പത്രത്താളുകളിലും മുദ്രാവാക്യങ്ങളിലും ദേവാലയം/മനുഷ്യാലയം/വാസ്തുവിധികള്‍/ഗൃഹനിര്‍മ്മാണം/കക്കൂസിന്റെ സ്ഥാനം/കിണര്‍/വാതിലുകള്‍/വിശ്വാസം, അപക്വമതിത്വം, നിര്‍ബന്ധബുദ്ധി, അശാസ്ത്രീയത, യുക്തിഭംഗം, അപ്രായോഗികത, മൂലഗ്രന്ഥങ്ങളെ തള്ളിപ്പറയുക, പണ്ഡിതാഭിപ്രായമില്ലായ്മ ഇങ്ങനെ ധാരാളം കണ്ടുവരുന്നു.
ഹിന്ദുത്വത്തിന് എതിരായി നില്‍ക്കുന്ന ഇത്തരം കാര്യങ്ങള്‍ക്ക് വ്യക്തമായ പരിശോധന ആവശ്യമാണ്. അതിലൊന്നാണ് ദേവാലയ/മനുഷ്യാലയ സൃഷ്ടി.
വാസ്തുശാസ്ത്രമനുസരിച്ച് മനുഷ്യാലയവും ദേവാലയവും വേണമെന്ന് പണ്ഡിതമതം. മൂലഗ്രന്ഥങ്ങളും അങ്ങനെ പറയുന്നു. പ്രായോഗിക തെളിവുകളും ശാസ്ത്രദൃഷ്ടിയിലെ കണ്ടെത്തലുകളും പരിശോധിച്ചു ബോധ്യപ്പെടുത്താവുന്നതും മനുഷ്യമനസ്സിന്റെ വിഹ്വലതകള്‍ക്ക് പരിഹാരവുമാണ്.
കാലം മാറിയെന്നും തലമുറകളില്‍ ഇത്തരം വിശ്വാസങ്ങള്‍ ഇല്ലെന്നും വാദിക്കുന്നവര്‍ ഏറെയുണ്ടെങ്കിലും കെട്ടിടംപണിക്ക് വാസ്തുപൂജയും പ്രശ്‌നചിന്തയും കുറ്റിയടിക്കലും കല്ലിടീലും ക്ഷേത്രത്തില്‍ വഴിപാടു കഴിക്കലും ഒക്കെ കാണാം. പക്ഷെ ഒരു പ്രത്യേകതയുണ്ട്. അച്ഛന്‍ വിഡ്ഢി, മുത്തച്ഛന്‍ ഭ്രാന്തന്‍, ഗ്രന്ഥങ്ങള്‍ കള്ളം ഇതാണ് തലമുറകളിലുണ്ടായ മാറ്റം. പുതുതലമുറകളെ വട്ടംചുറ്റിക്കാന്‍ ശാസ്ത്രവും വ്യക്തിയും ഇത്തരം മൂലഗ്രന്ഥങ്ങളും മാറ്റിവച്ച് ചരടുകെട്ടും കല്ലിടീലും നടത്തുന്നതു കാണാം.
മനുഷ്യാലയത്തില്‍ ഒരിടത്തും ദേവാലയം പാടില്ല. പക്ഷെ ആധുനിക ‘പണ്ഡിതര്‍’ ഉടമസ്ഥനെ വട്ടം ചുറ്റിക്കുന്നു. ഗോവണിപ്പടിക്കു കീഴെയായാലും ധാരാളം ദേവീദേവന്മാര്‍, നിരവധി മണികള്‍, 4-5 വിളക്കുകള്‍ എല്ലാം കാണുന്നു. വഴിയെ പോകുന്ന ‘പണ്ഡിത’ന്മാരുടെയെല്ലാം അഭിപ്രായം ചോദിക്കും. ഓരോരുത്തരും അവരെ പറ്റുന്ന തരത്തില്‍ പറഞ്ഞ് ഭയപ്പെടുത്തും. ഉടമസ്ഥന്റെ പ്രധാനവാതില്‍ ശരിയല്ല, നേരെ മുന്നില്‍ നില്‍ക്കുന്ന മാവ് ഉടനെ വെട്ടിമാറ്റണം, കക്കൂസിന്റെ സ്ഥാനം തെറ്റാണ്!
പഴയ തലമുറകളുടെ ഭവനവിര്‍മ്മാണം പരിശോധിച്ചുതന്നെ പഠിക്കേണ്ടതാണ്. നാലുകെട്ട്, എട്ടുകെട്ട്, 16 കെട്ട്, 32 കെട്ട് (ഇന്നിവയൊന്നുമില്ല) എന്നിവയില്‍ ഒരിടത്തും പൂജാമുറിയില്ല.
ദൈവിക ചിത്രങ്ങളില്‍ താല്‍പര്യമുള്ളവര്‍ നിലവിളക്കിനടുത്ത് പറ്റുമെങ്കില്‍ നടവാതിക്കല്‍തന്നെ വിഷ്ണു-കൃഷ്ണ-ശിവ-ദേവീ ചിത്രങ്ങള്‍ വയ്‌ക്കാറുണ്ട്.
എന്നാല്‍ ഒരിടത്തും നടരാജവിഗ്രഹം വയ്‌ക്കാറില്ല. അതിന്റെ ചിത്രവും വയ്‌ക്കാറില്ല. കാരണം പറയുന്നത് ഒന്ന് മൂലഗ്രന്ഥങ്ങളില്‍ പരാമര്‍ശമില്ല, രണ്ടാമത് പണ്ഡിതന്മാരായവര്‍ വയ്‌ക്കാന്‍ പറയില്ല, മൂന്നാമത് ഇത് ശൈവകോപംകൊണ്ട് ഭൂലോകത്തെ വിറപ്പിച്ച ശിവതാണ്ഡവമെന്നാണ്. (കൊട്ടിയൂരില്‍ പാര്‍വ്വതി മണിയഞ്ചിറയില്‍- രുധിരന്‍ ചിറ- എരിഞ്ഞപ്പോള്‍ കോപിഷ്ടനായ ശിവന്‍ ഭൂതഗണങ്ങളെ അയച്ച് യാഗം മുടക്കിയതും ആചാര്യനായിരുന്ന ഭൃഗുമുനിയുടെ താടിക്കുപിടിച്ച് വലിച്ചെറിഞ്ഞെന്നും ദക്ഷന്റെ വാള്‍ ചുഴറ്റി എറിഞ്ഞത് മാനന്തവാടിയ്‌ക്കടുത്ത് മുതിരേരിയില്‍ വീണെന്നുമാണ്. കൊട്ടിയൂര്‍ ദര്‍ശനത്തില്‍ ഭക്തര്‍ വാങ്ങുന്ന ഈറ്റ ഇടിച്ചുപരത്തിയ ഓടപ്പൂ ഭൃഗുവിന്റെ താടിയെന്ന് ഐതിഹ്യം.)
മുതിരേരിയില്‍ വീണ വാള്‍ സൂക്ഷിച്ചിരിക്കുന്ന ക്ഷേത്രത്തില്‍നിന്ന് അത് കൊട്ടിയൂര്‍ ഉത്‌സവാരംഭത്തില്‍ എഴുന്നള്ളിക്കുന്നത് ഭയാനകമായ വേഗത്തിലും ചടുലനൃത്തചുവടകളിലുമാണ്. ഇതു തടയാന്‍ അന്നത്തെ ബ്രിട്ടീഷ് സായിപ്പിന്റെ പടയാളികള്‍ ശ്രമിച്ചിട്ട് നടന്നില്ലെന്നും അത്ര വേഗത്തിലാണ് വാള്‍ ചുഴറ്റി തെന്നിതെറിച്ചു പായുന്നതെന്നും കഥ.
ഏതായാലും ഇതിന്റെ ഒരുഭാഗവും ഒരു ഭവനത്തിലും ആരും വയ്‌ക്കാറില്ല. പക്ഷെ അപക്വമതികളായ വാസ്തുശാസ്ത്രക്കാര്‍ നടരാജ വിഗ്രഹം പൂജാമുറിയാക്കിയ ഗോവണിക്കു കീഴെ വയ്‌ക്കാന്‍ ശുപാര്‍ശ ചെയ്യുന്നു. ആ കുടുംബത്തിലെ കലഹം ഇന്നുവരെ തീര്‍ന്നിട്ടില്ല. കഷ്ടമെന്നല്ലാതെന്തു പറയാന്‍. അതുപോലെ ശ്രീചക്രപൂജ, (ചട്ടമ്പിസ്വാമികളെ വിശ്വാസമെങ്കില്‍ അദ്ദേഹം എഴുതിയതു വായിക്കണം.) വീട്ടില്‍ വയ്‌ക്കരുത്. കാരണം വേണ്ടതുപോലെ പരിചരിക്കാനാവില്ല.
പണ്ടുള്ളവരുടെ പഴയ തറവാടുകളിലെ വീടും കുളവും കിണറും തൊഴുത്തും സര്‍പ്പക്കാവും തുളസിത്തറയും പഠിക്കാനാരും തയ്യാറാകുന്നില്ല. പറഞ്ഞാല്‍ അന്ധവിശ്വാസമെന്നു പറയും. അല്ലെങ്കില്‍ തറവാടിത്തഘോഷണം എന്നാവും. നഗരങ്ങളില്‍ ഇതെങ്ങനെ നടപ്പിലാക്കുമെന്നാണ് അടുത്ത ചോദ്യം. ഒരു സെന്റീമീറ്ററിന്റെ നൂറില്‍ ഒരംശമായാല്‍ പോലും അതിന്റെ ഉടമസ്ഥന്‍ വാസ്തുപുരുഷനാണ്.
അദ്ദേഹത്തെ തൃപ്തിപ്പെടുത്താനാണ് വാസ്തുപൂജ. അത് ശാസ്ത്രീയമായി ചെയ്യണമെങ്കില്‍ അര്‍ധരാത്രിക്കു തന്നെ വേണം. അദ്ദേഹം വടക്കുകിഴക്കോട്ട് തലയും തെക്കുപടിഞ്ഞാറായി കാലുകളും വരത്തക്കവിധം മലര്‍ന്നുതന്നെ കിടക്കുന്നു.
ആചാര്യഭാവത്തിലും ഉടമസ്ഥാവകാശാധികാരത്തിലുമായതിനാല്‍ അദ്ദേഹത്തിന്റെ കാലുകളില്‍ കയറിയിരുന്ന് മലമൂത്ര വിസര്‍ജനം പാടില്ല. അതിനാല്‍ കന്നിമൂലയായ തെക്കുപടിഞ്ഞാറ് കക്കൂസ് നിര്‍മാണം ഒഴിവാക്കണം. അരയടി തെക്കോട്ടോ കിഴക്കോട്ടോ മാറിയാല്‍ കുഴപ്പമില്ല. പക്ഷെ അപക്വമതികള്‍ ഉടമസ്ഥരെക്കൊണ്ട് കക്കൂസ് പൊളിക്കുന്നു.
ക്ഷേത്രവാസ്തുവിലും നിരവധി അശാസ്ത്രീയ നിര്‍മിതികള്‍ കാണാം. ഒരു ക്ഷേത്രവാസ്തുവിലെ സംശയനിവാരണത്തിന് കമ്മറ്റിക്കാര്‍ കൊണ്ടുവന്ന പ്രസിദ്ധ കണക്കന്റെ കണക്കുകള്‍ സവിസ്തരം പരിശോധിച്ചു. മൂലഗ്രന്ഥങ്ങള്‍ വച്ച് ബോധ്യപ്പെടുത്തി. മരണചുറ്റിലാണ്. വാര്‍ധക്യത്തിലുമാണ്. ഇങ്ങനെ പണിയാന്‍ വിധിയില്ല എന്നറിയിച്ചു.
കമ്മറ്റിക്കാര്‍ അതിനെക്കാള്‍ പേരുള്ള ഒരു കണക്കനെ കാണിച്ചു. അദ്ദേഹവും ഞാന്‍ പറഞ്ഞതു ശരിവച്ചു. പക്ഷെ അദ്ദേഹം വേറെ കണക്കുണ്ടാക്കി അതുവച്ച് ചെയ്താല്‍ മതി എന്നായി. ചുരുക്കത്തില്‍ കമ്മറ്റിക്കാര്‍ അരലക്ഷത്തോളം മുടക്കി. ക്ഷേത്രനിര്‍മാണം നീങ്ങുന്നില്ല. 4 വര്‍ഷമായി. ആരൂഢം തടഞ്ഞിരിക്കുന്നു എന്നാണ് കാണുന്നത്.
(ലേഖകന്‍ ശബരിമല ശരണാശ്രമം വാസ്തു എന്‍ജിനീയറാണ്)
പ്രതികരിക്കാൻ ഇവിടെ എഴുതുക: