കോഴഞ്ചേരി: ആറന്മുള ഉതൃട്ടാതി ജലമേളയില്‍ പള്ളിയോടങ്ങള്‍ മറിഞ്ഞത് ഏതാനും മണിക്കൂറുകള്‍ കരക്കാരെയും കായിക പ്രേമികളെയും ആശങ്കയിലാഴ്‌ത്തി. ജലഘോഷയാത്ര തുടങ്ങുന്നതിനുമുമ്പ് സ്റ്റാര്‍ട്ടിംഗ് പോയിന്റിന് സമീപം കോഴഞ്ചേരി പള്ളിയോടവും ഫിനിഷിംഗ് പോയിന്റിന് താഴെ മാലേത്ത് കടവില്‍ അയിരൂര്‍ പള്ളിയോടവും മറിഞ്ഞിരുന്നു. മറിഞ്ഞ പള്ളിയോടങ്ങള്‍ വേഗത്തില്‍ കരയ്‌ക്കടുപ്പിച്ച് വീണ്ടും തയ്യാറായി ജലഘോഷയാത്രയിലും മത്സരത്തിലും പങ്കെടുത്തു. ബി ബാച്ച് മത്സരത്തിന്റെ നാലാം ഹീറ്റ്‌സില്‍ ഫിനിഷിംഗ് പോയന്റില്‍ പുതുക്കുളങ്ങര പള്ളിയോടവും മറിഞ്ഞിരുന്നു. ഫയര്‍ ഫോഴ്‌സിന്റെയും, പള്ളിയോട സേവാസംഘത്തിന്റെയും നേതൃത്വത്തിലുള്ള രക്ഷാസംഘങ്ങള്‍ അടിയന്തിര രക്ഷാപ്രവര്‍ത്തനം നടത്തി. ഇതേ സമയത്ത് ഇടയാറന്മുള കിഴക്ക് പള്ളിയോടത്തിലെ ഒരാളെയും മറിഞ്ഞ പുതുക്കുളങ്ങര പള്ളിയോടത്തിലെ രണ്ടു പേരെയും കാണാനില്ലെന്ന വാര്‍ത്ത ഒരു മണിക്കൂറോളം ജനങ്ങളെ ആശങ്കയിലും വിഷമത്തിലാക്കി. ഇവര്‍ മൂന്നുപേരും തിരികെയെത്തിയതോടെ ആശങ്കകളും അവസാനിച്ചു.
















