ന്യൂദല്‍ഹി: മെഡിക്കല്‍ പ്രവേശനത്തിന് അനുമതി നിഷേധിച്ചതിനെതിരെ തൊടുപുഴ അല്‍ അസര്‍, ഡി.എം. വയനാട്, അടൂര്‍ മൗണ്ട് സിയോണ്‍ മെഡിക്കല്‍ കോളജുകള്‍ നല്കിയ റിട്ട് ഹര്‍ജി സുപ്രീംകോടതി വെള്ളിയാഴ്ച പരിഗണിക്കും.
അല്‍ അസറിന് പ്രവേശനം നടത്താന്‍ ഹൈക്കോടതി നല്കിയ ഇടക്കാല അനുമതി സുപ്രീംകോടതി കഴിഞ്ഞ ദിവസം റദ്ദാക്കിയിരുന്നു. മറ്റു രണ്ടു കോളജുകള്‍ക്ക് ഹൈക്കോടതി നല്കിയ അനുമതിയും ബുധനാഴ്ച സുപ്രീംകോടതി റദ്ദാക്കി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചിന്റേതാണ് നടപടി.
ഹൈക്കോടതി ഉത്തരവ് റദ്ദാക്കുന്നതായും കോളജുകള്‍ക്ക് റിട്ട് ഹര്‍ജി നല്‍കാമെന്നും സുപ്രീംകോടതിയുടെ ഉത്തരവില്‍ വ്യക്തമാക്കി. ഇതേ തുടര്‍ന്നാണ് മൂന്ന് കോളജുകളും ഹര്‍ജി ഫയല്‍ ചെയ്തത്.
കോളജുകള്‍ക്ക് പ്രവേശനാനുമതി നല്കിയ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിനെതിരെ മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയാണ് സുപ്രീംകോടതിയെ സമീപിച്ചത്. ഇടക്കാല ഉത്തരവിലൂടെ പ്രവേശനം നല്കാന് സുപ്രീംകോടതിക്ക് മാത്രമാണ് അധികാരമെന്ന് എംസിഐ വാദിച്ചു. ഈ സാഹചര്യത്തില്‍ ഹൈക്കോടതിയിലെ ഹര്‍ജി പിന്‍വലിക്കാന്‍ കോളജുകള്‍ തയ്യാറാവുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: