ന്യൂദല്‍ഹി: ചരക്ക് സേവന നികുതി (ജിഎസ്ടി) നടപ്പാക്കിയതിന് പിന്നാലെ പ്രത്യക്ഷ നികുതി നിയമവും കേന്ദ്ര സര്‍ക്കാര്‍ പരിഷ്കരിക്കുന്നു. 56 വര്‍ഷം പഴക്കമുള്ള ആദായ നികുതി, കോര്‍പ്പറേറ്റ് ടാക്സ് എന്നിവയിലുള്‍പ്പെടെ കാതലായ മാറ്റം വരുത്തി നിലവിലെ സാഹചര്യങ്ങള്‍ക്കനുസൃതമായി അടിമുടി പൊളിച്ചെഴുതാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ഇതിനായി ഉടന്‍ സമിതിയെ നിയോഗിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
പുതിയ നികുതി നിയമം ചിട്ടപ്പെടുത്തുന്നതിന് ടാസ്ക് ഫോഴ്സ് രൂപീകരിക്കുമെന്ന് ധനമന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കി. 2009ല്‍ പി.ചിദംബരത്തിന്റെ നേതൃത്വത്തിലുള്ള സമിതി ഡയറക്ട് ടാക്സ് കോഡ് രൂപീകരിച്ചെങ്കിലും നിയമമാക്കാന്‍ അന്നത്തെ കോണ്‍ഗ്രസ് സര്‍ക്കാരിന് സാധിച്ചില്ല. ചിദംബരം തയ്യാറാക്കിയ ഡയറക്ട് ടാക്സ് കോഡില്‍ നിക്ഷേപങ്ങള്‍ക്കുള്ള നികുതി ഇളവുകള്‍ ഒഴിവാക്കിയിരുന്നു. പ്രോവിഡന്ററ് ഫണ്ട്, പബ്ലിക് പ്രോവിഡന്റ് ഫണ്ട് തുടങ്ങിയ നിക്ഷേപങ്ങള്‍ പിന്‍വലിക്കുമ്പോള്‍ നികുതി ഈടാക്കണമെന്നും കമ്പനികള്‍ക്കുള്ള നികുതി ഇളവുകളില്‍ മാറ്റം വരുത്തണമെന്നും നിര്‍ദ്ദേശിച്ചിരുന്നു.
അടുത്തിടെ നികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ വാര്‍ഷിക യോഗത്തില്‍ നിയമങ്ങള്‍ കാലഹരണപ്പെട്ടതായി പ്രധാനമന്ത്രി നരേന്ദ്ര മോദി ചൂണ്ടിക്കാട്ടിയിരുന്നു. തുടര്‍ന്നാണ് ധനമന്ത്രാലയം നടപടിക്ക് തുടക്കമിട്ടത്. അടുത്ത ബജറ്റിന് മുമ്പായി പുതിയ നികുതി നിയമത്തിന്റെ കരട് തയ്യാറാക്കാനാണ് ശ്രമം. പിന്നീട് ഇത് പൊതുജനങ്ങളുടെ അഭിപ്രായത്തിനായി സമര്‍പ്പിക്കും. 2019-2020 സാമ്പത്തിക വര്‍ഷത്തിന്റെ തുടക്കത്തില്‍ അടിസ്ഥാന പ്രവര്‍ത്തികള്‍ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: