കമ്പളക്കാട്: കമ്പളക്കാട് പോലീസ് സ്റ്റേഷന് പരിധിയില്‍വരുന്ന കണിയാമ്പറ്റ, കമ്പളക്കാട്, മില്ലുമുക്ക്, ഭാഗങ്ങളിലെ അനധികൃത പാര്‍ക്കിംഗ് വിവാദത്തില്‍. ടൗണുകളില്‍ തലങ്ങുംവിലങ്ങും വാഹനങ്ങള്‍ പാര്ക്കുചെയ്യുന്നതുവഴി ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങള്‍ക്ക് പ്രധാന നിരത്തിലൂടെ സഞ്ചരിക്കാന്‍ പറ്റാത്ത അവസ്ഥയായി. കമ്പളക്കാട് ടൗണില്‍ വാഹനങ്ങള്‍ തട്ടാതെയും മുട്ടാതെയും പോകുന്ന ദിവസങ്ങള്‍ ഇല്ലെന്നായി. കെഎസ്ആര്‍ടിസിയുടെ സൈഡ് കണ്ണാടികളും സ്വകാര്യ കാറുകളുടെ കണ്ണാടികളും വാഹനങ്ങള്‍ തട്ടി പൊട്ടുന്നത് ഇവിടെ സ്ഥിരമായിരിക്കുകയാണ്.
ഗ്രാമപഞ്ചായത്ത് പാര്‍ക്കിംഗിന് മാനദണ്ഡങ്ങള്‍ വെച്ചെങ്കിലും ഇതൊന്നും ആരും പാലിക്കാറില്ല. എന്നാല്‍ പോലീസാകട്ടെ തങ്ങള്‍ക്ക് തോന്നുന്ന മാതിരിയാണ് പെരുമാറുന്നത്. പള്ളിമുക്കില്‍ ഡിവൈഡറുകള്വെച്ച് അപകടം ക്ഷണിച്ചുവരുത്തുകയാണ്. ഇടത്തോട്ടെടുക്കുന്ന ബസ്സുകള്‍ പലതും തൊട്ടടുത്ത മാവില്‍ തട്ടിയാണ് പോവുക. മാവില്‍ പലപ്പോഴായി ഉരഞ്ഞ് അടയാളങ്ങള്‍ രൂപപ്പെട്ടു.
കണിയാമ്പറ്റ ടൗണിലാകട്ടെ സ്കൂളിന്റെ പേരിലാണ് ഡിവൈഡറുകള്‍ സ്ഥാപിച്ചിരിക്കുന്നത്. അവധിദിവസങ്ങളില്‍പോലും ഇത് മാറ്റാറില്ല. മടക്കിമലയില്‍ അപകടത്തിന്റെ പേരില്‍ സ്ഥാപിച്ച വരമ്പുകളാണ് അപകടങ്ങള്‍ ക്ഷണിച്ചുവരുത്തുന്നത്. മുമ്പില്‍ പോകുന്ന വാഹനങ്ങള്‍ ബ്രേക്കിടുന്നതോടെ പുറകിലെ വാഹനങ്ങള്‍ വന്നിടിക്കുന്നത് സ്വാഭാവികം. കെഎസ്ആര്‍ടിസി ബസ്സുകളാകട്ടെ വരമ്പുകളൊന്നും തങ്ങള്‍ക്ക് ബാധകമല്ലെന്ന രീതിയിലാണ് പോകുന്നത്. അപകടങ്ങള്‍ കുറയ്ക്കാനെന്ന പേരില്‍ സ്ഥാപിച്ച വരമ്പുകള്‍ ധാരാളം അപകടങ്ങള്‍ വരുത്തുന്നു. പോലീസിന്റെ നിഷ്ക്രിയ സമീപനങ്ങളാണ് അപകടങ്ങള്‍ ക്ഷണിച്ചുവരുത്തുന്നതെന്നാണ് പൊതുവെയുള്ള ആക്ഷേപം. മൂന്ന് കിലോമീറ്ററിനുള്ളില്‍ രണ്ട് ഡിവൈഡറും അടുത്തടുത്തായി രണ്ടിടങ്ങളില്‍ വരമ്പുകളുമാണ് സ്ഥാപിച്ചിരിക്കുന്നത്.
ഇതിനിടിയിലാണ് കമ്പളക്കാട് ടൗണില്‍ കഴിഞ്ഞദിവസമുണ്ടായ പാര്‍ക്കിങ് വിവാദങ്ങള്‍. ടൗണിലെ പാര്‍ക്കിങ് വിവാദത്തില്‍ പൊലീസ് അന്യായമായി പ്രതിചേര്‍ത്ത് മാനസികമായും ശാരീരികമായും പീഡിപ്പിക്കുകയാണെന്ന് കാണിച്ച് മനൃഷ്യാവകാശ കമ്മീഷനും മുഖ്യമന്ത്രിക്കും പരാതി നല്‍കുമെന്ന് അഷ്റഫ് പഞ്ചാര പത്രസമ്മേളനത്തില്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: