കൊല്ലം: കൊല്ലം സിവില്‍ സ്റ്റേഷന് സമുച്ചയത്തില്‍ കഴിഞ്ഞ വര്‍ഷം ജൂണ്‍ 15ന് ഉണ്ടായ ബോംബ് സ്ഫോടനത്തില്‍ പ്രത്യേക അന്വേഷണസംഘം കുറ്റപത്രം സമര്‍പ്പിച്ചു. ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ അന്വേഷണ ഉദ്യോഗസ്ഥനായ കൊല്ലം എസിപി ജോര്‍ജ് കോശി ഇന്നലെ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ നാല് പ്രതികളാണുള്ളത്. മൈസൂര്‍ സ്ഫോടനക്കേസില്‍ പ്രതിയായിട്ടുള്ള മുഹമ്മദ് അയൂബിനെ കൊല്ലം സ്ഫോടന കേസില്‍ മാപ്പുസാക്ഷിയാക്കി.
കുറ്റപത്രം 57 പേജാണ്. 86 സാക്ഷികള്‍, 112 രേഖകള്‍. ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയുടെ റിപ്പോര്‍ട്ടും അനുബന്ധമായി ചേര്‍ത്തിട്ടുണ്ട്. ബേസ് മൂവ്മെന്റ് പ്രവര്‍ത്തകരും മധുര സ്വദേശികളുമായ അബ്ബാസ് അലി(29), ഷംസുണ്‍ കരിംരാജ(24), ദാവൂദ് സുലൈമാന്‍(24), ഷംസുദ്ദീന്(26) എന്നിവരാണ് ഒന്ന് മുതല്‍ നാല് വരെ പ്രതികള്‍. യുഎപിഎ നിയമം, പിഡിപിഎസ് ആക്ട്, സ്ഫോടകവസ്തുക്കളുടെ നിര്‍മ്മാണവും പ്രയോഗവും പ്രതികള്‍ക്കെതിരെ ചുമത്തി.
സിവില്സ്റ്റേഷന് സമുച്ചയത്തില്‍ നിര്‍ത്തിയിട്ടിരുന്ന ജീപ്പിന് താഴെയായി സ്ഫോടനമുണ്ടായതില്‍ ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഒരു കേസുമായി ബന്ധപ്പെട്ട് മുന്‍സിഫ് കോടതിയിലെത്തിയ, ഡിസിസി അംഗം കൂടിയായ കുണ്ടറ പേരയം സ്വദേശി സാബു(61)വിനാണ് പരിക്കേറ്റത്. രാജ്യത്ത് മുസ്ലീങ്ങളോട് വിവേചനം കാട്ടുന്നുവെന്ന് ആരോപിച്ച് ബേസ് മൂവ്മെന്റ് എന്ന സംഘടന ആസൂത്രണം ചെയ്തതാണ് സ്ഫോടനമെന്നാണ് കുറ്റപത്രത്തില്‍. പറയുന്നത്. ഒന്നാംപ്രതി അബ്ബാസ് അലി പെയിന്ററാണ്. ദാറുള്‍ ഇസ്ലാം എന്ന പേരില്‍ ഒരു ലൈബ്രറി നടത്തുന്നതിനാല്‍ ഇയാളെ ലൈബ്രറി അബ്ബാസ് എന്നും വിളിക്കും.
ഷംസൂണ്‍ കരിംരാജ മധുര കെ പുദൂരില്‍ അഹാദ് ബ്രോയിലര്‍ ചിക്കന്ഷോപ്പ് നടത്തിവരികയാണ്. മധുരയിലെ കീലവസായില് ഹിയറിംഗ് എയ്ഡ് കമ്പനിയുടെ റിലേഷന്‍ഷിപ്പ് മാനേജരാണ് മുഹമ്മദ് അയൂബ്. മധുര നെല്‍പേട്ടയിലെ എംഎസ് ഫിഷ്മാര്‍ട്ടിലെ ജീവനക്കാരനാണ് ഷംസുദ്ദീന്. സ്ഫോടനത്തിന്റെ മുഖ്യസൂത്രധാരനായ ദാവൂദ് സുലൈമാന്‍ ഐടി വിദഗ്ദ്ധനും സോഫ്ട്വെയര് എന്‍ജിനീയറുമാണ്.
കഴിഞ്ഞ വര്‍ഷം ഏപ്രില്‍ ഏഴിനും നവംബര്‍ ഒന്നിനുമിടയ്ക്കുള്ള കാലയളവില്‍ ആന്ധ്രാപ്രദേശിലെ ചിറ്റൂര്‍, നെല്ലൂര്‍, കര്‍ണാടകയിലെ മൈസൂരു, കേരളത്തിലെ കൊല്ലം, മലപ്പുറം എന്നിവിടങ്ങളിലെ കോടതിവളപ്പുകളിലാണ് സ്ഫോടനമുണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: