കണ്ണൂര്‍: ബന്ധുക്കള്‍ തിരിഞ്ഞുനോക്കാതെ പുഴുവരിച്ച നിലയില്‍ കണ്ടെത്തിയ വയോധികനെയും പ്രായാധിക്യമുള്ള ഉമ്മയെയും തിരിഞ്ഞുനോക്കാത്ത മക്കള്‍ക്കെതിരെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് കേസെടുത്തു. ഇവര്‍ നേരിടുന്ന ദുരവസ്ഥയെ കുറിച്ച് ആര്‍ഡിഒയും ജില്ലാ സാമൂഹ്യനീതി ഓഫീസറും വിശദീകരണം സമര്‍പ്പിക്കണമെന്നും സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് ആവശ്യപ്പെട്ടു.
കണ്ണൂര്‍ പെടയങ്ങാട് പള്ളിക്ക് സമീപം കിണാക്കകല് വയല്‍ പാത്ത് മാമുവും ഉമ്മയുമാണ് ഉപേക്ഷിക്കപ്പെട്ട നിലയിലുള്ളത്. ആര്‍ഡിഒയും സാമൂഹ്യനീതി ഓഫീസറും മൂന്നാഴ്ചക്കകം വിശദീകരണം നല്‍കണമെന്ന് കമ്മീഷന് ആക്റ്റിംഗ് അദ്ധ്യക്ഷന്‍ പി.മോഹനദാസ് ആവശ്യപ്പെട്ടു. കേസ് ഒക്ടോബറില്‍ കണ്ണൂരില്‍ നടക്കുന്ന സിറ്റിംഗില്‍ പരിഗണിക്കും.
കോഴിയെവിറ്റ് ഉപജീവനം നടത്തിയിരുന്ന മാമു മാസങ്ങളായി നട്ടെല്ലൊടിഞ്ഞ് ചികിത്സയിലായിരുന്നു. മംഗലാപുരത്തെ ആശുപത്രിയില്‍ നിന്നും ചികിത്സക്ക് ശേഷം നാട്ടിലെത്തിയ മാമുവിനെ ആരും തിരിഞ്ഞു നോക്കുന്നില്ല. അപസ്മാര രോഗിയായ മാമു വിവാഹബന്ധം വേര്‍പെടുത്തിയിരുന്നു. പ്രായാധിക്യമുള്ള ഉമ്മക്ക് സ്വന്തം കാര്യം നോക്കാന്‍ പോലും പ്രാപ്തിയില്ല. ചികിത്സക്കുള്ള സാമ്പത്തിശേഷിയുമില്ല.
ഉമ്മ കുല്സമ്മക്ക് 4 ആണ്മക്കളും ഒരു മകളുമുണ്ട്. മൂത്തമകനാണ് മാമു. മറ്റ് മക്കള്‍ക്ക് ജോലിയുണ്ട്. ഇവര്‍ക്ക് ഭേദപ്പെട്ട സാമ്പത്തിക സ്ഥിതിയുമുണ്ട്. എന്നാല്‍ ഇവരാരും ഉമ്മയെയും സഹോദരനെയും നോക്കാന്‍ തയ്യാറല്ല. ഇരിക്കൂര്‍ പെടയങ്ങോട് ശിഹാബ് തങ്ങള്‍ റിലീഫ്സെല്‍ പ്രവര്‍ത്തകരാണ് മാമുവിനെ പരിചരിക്കുന്നത്. ഉമ്മയെയും സഹോദരനെയും ഉപേക്ഷിച്ച മക്കള്‍ക്കെതിരെ നടപടിയെടുക്കണമെന്ന് റിലീഫ് സെല്‍ പ്രസിഡന്റ് കമ്മീഷനില്‍ സമര്‍പ്പിച്ച പരാതിയില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: