കുറുമാപള്ളി കേശവന് നമ്പൂതിരിയുടെ നിര്യാണത്തോടെ നഷ്ടപ്പെട്ടത് സ്ഥിതപ്രജ്ഞനായ വിമര്‍ശകനേയും എഴുത്തുകാരനേയുമാണ്. തനിക്ക് ശരിയെന്ന് തോന്നിയത് തെളിയിക്കുവാന്‍ ഏതറ്റം വരെയും പോകുവാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നുവെന്നത് എടുത്ത് പറയേണ്ടതുണ്ട്.
1950ല്‍ മാതൃഭൂമിയിലൂടെയാണ് അദ്ദേഹം എഴുതുത്തുടങ്ങിയത്. എസ്എസ്എല്‍സി പരീക്ഷയുമായി ബന്ധപ്പെട്ട് ചോദ്യപേപ്പറിലെ അപാകതകളേയും വൈകല്യങ്ങളേയും ചൂണ്ടിക്കാട്ടിക്കൊണ്ടായിരുന്നു അദ്ധ്യാപകന് കൂടിയിയ അദ്ദേഹം എഴുത്തിലേയ്ക്ക് തിരിഞ്ഞത്. താമസിയാതെ സമകാലികപ്രശ്നങ്ങളീലേയ്ക്ക് ശ്രദ്ധ തിരിച്ചു. വിഷയത്തിന്റെ കാലികപ്രാധാന്യതയായിരുന്നു മാനദണ്ഡം. തനിയ്ക്കു ശരിയെന്നുതോന്നുന്നത് ഉറക്കെ പറയുവാനും, അതുകേട്ട് മുഖംചുളിച്ചും, പല്ലുകടിച്ചും, മുഷ്ടിചുരുട്ടിയും അകത്തളങ്ങളില്‍ പ്രതികരിയ്ക്കുന്നവരെ സധൈര്യം കവച്ചുവെച്ചുനടന്നും പ്രതികരണങ്ങളില്‍ സ്വന്തമായ വ്യക്തിത്വം നേടിയെടുക്കാന്‍ ഇദ്ദേഹത്തിന് കഴിഞ്ഞു. പത്രാധിപരേയോ, പത്രസ്ഥാപനത്തേയോ ‘ഒക്കെ നന്നായി’ എന്നുപ്രതികരണമെഴുതി സുഖിപ്പിയ്ക്കുന്ന കത്തുകള്‍ കുറുമാപ്പള്ളി ഒരിക്കലും എഴുതിയിരുന്നില്ല.
ഏതെങ്കിലും വാര്‍ത്തയോ, ലേഖനമൊ, കുറിപ്പോ പ്രതികരണവിധേയമാണെന്നു തോന്നിയാല്‍ കാര്യങ്ങളുടെ അടിവേര്വരെ പരിശോധിച്ച് ഒരു ഇന്‍ലെന്റില്‍ തന്റെ വ്യക്തമായ അഭിപ്രായം പത്രാധിപര്‍ക്കെഴുതും. സര്‍ക്കാര്‍ സ്കൂളിലെ അധ്യാപകന് ആയിരുന്നതിനാല്‍ കെ.കേശവന് നമ്പൂതിരി എന്ന പേര് മാറ്റി കുറുമാപ്പള്ളികേശവന്‍ നമ്പൂതിരിയെന്നപേരിലാണ് എഴുതിത്തുടങ്ങിയത്. നിറം മിഥ്യയോ,യാഥാര്‍ത്ഥ്യമോ’ എന്ന വിഷയത്തില്‍ സി.കെ.മൂസത്, ‘ഭാഷയുടെ ഉല്പത്തി ലിംഗ’ത്തില്‍നിന്ന് എന്ന വിഷയത്തില്‍ നടത്തിയ വാദപ്രതിവാദം ശ്രദ്ദേയമായിരുന്നു. കുറുമാപ്പള്ളിയുടെ വാദത്തെ അനുകൂലിച്ച് പലരും എഴുതി. ഒടുവില്‍ മാതൃഭൂമിതന്നെ ഈ സംവാദത്തിന് അവസാനമിടേണ്ടിവന്നു.
‘ജ്യോതിഷം അന്ധവിശ്വാസമാണെന്ന്’ എഴുതിയ പവനനുമായി ആഴ്ചകളോളം നീണ്ടുനിന്ന വാദപ്രതിവാദമുണ്ടായി. ‘അനുഭവങ്ങളിലൂടെ ജനവിശ്വാസമാര്‍ജ്ജിച്ച സയന്‍സാണ് ജ്യോതിഷമെന്ന്, ഇതര മതസ്ഥരുടെ വിശ്വാസങ്ങള്‍കൂടി ഉദാഹരിച്ച് കുറുമാപ്പള്ളി സമര്‍ത്ഥിച്ചപ്പോള്‍ വായനക്കാര്‍ അതംഗീകരിച്ചു. ഇവിടേയും അന്തിമവിജയം ഇദ്ദേഹത്തിനുതന്നെയായിരുന്നു.
‘ജനഗണമന’ ദേശീയഗാനമല്ലെന്നും ‘വന്ദേമാതര’മാണ് ഭാരതത്തിന്റെ ദേശീയഗാനമെന്നും, ടാഗോര്‍പോലും വന്ദേമാതരത്തില്‍ കവിഞ്ഞൊരു ദേശീയഗാനമില്ലെന്ന് പലകുറി എടുത്തുപറഞ്ഞതുമെല്ലാം ഉദ്ധരിച്ച് ഇദ്ദേഹമെഴുതിയ തുറന്നകത്തിന് എതിര്‍വാദമുന്നയിയ്ക്കാന്‍ ഒരാള്‍പോലുമില്ലാതെപോയത് ഇദ്ദേഹത്തിന്റെ ശരികളൂടെ ജൈത്രയാത്രയായിരുന്നു.
ആനുകാലികങ്ങളില്‍ വന്ന ലേഖനങ്ങളുടെ സമാഹാരമായി വള്ളുവനാടിന്റെ കലാചരിത്രം എന്ന പുസ്തകം ഇദ്ദേഹത്തിന്റെതായുണ്ട്. സാഹിത്യ പ്രവര്‍ത്തനങ്ങളെ മാനിച്ച് പ്രഥമ നാഗ കീര്‍ത്തീപുരസ്ക്കാരം ഇദ്ദേഹത്തിനാണ് ലഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: