കേരളത്തിന്റെ തനതായ ആഘോഷം എന്ന നിലയില്‍ ഓണവും ഓണസങ്കല്പ്പവും നാം സ്വാംശീകരിച്ചു കഴിഞ്ഞിട്ട് നൂറ്റാണ്ടുകളായിരിക്കുന്നു. ഓണത്തിന്റെ ആഗമത്തെക്കുറിച്ച് ഇന്നും ചരിത്രകാരന്മാര്ക്കും സാധാരണ മനുഷ്യര്‍ക്കും വിവിധങ്ങളായ അഭിപ്രായങ്ങളും നിഗമനങ്ങളും കാണാവുന്നതാണു. ഇത്രയും കാലം കഴിഞ്ഞിട്ടും ഓണത്തിന്റെ പ്രാദുര്‍ഭാവത്തെക്കുറിച്ച് കൃത്യവും ശുദ്ധവുമായ ഒരു നിഗമനത്തില്‍ എത്തിച്ചേരാനാവാതെ നാം കുഴങ്ങുന്നുത് അതിന്റെ പൗരാണികത തന്നെയാണു.
തൃക്കാക്കര ക്ഷേത്രവും അതിനോടനുബന്ധിച്ചുള്ള കഥകളും തന്നെയാണു ഓണസങ്കല്‍പ്പത്തിന്റെ ആധാരശില. അവിടെ ‘മാവേലി’ എന്നും ‘മഹാബലി’ എന്നുമുള്ള പാത്രസൃഷ്ടികളും വാമന മൂര്‍ത്തിയുടെ അവതാരനിയോഗവുമെല്ലാമാണു ഓണത്തിന്റെ അടിസ്ഥാന സങ്കല്പ്പങ്ങളായി നിലനില്‍ക്കുന്നത്. തൃക്കാക്കരയെ സംബന്ധിച്ച് പഴയകാല ശൈവാരാധനയുടേയും പില്ക്കാല വൈഷ്ണാവാരാധനയുടേയും സൂചകങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നുമുണ്ട്. എന്നാല്‍, മാറാതെ നില്ക്കുന്ന ഒരു വസ്തുത, കേരളത്തില്‍ ഉടലെടുത്തതായ ആചാരങ്ങള്‍ക്കും ഉല്‍സവങ്ങള്‍ക്കും ആഘോഷങ്ങള്‍ക്കുമൊക്കെ കാരണഭൂതമായ ഒരു ആധ്യാത്മിക പരിസരം ഉണ്ടാവുമെന്നതാണു.
ദൈവീകമായ ഒരു സാന്നിധ്യത്തെ മാറ്റിനിര്‍ത്തി നമ്മുടെ ആഘോഷങ്ങള്‍ക്ക് നിലനില്‍പ്പില്ല. അതിന്റെ ഏറ്റവും വലിയ തെളിവാണു ഓണവും ഓണാഘോഷവും. ഇതു പുതിയകാലത്തിന്റെ സൃഷ്ടിയല്ല, മറിച്ച് ചിരപുരാതനമായ നമ്മുടെ ധര്‍മസങ്കല്‍പ്പത്തിന്റെ ശക്തിയും സമ്പത്തുമാണു. ഉദാഹരണത്തിനു കേരളം മതേതരമെന്നു കരുതി കൊണ്ടാടുന്ന തൃശൂര്‍ പൂരം, ശാസ്താക്കന്മാരുടേയും ദേവിമാരുടേയും സമ്മേളനമാണു. തികച്ചും ഹൈന്ദവമായ ആരാധനയെ ചുവടുപിടിച്ചാണു കേരളത്തില്‍ സെമിറ്റിക് മതങ്ങള്‍പോലും തങ്ങളുടെ ആരാധനാരീതി തയ്യാര്‍ ചെയ്തിട്ടുള്ളത്. ഉറൂസിലെ ആനയെഴുന്നള്ളത്തും പള്ളി മുറ്റത്തെ കൊടിമരവും എല്ലാം ഇതിനുദാഹരണം.
ഓണസങ്കല്പ്പത്തെക്കുറിച്ച് മലയാളികളുടെയിടയില്‍ പറഞ്ഞു പ്രചരിപ്പിച്ച കഥകളിലെല്ലാം പ്രതിലോമകരമായ നിലപാടുണ്ടായിരുന്നു. അതിനുകാരണം ഇവിടെയുണ്ടായ ഭരണവര്‍ഗങ്ങളും അക്കാദമിക ബുദ്ധിജീവികളും എക്കാലവും ഹിന്ദു വിരോധികളായി നിലകൊണ്ടിരുന്നു എന്നതാണു. കേരളചരിത്രം കെട്ടുകഥകളാല്‍ സമ്പന്നമാണെന്നതാണു അതിനു പറയുന്ന മറ്റൊരു കാരണം. സെന്റ് തോമസ് കേരളത്തില്‍ വന്നു എന്നു പ്രചരിപ്പിക്കുന്നതു പോലെയുള്ള മറ്റൊരു പ്രചാരമാണു, ചേരമാന്‍ പെരുമാള്‍ ഇസ്ലാം മതം സ്വീകരിച്ച് മക്കത്തു പോയി എന്നും അതിന്റെ ഓര്‍മയ്ക്കാണു കേരളത്തില്‍ ഓണാഘോഷം തുടങ്ങിയതെന്നും. ഈ കള്ളക്കഥ അടുത്തകാലത്ത് പ്രചരിപ്പിച്ചത് മലയാളത്തിലെ ഒരു പ്രമുഖ ദിനപത്രത്തിലൂടെയാണു.
കേരളത്തില്‍ പ്രലോഭിപ്പിച്ചും ഭീഷണിയിലൂടെയും പ്രേമം നടിച്ചും ഇസ്ലാം മത പരിവര്‍ത്തന വാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തിലാണു ചേരമാന്‍ പെരുമാള്‍ ഇസ്ലാം മതം സ്വീകരിച്ച് മക്കത്തേക്കു പോയി എന്ന വാര്‍ത്തയ്ക്ക് പ്രചാരം കൊടുക്കുന്നത്. ഈ കഥ ചരിത്രമാണോ? ഏതെങ്കിലും ചരിത്രകാരന്മാര് ഈ കഥയെ അംഗീകരിച്ചിട്ടുണ്ടോ? ചേരമാന്‍ പെരുമാള്‍ മതംമാറി മക്കത്തുപോയി എന്ന അബദ്ധകഥനത്തിനു എന്തെങ്കിലും അടിസ്ഥാനമുണ്ടോ?
ഒന്നാമതായി, ചേരമാന്‍ പെരുമാള്‍ മതംമാറി എന്ന കഥ ആദ്യമായി നാം കാണുന്നത് ‘കേരളോല്‍പ്പത്തി’ ഗ്രന്ഥവരിയിലാണു. കേരള ചരിത്രമെന്ന നിലയില്‍ എഴുതപ്പെട്ട കാര്യങ്ങളാണു ഈ ഗ്രന്ഥത്തില്‍ പ്രതിപാദിക്കുന്നത്. പരശുരാമന് മഴുവെറിഞ്ഞാണു കേരളം ഉണ്ടാക്കിയതെന്നും തുടര്‍ന്നുള്ള ബ്രാഹ്മണാഗമനവും 64 നമ്പൂതിരി ഗ്രാമങ്ങളുടെ സ്ഥാപനവും അന്യദേശത്തുനിന്നും രാജക്കാന്മാരെ കൊണ്ടുവന്നു പെരുമാക്കന്മാരായി വാഴിക്കുന്നതുമെല്ലാമാണു കേരളോല്‍പ്പത്തിയിലെ ഇതിവൃത്തം. ഇതില്‍ പെരുമാക്കന്മാരുടെ കഥ വിശദീകരിക്കുന്നിടത്താണു ഒടുവിലത്തെ ചേരമാന്‍ പെരുമാള്‍ ഇസ്ലാം മതം സ്വീകരിച്ച് മക്കത്തേക്ക് പോയി എന്ന പ്രസ്താവനയുള്ളത്.
ഇസ്ലാം മതം സ്വീകരിക്കാന്‍ നിശ്ചയിച്ച ചേരമാന്‍ പെരുമാള്‍ തന്റെ രാജ്യം വേണ്ടപ്പെട്ടവര്‍ക്ക് പകുത്തു കൊടുക്കുന്നു. അതിനുശേഷം മുസ്ലിം സഞ്ചാരികളോടൊപ്പം മക്കത്തേക്കു പുറപ്പെട്ട് പ്രവാചകനായ മുഹമ്മദ് നബിയെ കണ്ട് മാര്ഗംകൂടുന്നു. ഇതിനെക്കുറിച്ച് കേരളോല്‍പ്പത്തി പറയുന്നു: ”ഇങ്ങിനെ എല്ലാം കല്പിച്ച് തിരുനാവായി മണല്‍പ്പുറത്തു നിന്ന് തിരുവഞ്ചക്കുളത്തിന്നു വേദക്കാരരെ കപ്പലില്‍ നിന്ന് കരെക്കെത്തിച്ച് അശുവിന്നു എഴുന്നെള്ളുവാന്‍ കൊടുങ്ങല്ലൂര്‍ കോയില്‍ എഴുന്നെള്ളുകയും ചെയ്ത് വേദക്കാരുമായി ഒക്കത്തക്ക കപ്പലില്‍ കരേറി ചേരമാന്‍ പെരുമാള്‍ മക്കത്തിന്നു എഴുന്നെള്ളുകയും ചെയ്തു. ചേരമാന്‍ ദേശപ്രാപ്യഃ എന്ന കലി ക്രിസ്താബ്ദം 355. മാപ്പിളമാര്‍ പറയുന്ന പഴമ കേട്ടാലും: ചേരമാന്‍ പെരുമാള്‍ കൊടുങ്ങല്ലൂര്‍ തുറമുഖത്തു നിന്നു കപ്പലില്‍ ഗൂഢമായി കയറി (ഈ പ്രയോഗം പ്രത്യേകം ശ്രദ്ധിക്കണം) കൊയിലാണ്ടി കൊല്ലത്തിന്റെ തൂക്കില്‍ ഒരു ദിവസം പാര്‍ത്തു. പിറ്റെ ദിവസം ധര്‍മപട്ടണത്ത് എത്തി മൂന്ന് ദിവസം പാര്‍ത്തു.
ധര്‍മപട്ടണത്ത് കോവിലകം രക്ഷിപ്പാന്‍ താമൂതിരിയെ എല്പ്പിച്ച് കപ്പലില്‍ കയറി പോയതിന്റെ ശേഷം കൊടുങ്ങല്ലൂര്‍ നിന്ന് കപ്പല്ക്കാരും മറ്റും പോയി പെരുമാള്‍ കയറിയ കപ്പല്ക്കാരുമായി വളരെ യുദ്ധമുണ്ടായി പിടികൂടാതെ സെഹര്മുക്കലുഹ എന്ന വന്തരില്‍ ചെന്നിറങ്ങുകയും ചെയ്തു. അപ്പോള്‍ മഹമ്മദ്നബി വിജിദ്ധ എന്ന നാട്ടില്‍ പാര്‍ത്തു വരുന്നു, അവിടെ ചെന്നു തങ്ങളില്‍ കണ്ടു മാര്‍ഗം വിശ്വ്വസിച്ച് താജുദ്ദീന് എന്ന പേരുമായി മാലിക്ക ഹബിബദീനാറെന്ന അറബില്‍ രാജാവിന്റെ പെങ്ങളായ റജിയത്ത എന്നവളെ കെട്ടി അഞ്ച് വര്‍ഷം പാര്‍ത്തതിനുശേഷം മേല്‍ പറഞ്ഞ രാജാവും മക്കള്‍ പതിനഞ്ചും പെരുമാളും കൂടി സെഹര്‍ മുക്ക? എന്ന നാട്ടില്‍ വന്ന് വിശാലമായ വീടും പള്ളിയും ഉണ്ടാക്കി സുഖേന പാര്‍ത്തു വരുമ്പോള്‍ മലയാളത്തില്‍ വന്ന് ദീന് നടത്തേണ്ടതിന്നു യാത്ര ഭാവിച്ചു ഒരുങ്ങി ഇരിക്കുമ്പോള്‍ ശീതപ്പനി പിടിച്ചു വലഞ്ഞതിന്റെ അനന്തരം, മലയാളത്തിലെ രാജാക്കന്മാര്ക്ക് കത്തുകളോടും കൂടി പറഞ്ഞ രാജവെ, പുത്രരോടും കൂട പുറപ്പെടീച്ചതിന്റെ ശേഷം താജുദ്ദീന് കഴിഞ്ഞു താനുണ്ടാക്കിയ പള്ളിയില്‍ തന്നെ മറ ചെയ്കയും ചെയ്തു. പെരുമാളുമായി കാണുമ്പോള്‍ നെവിക്ക് (നബി) 57 വയസ്സുണ്ടായിരുന്നു”. (അവലംബം: കേരളോല്‍പ്പത്തി)
ഇതാണു ചേരമാന്‍ പെരുമാളിന്റെ മക്കത്തേക്കുള്ള യാത്രയും മതംമാറ്റവും പ്രതിപാദിക്കുന്ന കേരളോല്‍പ്പത്തിയിലെ ഭാഗം. ഇതു ഒറ്റവായനയില്‍ തന്നെ ചരിത്രമറിയാത്ത ഏതോ ശപ്പന്റെ ഭാവനാ വിലാസമാണെന്ന് തെളിയുന്നത്, നബിയും ചേരമാന്‍ പെരുമാളുമായുള്ള കൂടിക്കാഴ്ചയാണു. കേരളോല്‍പ്പത്തി പ്രകാരം ചെരമാന്‍ പെരുമാള്‍ മക്കത്തേക്കു പോകുന്നത് ഏ. ഡി. 355ലാണു. എന്നാല്‍ മുഹമ്മദ് നബി ജനിക്കുന്നത് ഏ. ഡി 571ലാണു! കണക്കുപ്രകാരം 216 വര്‍ഷത്തെ അന്തരം കാണാം. എന്നുമാത്രമല്ല, പെരുമാള്‍ നബിയെ സന്ധിക്കുമ്പോള്‍ അദ്ദേഹത്തിനു 57 വയസ്സും ഉണ്ടായിരുന്നുപോല്! ഒറ്റവായനയില്‍ തന്നെ അപഭ്രംശം വന്ന ചിന്തയുടെ മലീമസമായ ഭാവനവിലാസം എന്നേ ഈ കഥയെക്കുറിച്ചു പരാമര്ശിക്കാനുള്ളു.
ചേരമാന്‍ പെരുമാളിന്റെ ഇസ്ലാംമതംമാറ്റവും മക്കത്തെ യാത്രയും നബിയെ കാണുന്നതുമെല്ലാം ശക്തിയുക്തം ആദ്യമായി തള്ളിക്കളയുന്നത് പൊന്നാനിക്കാരനായ ഒരു ഇസ്ലാം ആണെന്നതാണു ഏറ്റവും വലിയ പ്രത്യേകത. ഇസ്ലാം പണ്ഡിതനും ചരിത്രകാരനും കേരളത്തില്‍ പോര്‍ച്ചുഗീസ് ആധിപത്യകാലത്ത് ജീവിച്ചിരിക്കുകയും ചെയ്ത ശൈഖ് സൈനുദ്ദീനാണു ചേരമാന്‍ പെരുമാള്‍ മതംമാറ്റക്കഥ കെട്ടുകഥയാണെന്ന് ആദ്യം സ്ഥാപിക്കുന്നത്. അദ്ദേഹം എഴുതിയ ‘തുഹ്ഫത്തുല്‍ മുജാഹിദീന്‍’ എന്ന ചരിത്ര ഗ്രന്ഥത്തിലാണു ഈ കഥയും അതിന്റെ നിരാകരണവും കൊടുത്തിരിക്കുന്നത്. ചേരമാന്‍ പെരുമാള്‍ ആരുമറിയാതെ വളരെ രഹസ്യമായാണു കൊടുങ്ങല്ലൂരില്‍ നിന്ന് മക്കത്തേക്ക് പുറപ്പെടുന്നത് എന്നാണു ശൈഖ് സൈനുദ്ദീന്‍ എഴുതുന്നത്. എന്നുപറഞ്ഞാല്‍ സ്വാഭാവികമായും പെരുമാള്‍ എങ്ങോട്ടാണു പോയതെന്നോ, എന്തിനാണു പോയതെന്നോ ജനങ്ങള്‍ക്ക് അറിയാമായിരുന്നില്ല. ആയതുകൊണ്ട് തന്നെ പെരുമാളിന്റെ മക്കത്തേക്കുള്ള യാത്രയുടെ സ്മരണയുടെ പേരില്‍ എങ്ങനെയാണു ഓണം ആഘോഷിക്കുക? തീരെ സ്മരണയില്ലാത്ത ഒരു കാര്യത്തെ അവലംബിച്ച് സ്മരണാര്‍ത്ഥം ആഘോഷം നടത്താന്‍ കഴിയുന്നതെങ്ങനെ? ശൈഖ് സൈനുദ്ദീന്‍ എഴുതുന്നു:
”യാത്രയ്ക്കുള്ള ദിവസമടുത്തപ്പോള്‍ കുടുംബാംഗങ്ങളോ ആശിതരോ മന്ത്രിമാരോ ആരുംതന്നെ ഏഴു ദിവസത്തേയ്ക്ക് തന്റെ അരമനയില്‍ പ്രവേശിക്കുകയോ തന്നെ സന്ദര്‍ശിക്കുകയോ ചെയ്യരുതെന്നു രാജാവ് നിരോധനാജ്ഞ പുറപ്പെടുവിച്ചു.” (അവലംബം: തുഹ്ഫത്തുല്‍ മിജാഹിദീന്‍: ശൈഖ് സൈനുദ്ദീന്‍, വിവര്‍ത്തനം: വേലായുധന് പണിക്കശ്ശേരി, മാതൃഭൂമി ബുക്സ്).
തുടര്‍ന്നാണു രാജാവ് തന്റെ രാജ്യം മറ്റുള്ളവര്‍ക്ക് വീതം വെച്ച് മക്കത്തേക്കു പോകുന്നതത്രെ! എന്നാല്‍ പെരുമാള്‍ തിരിച്ച് കൊടുങ്ങല്ലൂരേക്കുള്ള യാത്രയ്ക്കിടയില്‍ അറേബ്യന്‍ തീരത്തു ശഹര്മുഖല്ല (ശഹര്) എന്ന നഗരത്തില്‍ വെച്ച് രോഗബാധിതനായി മരണത്തിനു കീഴ്പ്പെടുന്നു എന്നാണു പറയുന്നത്. ഈ സമയത്ത് കൂടെയുണ്ടായിരുന്ന ശറഹ് ഇബ്നുമാലിക് എന്ന പ്രധാനിയോട് താന്‍ മരിച്ചാല്‍ അക്കാര്യം വളരെ രഹസ്യമാക്കി വെക്കണമെന്ന് പെരുമാള്‍ ഉപദേശിക്കുന്നതായി ശൈഖ് സൈനുദ്ദീന്‍ വിവരിക്കുന്നു:
”ഈ രോഗത്താല്‍ ഞാന്‍ മരിച്ചു പോയാല്‍തന്നെയും നിങ്ങളുടെ മലിബാര്‍ (മലബാര്‍) യാത്ര താമസിപ്പിക്കുകയോ അതില്‍ നിന്ന് പിന്മാറുകയോ ചെയ്യരുത്. ഞാന്‍ മരിച്ചാല്‍ ആ വിവരം മലിബാറില്‍ ആരോടും പറയരുത്.” (അവലംബം: തുഹ്ഫത്തുല്‍ മിജാഹിദീന്‍: ശൈഖ് സൈനുദ്ദീന്‍, വിവര്‍ത്തനം: വേലായുധന് പണിക്കശ്ശേരി, മാതൃഭൂമി ബുക്സ്). ചേരമാന്‍ പെരുമാള്‍ മക്കത്തേക്കു പോയി എന്നു പറയപ്പെടുന്ന കഥയില്‍ത്തന്നെ ആ യാത്ര വളരെ രഹസ്യമായിരുന്നു എന്നു കാണാം. ഇനി മരിച്ചു കഴിഞ്ഞ കാര്യവും കേരളത്തില്‍ ആരെയും അറിയിക്കരുതെന്നാണു പെരുമാളിന്റെ കല്‍പ്പന. എങ്കില്‍ ഉക്കാര്യങ്ങള് എങ്ങനെയാണു മലയാളികള്‍ അറിഞ്ഞത്? തീരെ അറിയാത്ത ഒരു കാര്യത്തെക്കുറിച്ചുള്ള ഓര്‍മയിലാണോ ഓണം എന്നൊരു ആഘോഷം തുടങ്ങിയത്? കാര്യകാരണ ബന്ധ്മില്ലാത്ത കെട്ടുകഥയെ അവലംബിച്ച് ഒരു ജനതയുടെ സങ്കല്‍പ്പത്തെ വെല്ലുവിളിക്കുകയാണു ഓണാഘോഷവും പെരുമാളിന്റെ മതംമാറ്റവും കൂട്ടിക്കെട്ടുമ്പോള്‍ സംഭവിക്കുന്നത്.
ഈ കഥകള്‍ പറഞ്ഞതിനുശേഷം ശൈഖ് സൈനുദ്ദീന്‍ പറയുന്നു:
”മേല്‍പ്പറഞ്ഞ രാജാവിന്റെ ഇസ്ലാ മത പരിവര്‍ത്തനം പ്രവാചകന്റെ കാലത്തായിരുന്നുവെന്നും ‘ചന്ദ്രപ്പിളര്‍പ്പ്’ രാജാവ് കണ്ടുവെന്നും അദ്ദേഹം പ്രവാചകന്റെ അടുക്കലേക്ക് പോകുകയും പ്രവാചകനെ ദര്‍ശിച്ചതിനുശേഷം ഒരു സംഘം മുസ്ലിംകളോടൊപ്പം മലിബാറിലേക്ക് മടങ്ങുന്ന അവസരത്തില്‍ ശഹറില്‍ വെച്ചു മരിച്ചുവെന്നും ഉള്ള ഊഹം തികച്ചും അടിസ്ഥാനരഹിതമാണു.” (അവലംബം: തുഹ്ഫത്തുല്‍ മിജാഹിദീന്‍: ശൈഖ് സൈനുദ്ദീന്‍, വിവര്‍ത്തനം: വേലായുധന് പണിക്കശ്ശേരി, മാതൃഭൂമി ബുക്സ്).
ശൈഖ് സൈനുദ്ദീന്‍ മുകളില്‍ സൂചിപ്പിച്ച ‘ചന്ദ്രപ്പിളര്പ്പി’ന്റെ കഥയുമായി ബന്ധപ്പെട്ടാണു ചേരമാന്‍ പെരുമാള്‍ ഇസ്ലാം മതം സ്വീകരിച്ചത് എന്ന് മറ്റു ചില കേരളോല്പ്പത്തികളില് സൂചനയുണ്ട്. പ്രസിദ്ധ ചരിത്രകാരനായ കെ.വി. കൃഷ്ണയ്യര്‍ ചേരമാന്‍ പെരുമാള്‍ ദര്‍ശിച്ച ചന്ദ്രപ്പിളര്പ്പിനെക്കുറിച്ചുള്ള ഐതിഹ്യം സൂചിപ്പിക്കുന്നതിങ്ങനെയാണു:
”ചേരമാന്‍ പെരുമാള്‍ ഒരു ദിവസം ഉറങ്ങാന്‍ പോയി കിടന്നശേഷം ഒരാലോചന കൊണ്ട് ഉറക്കം വന്നില്ല. അദ്ദേഹം പുറത്തിറങ്ങി അങ്ങോട്ടുമിങ്ങോട്ടും മടന്നു. അങ്ങനെ നടക്കുമ്പോള്‍ രണ്ടു പൂര്ണചന്ദ്രന്മാര് കിഴക്കും പടിഞ്ഞാറും ഉദിച്ചുയരുന്നതും പിന്നീടവ ഒന്നിച്ചു ചേരുന്നതും കണ്ടു. ഇതുകണ്ട് ആശ്ചര്യപ്പെട്ട് രാജാവ് പിറ്റേദിവസം രാവിലെ പല യോഗ്യന്മാരേയും വിളിച്ചുവരുത്തി സംഭവം പറഞ്ഞു കേള്‍പ്പിച്ചു. അവര്‍ക്കാര്‍ക്കും ഈ സംഭവത്തെക്കുറിച്ച് ഒരഭിപ്രായവും പറയാന്‍ കഴിഞ്ഞില്ല. അങ്ങനെയിരിക്കെ കേരളത്തില്‍ വന്ന അറബികളോട് അദ്ദേഹം ഈ വിവരം പറഞ്ഞു. നബി തിരുമേനി അവിശ്വാസികളെ വിശ്വസിപ്പിക്കാന്‍ ചന്ദ്രനെ രണ്ടായി പിളര്‍ന്നു കാണിച്ചുവെന്നും മറ്റും അവര്‍ പറഞ്ഞു. (ഖുര്‍ ആന്‍ അമ്പത്തിനാലാമത്തെ സൂറയില്‍ ചന്ദ്രപ്പിളര്പ്പിനെക്കുറിച്ച് പറയുന്നുണ്ട്). ആ സംഭവം നടന്ന സമയവും ദിവസവും മറ്റും ചോദിച്ചറിഞ്ഞപ്പോള്‍ രാജാവിനു താന്‍ കണ്ടത് യാഥാര്‍ത്ഥ്യമാണെന്ന് വിശ്വാസം വന്നു. അമാനുഷനായ മുഹമ്മദ് നബിയെ കാണുവാനായി അറേബ്യയിലേക്ക് പോകാന്‍ രാജാവ് തീരുമാനിച്ചു. (അവലംബം: കേരളം പതിനഞ്ചും പതിനാറും നൂറ്റാണ്ടുകളില്‍, വേലായുധന് പണിക്കശ്ശേരി, കുറിപ്പുകള്‍).
ചേരമാന്‍ പെരുമാളിന്റെ മതംമാറ്റക്കഥ സൂചിപ്പിക്കാന്‍ ശൈഖ് സൈനുദ്ദീന്‍ ഉപാദാനമാക്കിയത് ചന്ദ്രപ്പിളര്പ്പിന്റെ കഥയാണു. തുടര്‍ന്ന് ശൈഖ് സൈനുദ്ദീന്‍ പറയുന്നു:
”രാജാവിനെ കാണാതായ സംഭവം മലിബാറില്‍ ഹിന്ദുക്കളുടേയും മുസ്ലിംകളുടെയും ഇടയില്‍ വളരെ പ്രചാരമുള്ള കഥയാണു. രാജാവ് മേല്‍ ഭാഗത്തേക്ക് കയറിപ്പോയതാണെന്നും ഒരിക്കലദ്ദേഹം ഇറങ്ങി വരുമെന്നും ഹിന്ദുക്കള്‍ വിശ്വസിക്കുന്നു. ഇതിനെ ആസ്പദമാക്കിയാണത്രെ, കൊടുങ്ങല്ലൂര്‍ പട്ടണത്തില്‍ ഒരു പ്രത്യേക സ്ഥലത്ത് ചില വിശേഷദിവസങ്ങളില്‍ മെതിയടിയും വെള്ളവും ഒരുക്കിവെയ്ക്കുന്നതും വിളക്കുകൊളുത്തുന്നതു.” (അവലംബം: കേരളം പതിനഞ്ചും പതിനാറും നൂറ്റാണ്ടുകളില്‍, വേലായുധന് പണിക്കശ്ശേരി, കുറിപ്പുകള്‍).
ഈ പരാമര്‍ശത്തില്‍ നിന്നു മനസ്സിലാകുന്ന ഒരു പ്രധാന കാര്യം, പെരുമാളിനെ കാണാതായ കഥ ഹിന്ദു മുസ്ലിം സമുദായത്തില്‍ പ്രചാരമുള്ള കഥയാണെന്നാണു. അതായത്, പെരുമാള്‍ മതം മാറിയെന്നല്ല കഥ, പകരം പെരുമാളിനെ കാണാനില്ല എന്നതാണു! ഈ വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ ഹിന്ദുക്കള്‍ രാജാവിനെ സ്വീകരിക്കാന്‍ മെതിയടിയും വെള്ളവും ഒരുക്കിവെയ്ക്കുന്നതും സ്മരണീയമാണു. ഈയൊരു സംഭവപരിസരത്തു നിന്നാണു നാം ഓണവും പെരുമാളിന്റെ മ്മതം മാറ്റവും എന്ന പൊറാട്ടുകഥ എഴുന്നെള്ളിക്കുന്നത്!
പെരുമാളിന്റെ മതംമാറ്റം ശൈഖ് സൈനുദ്ദീനു മുന്‍പ് രേഖപ്പെടുത്തിയത് ഏ.ഡി. 1500 മുതല്‍ ഏ.ഡി. 1516 വരെ കേരളത്തിലെത്തിയ പോര്‍ച്ചുഗീസുകാരനായ ഡ്വാര്‍ത്തെ ബാര്‍ബോസ എന്ന സബ്ചാരിയാണെന്ന് പറയപ്പെടുന്നു. എന്തായാലും എല്ലാവരും ഒരേ പോലെ സമ്മതിക്കുന്ന ഒരു വസ്തുത, ചേരമാന്‍ പെരുമാള്‍ ഇസ്ലാം മതം സ്വീകരിച്ചു മക്കത്തേക്കു പോയ കഥയ്ക്ക് പ്രചാരം സിദ്ധിക്കുന്നത് പോര്‍ച്ചുഗീസുകാരുടെ വരവോടെയാണു.
പിന്നീട് പെരുമാളിന്റെ മതംമാറ്റ കഥയ്ക്ക് പ്രചാരം കൊടുക്കുന്നത് മലബാറിന്റെ ഭരണാധികാരിയും ജില്ലാ ജഡ്ജിയുമായിരുന്ന വില്യം ലോഗനാണു. ലോഗന്റെ മലബാര്‍ മന്വലില്‍ പെരുമാളിന്റെ മതംമാറ്റം ചരിത്രമായി അവതരിക്കപ്പെടുന്നുണ്ട്.
എന്നാല്‍, ചേരമാന്‍ പെരുമാളിന്റെ മതംമാറ്റവും മക്ക യാത്രയും ആദ്യാമായി സംശയലേശമെന്യേ ഖണ്ഡിക്കുന്നത് ‘കൊച്ചി രാജ്യചരിത്രം’ എന്ന തന്റെ ഗ്രന്ഥത്തില്‍ കെ.പി. പദ്മനാഭമേനോനാണു. പദ്മനാഭമേനോന്റെ നിഗമനങ്ങളാണു പില്ക്കാല ചരിത്രകാരന്മാര്‍ക്കെല്ലാം മാര്ഗദര്ശകമായതെന്നതും പ്രത്യേകതയാണു. പദ്മനാഭമേനോന്‍ ആദ്യമേ ‘ചേരമാന്‍ പെരുമാള്‍’ എന്ന പേരില്‍ ഒരു രാജാവ് കേരളം ഭരിച്ചിട്ടില്ല എന്ന് സ്ഥാപിക്കുകയാണു. അദ്ദേഹം എഴുതുന്നു:
”ചോള രാജ്യത്തുനിന്നു വന്ന രാജാവ് ചോളപ്പെരുമാള്‍, പാണ്ടി രാജ്യത്തു നിന്നുവന്ന രാജാവ് പാണ്ടിപ്പെരുമാള്, ചേരരാജ്യത്തു നിന്നു വന്ന പെരുമാള്‍ ചെരപ്പെരുമാള് അല്ലെങ്കില്‍ ചേരമാന്‍ പെരുമാള്‍ എന്നിങ്ങനെ പേര് പറഞ്ഞുവെന്നല്ലാതെ ചേരമാന്‍ പെരുമാള്‍ എന്നു പേരായി പ്രത്യേകം ഒരാളുണ്ടായിരുന്നില്ല. ഓരോരോ പെരുമാക്കന്മാര്‍ക്കും കേരളന്‍, സ്ഥാണുരവി ഗുപ്തന്, ഭാസ്കരരവിവര്‍മന്‍, ഹരിശ്ചന്ദ്രന്, ബാണന് എന്നിങ്ങനെയുള്ള പേരുകള്‍ ഉണ്ടായിരുന്നു. ചേരമാന്‍ പെരുമാള്‍ എന്നത് ഒരു സ്ഥാനത്തെ സൂചിപ്പിക്കുന്നതായ പദമെന്നേ വിചാരിക്കാന്‍ വഴിയുള്ളു.” (അവലംബം: കൊച്ചി രാജ്യചരിത്രം, കെ.പി. പദ്മനാഭമേനോന്‍, മാതൃഭൂമി ബുക്സ്)
ചേരമാന്‍ പെരുമാള്‍ എന്ന പേരില്‍ ഒരു രാജാവ് തന്നെ ഇല്ലാതിരിക്കെ പിന്നെങ്ങിനെയാണു അവസാനത്തെ കേരള രാജാവ് ചേരമാന്‍ പെരുമാള്‍ എന്നറിയപ്പെടുന്നത്? ചേരമാന്‍ പെരുമാള്‍ മതംമാറി എന്ന വാദത്തിന്റെ അടിസ്ഥാനം തകര്‍ക്കുന്ന ആദ്യത്തെ തെളിവാണിത്. ഈ നിഗമനത്തില്‍ നിന്നു തന്നെ ഈ കഥയുടെ ബാലിശത വെളിപ്പെടുന്നു. തുടര്‍ന്ന് പദ്മനാഭമേനോന്‍ മതംമാറ്റം എന്ന സംഗതിയെ പരിശോധിക്കുന്നു:
”മതംമാറ്റക്കഥയ്ക്ക് ബലമായ ഒരടിസ്ഥാനമുണ്ടെന്ന് വിചാരിക്കുവാന്‍ വഴി കാണുന്നില്ല. ഒന്നാമത് ചേരമാന്‍ പെരുമാള്‍ മുഹമ്മദുമാര്ഗം സ്വീകരിച്ച് മക്കത്തേക്കു പോയി എന്നു പറയുന്ന കഥതന്നെ സംശയഗ്രസ്തമായിട്ടുള്ളതാകുന്നു. ഈ കഥയെപ്പറ്റി പോര്‍ട്ടുഗീസുകാര്‍ മലയാളത്തില്‍ വരുന്നതിനുമുന്പ് യാതൊരു റിക്കാര്ട്ടുമില്ല. അത് ആദ്യമായി എഴുതിക്കാണുന്നത് ‘കമോയന്‍സ്’ എന്നാളാല്‍ രചിക്കപ്പെട്ട ‘ലൂസിയേഡ്’എന്ന കാവ്യത്തിലാണു. പിന്നീട് ക്രിസ്ത്വബ്ദം പതിനാറാം നൂറ്റാണ്ടിന്റെ ഒടുവില്‍ ശൈഖ് സൈനുദ്ദീന്‍ എന്നാളാല്‍ എഴുതപ്പെട്ടെ ‘തുഹ്ഫത്തുല്‍ മുജാഹിദീന്‍’ എന്നു പേരായി അറബികള്‍ മലയാളത്തില്‍ ആദ്യം വന്നു കുടിപാര്‍ത്ത സംഗതിയെ വിവരിക്കുന്ന ചരിത്രത്തിലും പറഞ്ഞുകാണുന്നുണ്ട്. എന്നാല്‍ മലയാളികള്‍ പറയുന്ന കഥയില്‍ വാസ്തവം പോരാ എന്നുകൂടി ഈ ചരിത്രകാരന് പറയുന്നുണ്ട്.
ക്രിസ്ത്വബ്ദം ഒമ്പതും പതിനഞ്ചും നൂറ്റാണ്ടുകള്‍ക്കിടയില്‍ കേരളത്തിലേക്കുവന്നിട്ടുള്ളവരായ ക്രിസ്തുമതക്കാരും മുഹമ്മദീയരുമായ ദിക്ള്സഞ്ചാരികള് ആരുംതന്നെ ഇങ്ങനെയൊരിതിഹാസത്തെപ്പറ്റി പ്രസ്താവിച്ചിട്ടില്ലെന്നുള്ള സംഗതി അക്കാലങ്ങളില്‍ ഈ കഥ കേരളത്തില്‍ നടപ്പില്ലായിരുന്നു എന്നു വിശദമായി കാണിക്കുന്നു.” (അവലംബം: കൊച്ചി രാജ്യചരിത്രം, കെ.പി. പദ്മനാഭമേനോന്‍, മാതൃഭൂമി ബുക്സ്)
ഈ കാര്യങ്ങള്‍ പറഞ്ഞതിനുശേഷം പദ്മനാഭമേനോന്‍ വളരെ ശക്തമായ ഒരു വാദം ഉന്നയിക്കുന്നു:
”എന്നു തന്നെയല്ല, നല്ലവണ്ണം നേരിട്ടു കണ്ടറിഞ്ഞിരിക്കുന്ന ഒരാളെപ്പോലെ എഴുതിയിരിക്കുന്ന അറബി വ്യാപാരി സുലൈമാന്‍ എന്നാള്‍ ക്രിസ്ത്വബ്ദം 851 – 52 കൊല്ലങ്ങളില്‍ മലയാളരാജ്യത്തെപ്പറ്റി ഇങ്ങനെ വ്യക്തമായി എഴുതീട്ടുണ്ട്. ‘ഇന്ത്യക്കാരിലോ, ചീനക്കാരിലോ ഇസ്ലാം മതം അംഗീകരിച്ചിരിക്കുന്നവനോ അറബി ഭാഷ സംസാരിക്കുന്നവനോ ആയ യാതൊരാളെങ്കിലും ഉണ്ടെന്ന് ഞാനറിയുന്നില്ല.” (അതേ പുസ്തകം).
ക്രിസ്ത്വബ്ദം 1342 മുതല്‍ 1347 വരെ കേരളം സന്ദര്‍സിച്ച ഇബ്ന്‍ബത്തൂത്ത പെരുമാളിന്റെ മതംമാറ്റത്തെക്കുറിച്ച് പറഞ്ഞിട്ടുണ്ട് എന്ന വാദത്തേയും പദ്മനാഭമേനോന്‍ ഖണ്ഡിക്കുന്നു:
”ഇബ്ന്‍ബത്തൂത്ത വളര്പട്ടണത്തെ ‘ദിവ്യവൃക്ഷ’ത്തിന്റെ അല്‍ഭുതകരമായ കഥയെപ്പറ്റി വളരെ ഭയഭക്തിയോടുകൂടി പറയുന്നുണ്ട്. എന്നാല്‍, അതിലും എത്രയോ അധികം അല്ഭുതജനകമായതും പെരുമാളുടെ ഹൃദയത്തില്‍ മുഹമ്മദുനബിയുടെ മേല്‍ ദൃഢമായ ഭക്തിവിശ്വാസമുണ്ടാകുന്നതുമായ ‘ഭാഗമായിക്കണ്ട ചന്ദ്രന്മാരുടെ കഥ'(ചന്ദ്രപിളര്‍പ്പ്) ഇയാള്‍ പറയുന്നില്ലതാനും.” (അതേ പുസ്തകം). പെരുമാളിന്റെ മതംമാറ്റക്കഥ സത്യമായിരുന്നെങ്കില്‍ ഇബ്ന്‍ബത്തൂത്ത ആദ്യം എഴുതേണ്ടിയിരുന്നത് ‘ചന്ദ്രപ്പിളര്‍പ്പ്’ എന്ന അത്ഭുതകൃത്യത്തേയായിരുന്നു എന്നാണു പത്മനാഭമേനോന്‍ സമര്‍ത്ഥിക്കുന്നത്.
ഈ വിഷയത്തെക്കുറിച്ച് പത്മനാഭമേനോന്റെ നിരീക്ഷണങ്ങള്‍ ചുരുക്കത്തില്‍ പ്രതിപാദിക്കാം:
1. സാമൂതിരി രാജാവിനെ മുഹമ്മദു മതത്തില്‍ ചേര്‍ക്കാന്‍ വേണ്ടി പേര്‍ഷ്യായിലെ രാജാവായ ഷാറൊക്ക എന്നാളാല്‍ കോഴിക്കോട്ടേക്ക് അയയ്ക്കപ്പെട്ട അബ്ദുര്‍റസാക്ക് എന്നയാള്‍ പെരുമാളിന്റെ മതംമാറ്റത്തെക്കുറിച്ച് ശബ്ദിക്കുന്നില്ല.
2. ഏ.ഡി. 15ല്‍ ഇവിടെവന്ന ഈജിപ്ത് സഞ്ചാരി ‘സയറീദിന് മുക്ദം’ ചേരമാന്‍ പെരുമാളിന്റെ മക്കത്തേക്കുള്ള യാത്രാക്കതയ്ക്ക് യാതൊരടിസ്ഥാനവുമില്ല എന്നു പറയുന്നു.
3. ശൈഖ് സൈനുദ്ദീന്‍ ഇതൊരു കെട്ടുകഥയാണെന്ന് പറയുന്നു.
4. പോര്‍ച്ചുഗീസ് ചരിത്രകാരനായ ‘ഫെറിയ വൈ സൂസ’, ഈ കഥ മുഹമ്മദീയരാല്‍ നിര്‍മിക്കപ്പെട്ട ഒരു കള്ളക്കഥയാണെന്ന് എഴുതിയിരിക്കുന്നു. (എന്നാല്‍, പോര്ച്ചുഗീസുകാരാണു ഈ കഥ പ്രചരിപ്പിച്ചതും!)
5. പതിനെട്ടാം നൂറ്റാണ്ടിന്റെ ആദ്യം കൊച്ചിയില്‍ ഡച്ച് പാതിരിയായിരുന്ന ജേക്കബ്ബ് കാന്റര്‍വിഷര്‍ ഈ കഥ വിശ്വാസയോഗ്യമല്ലെന്നു എഴുതിയിരിക്കുന്നു.
6. ഇന്ത്യാ ചരിത്രകര്‍ത്താവായ ‘ടാല്ബൊയിസ് വീലര്‍’ പറയുന്നത്, പെരുമാളുടെ മക്കയാത്ര മുസല്മാന്മാരുടെ മതഭ്രാന്തില്‍ നിര്‍മിക്കപ്പെട്ട ഒരു വെറും കഥ മാത്രമാണെന്നതിനു സംശയമില്ലെന്നു പറയുന്നു.
7. മേജര്‍ ഹെബര്‍ ഡൂറി പറയുന്നത് ഈ കഥയ്ക്ക് അടിസ്ഥാനമില്ലെന്നാണു.
8. ചേരമാന്‍ പെരുമാള്‍ മുഹമ്മദു മതം സ്വീകരിച്ച് മക്കത്തേയ്ക്ക് പോയി എന്നു കാണിപ്പാന്‍ പുരാതനെമെന്ന് പറയത്തക്ക യാതൊരു ലക്ഷ്യങ്ങളുമില്ലെന്ന് പ്രൊഫസര്‍ സുന്ദരം പിള്ള പറയുന്നു. (അതേ പുസ്തകം).
ഒരോ മതക്കാരും താന്താങ്ങളുടെ മനോനില വെച്ച് താന്താങ്ങളുടെ മതത്തിലേക്കാണു ചേരമാന്‍ പെരുമാള്‍ മാറിയതെന്ന തമാശയും പത്മനാഭമേനോന്‍ ചൂണ്ടിക്കാണിക്കുന്നു:
”പെരുമാള്‍ സ്വീകരിച്ചു എന്നു പറയുന്ന മതം ബുദ്ധമതമാണെന്നും ക്രിസ്തുമതമാണെന്നും ജൈനമതമാണെന്നും ചില ഗ്രന്ഥകാരന്മാര് പറഞ്ഞുകാണുന്നു. എന്നാല്‍ ഹിന്ദുക്കള്‍ പെരുമാളുടെ മതഭ്രംശത്തിനെത്തന്നെ സമ്മതിക്കുന്നില്ല. അദ്ദേഹം നൂറാമത്തെ വയസ്സില്‍ 73 കൊല്ലം രാജ്യം ഭരിച്ചതിന്റെ ശേഷം തിരുവഞ്ചിക്കുളത്തുവെച്ചു ചരമഗതിയെ പ്രാപിച്ചു എന്ന് പാച്ചുമൂത്തത് ‘കേരളവിശേഷമാഹാത്മ്യം’എന്ന പുസ്തകത്തില്‍ പറഞ്ഞുകാണുന്നു. ഗോപാലന് കേരളവര്‍മ്മന്‍ തിരൂപ്പാടാല് എഴുതപ്പെട്ട ‘കേരളാവകാശക്രമം’ എന്ന പുസ്തകത്തിലും പെരുമാള്‍ കേരളത്തില്‍ വെച്ചുതന്നെ ഒരു ഹിന്ദുവിന്റെ നിലയില്‍ പരലോകപ്രാപ്തനായി എന്നു പറയുന്നു. തിരുവിതാംകൂര്‍ ചരിത്രകര്‍ത്താവായ ശങ്കുണ്ണിമേനോനും അപ്രകാരം പറയുന്നു.” (അതേ പുസ്തകം).
ഏ.ഡി. പതിനൊന്നും പതിമൂന്നും നൂറ്റാണ്ടുകളില്‍ എഴുതപ്പെട്ടവയായ തമിഴുഗ്രന്ഥങ്ങളില്‍ ചേരമാന്‍ പെരുമാള്‍ സുന്ദരമൂര്ത്തിസ്വാമി ഒന്നിച്ച് ഉടലോടെ സ്വര്‍ഗത്തു പോയി എന്നാണു എഴുതിക്കാണുന്നതെന്നും പത്മനാഭമേനോന്‍ പറയുന്നു. ഒരു പക്ഷേ ഈ വിശ്വാസത്തിന്റെ ബലത്തിലായിരിക്കണം ശൈഖ് സൈനുദ്ദീന്‍ വിവരിക്കുന്നതുപോലെ, കൊടുങ്ങല്ലൂരിലെ ജനങ്ങള്‍ മേലോട്ടുപോയ രാജാവിന്റെ വരവും കാത്ത് പാദുകവും വെള്ളവും വെച്ചു കാത്തിരിക്കുന്നത്. ഇതിനൊക്കെ പുറമേ, ഇപ്പോള്‍ കണ്മുന്നിലുള്ള തെളിവ് നമുക്കുള്ളത് തിരുവഞ്ചിക്കുളം ക്ഷേത്രത്തിലുള്ള ചേരമാന്‍ പെരുമാളിന്റേയും സുന്ദരമൂര്‍ത്തി സ്വാമിയുടെയും പ്രതിമകളാണു.
