കോഴഞ്ചേരി: മദ്ധ്യതിരുവിതാംകൂറിലെ പ്രധാന ആഘോഷമായ ആറന്മുള ഉതൃട്ടാതി ജലമേള ഇന്ന് നടക്കാനിരിക്കെ ഇവിടേക്കുള്ള റോഡുകള്‍ മിക്കതും തകര്‍ച്ചയിലാണ്. ആറന്മുളയിലേക്കുള്ള പ്രധാന പാതകളെല്ലാം ഓണത്തിന് മുമ്പു തന്നെ ഗതാഗത യോഗ്യമാക്കുമെന്ന് മന്ത്രിയുടെയും ജില്ലാ കലക്ടറുടെയും നേതൃത്വത്തില്‍ നടന്ന അവലോകന യോഗത്തില്‍ ബന്ധപ്പെട്ട ഉദ്യോഗ്സ്ഥര്‍ ഉറപ്പുനല്‍കിയിരുന്നതാണ്.
എന്നാല്‍ ജലമേള ദിനമായിട്ടും റോഡുകളുടെ സ്ഥിതി പഴയതിലും മോശമാകുകയാണുണ്ടായത്. തുടര്‍ച്ചയായ പെയ്യുന്ന മഴമൂലം ചെറിയ കുഴികളെല്ലാം തന്നെ വലുതാകുകയും ഇവിടെല്ലാം വെള്ളംകെട്ടികിടന്ന് അപകടസാദ്ധ്യത വര്‍ദ്ധിച്ചിരിക്കുകയാണ്. ചിലയിടങ്ങളില്‍ പഞ്ചര്‍ ഒട്ടിക്കല്‍ പ്രയോഗിച്ചെങ്കിലും ഇതും ഫലം കണ്ടില്ല. മന്ത്രിമാര്‍, മുഖ്യമന്ത്രി, കേന്ദ്ര മന്ത്രി തുടങ്ങിയവര്‍ യാത്ര ചെയ്യുന്ന റോഡുകള്‍ മുന്‍ കാലങ്ങളില്‍ അറ്റകുറ്റപ്പണി നടത്തിയിരുന്നെങ്കില്‍ ഈ വര്‍ഷം അതും ഉണ്ടായിട്ടില്ല.
പന്തളം ഇലവുംതിട്ട, പന്തളം ആറന്മുള , ചെട്ടിമുക്ക് പൂവത്തൂര്‍ തുടങ്ങിയ റോഡുകളുടെ സ്ഥിതിയെല്ലാം തികച്ചും പരിതാപകരമാണ്. കോഴഞ്ചേരി കോളേജ് ജംഗ്ഷന്പഴയ തെരുവ് വണ്‍വേ റോഡില്‍ മുച്ചക്ക്ര ഇരുചക്രവാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ കഴിയാത്ത രൂപത്തിലായിരിക്കുകയാണ്. മഴമൂലം വെള്ളംകിടക്കുന്നത് കാരണം റോഡിലെ കുഴികള്‍ മനസ്സിലാകുന്നതിനും കഴിയുന്നില്ല. ഇലവുംതിട്ട കോഴഞ്ചേരി റോഡ് മിക്കയിടവും തകര്‍ന്നിട്ടുണ്ട്. തിരുവനന്തപുരം ,കൊല്ലം ജില്ലകളില്‍ നിന്നും വരുന്നവര്‍ ധാരാളമായി ഉപയോഗിക്കുന്ന പാതയാണിത്. പുന്നയ്ക്കാട്, കര്‍ത്തവ്യം, പന്നിവേലിച്ചിറ എന്നിവിടങ്ങളിലെല്ലാം വലിയ കുഴികള്‍ തന്നെ രൂപപ്പെട്ടിട്ടുണ്ട്.
ഇലന്തൂര്‍ വെട്ടിക്കല്‍ പാലത്തിന് സമീപം റോഡ് മുറിഞ്ഞ അവസ്ഥയിലാണ്. ഇത്തരത്തില്‍ റോഡുകള്‍ മിക്കതും തകര്‍ന്നത് കഴിഞ്ഞ ദിവസം എഡിഎമ്മിന്റെ നേതൃത്വത്തില്‍ നടന്ന അവലോകന യോഗത്തിലും ജനപ്രതിനിധികളും , പള്ളിയോട സേവാസംഘം ഭാരവാഹികളും ഉന്നയിച്ചിരുന്നു. അടിയന്തിരമായി റോഡുകള്‍ നന്നാക്കുമെന്നാണ് പിഡബ്ല്യുഡി അധികൃതര്‍ നല്കിയ മറുപടിയെങ്കിലും ഇപ്പോഴും റോഡുകളുടെ ദുരവസ്ഥയ്ക്ക് മാറ്റമുണ്ടായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: