ആറന്മുള: പ്രകൃതി കനിഞ്ഞ് ജലസമൃദ്ധമായ പമ്പാനദിയിലെ ഓളപ്പരപ്പില്‍ ഭഗവാന് പാര്‍ത്ഥസാരഥിയുടെ പള്ളിയോടങ്ങള്‍ ഒരുക്കിയത് മറ്റൊരു പൂരക്കാഴ്ച. തുഴച്ചിലുകാര്‍ക്കും പാട്ടുകാരും പള്ളിയോടത്തിലെ പകിട്ടാര്‍ന്ന പ്രകടനത്തിലൂടെ കാണികളുടെ മനം കവര്‍ന്നു. ആറന്മുളയുടെ പൈതൃകം വെളിപ്പെടുത്തുന്ന ശൈലിയിലൂടെ കുതിച്ചുപാഞ്ഞ പള്ളിയോടങ്ങള്‍ ആസ്വാദകരുടെ മനസ്സിനെ കീറി മുറിച്ച് മുന്നേറി.
മുന്‍ കാലങ്ങളെപ്പോലെ എല്ലാ പള്ളിയോടങ്ങളിലും ശക്തമായ സുരക്ഷാസംവിധാനങ്ങളാണ് ഏര്‍പ്പെടുത്തിയിരുന്നത്. മത്സര വള്ളംകളിയില്‍ ബി ബാച്ചില്‍ പൂവത്തൂര്‍ കിഴക്ക് പള്ളിയോടം(4.58.2 മിനിട്ട്) മന്നം ട്രോഫി നേടി. രണ്ടാമതെത്തിയ വന്മഴി (5.23.8 മിനിട്ട്) പള്ളിയോടത്തിന് ഉത്രാടം തിരുനാള്‍ ട്രോഫിയും ലഭിച്ചു. ഇടപ്പാവൂര്‍ പളളിയോടം (5.24.6 മിനിട്ട്) മൂന്നാം സ്ഥാനവും ഇടക്കുളം (5.25.5 മിനിട്ട്) നാലാം സ്ഥാനവും നേടി.
പ്രകൃതി കനിഞ്ഞരുളി നല്കിയ അവസരം പ്രയോജനപ്പെടുത്താന്‍ കഴിയാതിരുന്നത് ആറന്മുള ഉതൃട്ടാതി മേളയുടെ ശോഭ കെടുത്തി. വര്‍ഷങ്ങള്‍ക്ക് ശേഷം വാട്ടര്‍ സ്റ്റേഡിയത്തില്‍ ആവശ്യത്തിന് വെള്ളം ഉണ്ടായത് അുഗ്രഹമായിയെങ്കിലും അവസാനഘട്ടത്തിലെ പാകപ്പിഴമൂലം മത്സരം പൂര്‍ണ്ണമാക്കാന്‍ കഴിഞ്ഞില്ല.
എ, ബി. ബാച്ചുകളിലെ ഒന്നാം പാദമത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം ഫൈനല്‍ മത്സരങ്ങള്‍ ആരംഭിച്ചില്ല. ആദ്യ ബി ബാച്ചിന്റെ മത്സരങ്ങള്‍ പൂര്‍ത്തിയായി എന്നാല്‍ എ ബാച്ച് മത്സരത്തില്‍ സ്റ്റാര്‍ട്ടിംഗ് പോയന്റില്‍ നിന്നും ആരംഭിച്ച് മൂന്ന് പള്ളിയോടങ്ങള്‍ ആവേശപൂര്‍വ്വം തുഴഞ്ഞ് ഫിനിഷിംഗ് പോയന്റിലെത്തി. എന്നാല്‍ ഒരു പള്ളിയോടം എത്താതിരുന്നത് പ്രശ്നങ്ങള്‍ക്ക് കാരണമായി. മല്ലപ്പുഴശ്ശേരി, മാലക്കര, ഇടയാറന്മുള, മാരാമണ്‍ എന്നീ പള്ളിയോടങ്ങളായിരുന്നു കുറഞ്ഞ സമയത്തില്‍ തുഴഞ്ഞെത്തി എ ബാച്ചിലെ ഫൈനലില്‍ പ്രവേശിച്ചത്. ഇതില്‍ ഇടയാറന്മുളയാണ് ഫിനിഷിംഗ് പോയന്റില്‍ എത്താതിരുന്നത്.
സ്റ്റാര്‍ട്ടിംഗ് പോയന്റില്‍ നിന്നും പള്ളിയോടങ്ങള്‍ പുറപ്പെടാന്‍ സിഗ്നല്‍ നല്‍കുന്നതിന് മുമ്പു തന്നെ മൂന്ന് പള്ളിയോടങ്ങള്‍ പുറപ്പെട്ടുവെന്ന് ഇടയാറന്മുളക്കാര് റെയ്സ് കമ്മറ്റിക്ക് പരാതി നല്കി. അന്വേഷണങ്ങള്‍ ശരിയാണെന്ന് വ്യക്തമായതോടെയാണ് ഫൈനല്‍ മത്സരം റദ്ദാക്കാന്‍ പള്ളിയോട സേവാസംഘം തീരുമാനിച്ചത്.
വീണ്ടും ഫൈനല്‍ മത്സരം നടത്താമെന്ന് പള്ളിയോട സേവാസംഘം നിര്‍ദ്ദേശിച്ചെങ്കിലും ആദ്യം തുഴഞ്ഞെത്തിയകരക്കാര് അതംഗീകരിച്ചില്ല. ഏറെ നേരത്തെ വാദപ്രതിവാദങ്ങള്‍ക്കും ആലോചനകള്‍ക്കും ശേഷം എ ബാച്ചിന്റെ ഫൈനല്‍ മത്സരങ്ങള്‍ ഉപേക്ഷിച്ചതായി പള്ളിയോട സേവാസംഘം പ്രസിഡന്റ് ഡെ. കെ.ജി. ശശിധരന് പിള്ള അറിയിച്ചു. ഇതോടെ ബി വിഭാഗത്തില്‍ ജയിച്ച പള്ളിയോടങ്ങള്‍ക്ക് സമ്മാനങ്ങള്‍ നല്കി സമ്മേളനം അവസാനിപ്പിച്ചു. ഏറെ അനുകൂല ഘടകങ്ങളുമായി ആരംഭിച്ച ജലമേളയുടെ ശോഭ കെടാന്‍ ഇത് കാരണമായി.
എ. ബാച്ചില്‍ നിയമം ലംഘിച്ച് തുഴച്ചില്‍ നടത്തിയതിന് നെടുംപ്രയാര്‍ പള്ളിയോടത്തെയും അയോഗ്യരാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: