമുള്ള ക്ഷേത്രങ്ങളില്‍ അവതരിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഉഗ്രസേനബന്ധനം, മധൂകശാപം എന്നീ കഥകള്‍ ഇന്നും നാളെയുമായി വില്വാദ്രിനാഥ സന്നിധിയില്‍ അവതരിപ്പിക്കുന്നത്.
ഗുരു അമ്മന്നൂര്‍ മാധവ ചാക്യാരുടെ ശിഷ്യയായ കപിലക്ക് സമീപകാലത്താണ് മധ്യപ്രദേശ് സര്‍ക്കാരിന്റെ ദേശീയ കുമാര്‍ ഗന്ധര്‍വ്വ പുരസ്‌കാരം ലഭിച്ചത്. ലോകവേദികളില്‍ അവതരിപ്പിച്ച്, നങ്ങ്യാര്‍കൂത്തിന് ഏറെ അംഗീകാരം നേടിയ കപില നാല്‍പ്പത്തിയൊന്ന് അരങ്ങുകളിലായിട്ടാണ് നങ്ങ്യാര്‍കൂത്ത് പൂര്‍ണ്ണമാക്കുന്നത്.
തൃപ്പൂണിത്തുറ ശ്രീ പൂര്‍ണ്ണത്രേയീശ ക്ഷേത്ര സന്നിധിയില്‍ ആണ് നങ്ങ്യാര്‍കൂത്ത് സമ്പൂര്‍ണ്ണത്തിന് തുടക്കം കുറിച്ചത്.
തിരുവില്വാമല ശ്രീ വില്വാദ്രിനാഥ ക്ഷേത്രത്തില്‍ ദീപാരാധനക്ക് ശേഷം വൈകുരേം 6.30ന് അവതരണം ആരംഭിക്കും. തിരുവില്വാമല വില്വാദ്രിനാഥ ദേവസ്വത്തിന്റേയും ഇരിങ്ങാലക്കുട നടനകൈരളിയുടേയും ആഭിമുഖ്യത്തിലാണ് നങ്ങ്യാര്‍കൂത്ത് സമ്പൂര്‍ണ്ണം സംഘടിപ്പിക്കുന്നത്.
