ഈ പ്രതിമകള്‍ എങ്ങനെ തിരുവഞ്ചിക്കുളം ക്ഷേത്രത്തില്‍ വന്നു എന്നതിന്റെ സമാധാനം തരുന്ന ഒരു തെളിവ് മേജര്‍ ഹെബര്‍ ഡൂറി എന്നയാളുടെ എഴുത്താണു. അദ്ദേഹം എഴുതുന്നു: ചാള്‍സ് അഞ്ചാമനെപ്പോലെ വയോവൃദ്ധനായ പെരുമാള്‍ രാജകാര്യങ്ങളെ ഉപേക്ഷിച്ച് പ്രപഞ്ചാവസ്ഥകളെവിട്ട് തന്റെ അന്ത്യകാലം എകാകിയായിരുന്ന് ഈശ്വരധ്യാനത്തില്‍ ചിലവു ചെയ്ക എന്നു നിശ്ചയിച്ച് കൊച്ചി രാജ്യത്ത് പരിശുദ്ധമായ ഒരു ക്ഷേത്രത്തില്‍ പോയി വസിച്ചിരുന്നു. അവിടെവച്ച് ഏ.ഡി. 352-ആം ആണ്ടില്‍ ചരമഗതിയെ പ്രാപിച്ചു.’ ഈ എഴുത്തിനെ സാധൂകരിക്കുന്ന ഒരു രേഖ ഡച്ചു ഗവണ്മന്റ് റിക്കോര്‍ഡില്‍ ഉള്ളതു, പെരുമാള്‍ അന്ത്യകാലത്ത് ക്ഷേത്രോപവാസത്തിനായി തിരുവഞ്ചിക്കുളത്ത് ക്ഷേത്രത്തില്‍ പോയി വസിച്ചു കാലം കഴിച്ചുകൂട്ടി എന്നാണു. ഇതില്‍ നിന്നും പച്ചയായ ഒരു ചിത്രം തെളിഞ്ഞുവരുന്നത്, ഒടുവിലത്തെ പെരുമാള്‍ മുഹമ്മദു മതം സ്വീകരിക്കുകയോ, മക്കത്തു പോവുകയോ ഉണ്ടായില്ലെന്നും ആദ്ദേഹം തിരുവഞ്ചിക്കുളം ക്ഷേത്രത്തില്‍വെച്ച് പരമഗതിയെ പ്രാപിക്കുകയായിരുന്നു എന്നുമാണു.
ഇതില്‍ ശ്രദ്ധിക്കേണ്ട മറ്റൊരു വസ്തുത, ചേരമാന്‍ പെരുമാള്‍ തന്റെ രാജ്യം മറ്റുള്ളവര്‍ക്കായി വീതം വെച്ചാണു മക്കത്തേക്കു പോകുന്നതെന്നും അന്നുമുതലാണു കേരളത്തില്‍ ചെറിയ ചെറിയ രാജവംശങ്ങള്‍ ഉദയം ചെയ്യുന്നതെന്നുമാണു കേരളോല്‍പ്പത്തി പറയുന്നത്. എന്നാല്‍, ചേരരാജാക്കന്മാര് ഭരിക്കുന്ന കാലത്തുതന്നെ നാട്ടുരാജാക്കന്മാര് ഉണ്ടായിരുന്നു എന്നതിനു എഴുതപ്പെട്ട ചില ചെമ്പുപട്ടയങ്ങളും മറ്റും തെളിവു തരുന്നുണ്ട്. അപ്പോള്‍ ചേരമാന്‍ പെരുമാള്‍ തന്റെ രാജ്യം വീതിച്ചു നല്കി എന്ന കഥയും ഇവിടെ പൊളിയുന്നു.
ഇനി പത്മനാഭമേനോനു ശേഷംവന്ന ആധുനിക ചരിത്രകാരന്മാര് പെരുമാളിന്റെ മതംമാറ്റത്തെ എങ്ങനെ കാണുന്നു എന്നു നോക്കാം. ആധുനിക ചരിത്രകാരന്മാരില് പ്രമുഖനായ ഇളംകുളം കുഞ്ഞന്‍പിള്ള പെരുമാളിന്റെ മതംമാറ്റക്കഥ തള്ളിക്കളഞ്ഞുകൊണ്ട് പറയുന്നതിങ്ങനെയാണു: ‘കേരളത്തിലെ ഏതോ ഒരു രാജാവ് ഇസ്ലാം മതത്തില്‍ ബഹുമാനം തോന്നി മക്കയും മദീനയും മറ്റും സന്ദര്‍ശിക്കാന്‍ അറേബ്യയിലേക്കു പോയിട്ടുണ്ടാകാ’മെന്നാണു. അതിനു ഒരു തെളിവും അദ്ദേഹം ഉന്നയിക്കുന്നുമില്ല. ഈ വിഷയത്തില്‍ കഥ യുക്തിക്ക് നിരക്കാത്തതാണെന്ന് ഇളംകുളം പറയുന്നു. (അവലംബം: ഇളംകുളം കുഞ്ഞന്‍പിള്ളയുടെ തെരെഞ്ഞെടുത്ത കൃതികള്‍, എഡി: ഡോ. എന്‍. സാം, അന്താരാാഷ്ട്രാ കേരള പഠനകേന്ദ്രം, കേരള സര്‍വകലാശാല)
ഇളംകുളത്തിനുശേഷം കേരള ചരിത്രരചനയ്ക്ക് പുതുമാനം നല്കിയ വിഖ്യാത ചരിത്രകാരന് എ. ശ്രീധരമേനോന് പെരുമാള്‍ കഥയെക്കുറിച്ച് പറയുന്നിതങ്ങനെയാണു: ‘ചരിത്രത്തിനു നിരക്കാത്ത ഈ പെരുമാള്‍ കഥയെ സകാരണം ഒന്നോടെ തള്ളിക്കളയാവുന്നതാണു. ‘ തുടര്‍ന്ന് അദ്ദേഹം എഴുതുന്നു: ”അവസാനത്തെ ചേരമാന്‍ പെരുമാള്‍ രാമവര്‍മ കുലശേഖരന് (1090-1102) ആണു. അദ്ദേഹം ഹിന്ദുമതം ഉപേക്ഷിച്ച് ഏതെങ്കിലും അന്യമതം സ്വീകരിച്ചതായി – ഇസ്ലാം മതമോ ബുദ്ധമതമോ ജൈനമതമോ ക്രിസ്തുമതമോ ഏതെങ്കിലുമായിക്കൊള്ളട്ടെ- യാതൊരു തെളിവുമില്ല. ഇസ്ലാം മതം സ്വീകരിച്ച ഏതോ ഒരു പില്ക്കാല ഭരണാധികാരിയെ – കോഴിക്കോട്ടെ സാമൂതിരിമാരില്‍ ഒരാളെ – ആവാം പ്രാചീന ചേരചക്രവര്ത്തിയായി തെറ്റിദ്ധരിക്കുകയോ അദ്ദേഹത്തില്‍ പ്രസ്തുതാതപരിവര്ത്തന വൃത്താന്തം ആരോപിക്കുകയോ ചെയ്തതിന്റെ ഫലമായിട്ടാണെന്നു തോന്നുന്നു ഈ ചേരമാന്‍ കഥ രൂപം കൊണ്ടത്.” (അവലംബം: കേരളചരിത്രം, എ. ശ്രീധരമേനോന്, ഡിസി ബുക്സ്).
മലയാളത്തിലെ ചരിത്രകാരന്മാര് ഒന്നടങ്കം തള്ളിക്കളഞ്ഞ ഒരു കെട്ടുകഥയാണു ചേരമാന്‍ പെരുമാളിന്റെ മതംമാറ്റക്കഥ. രേഖപ്പെടുത്തപ്പെട്ട ചരിത്രത്താലുകളിലെ ഒരു വരി പോലും വായിക്കതെ മിത്തുകളേയും ഊഹങ്ങളേയും അവലംബിച്ച് മേലിലെങ്കിലും സ്ഖലിതങ്ങള്‍ ഉല്പ്പാദിപ്പിക്കരുതെന്നു വിനീതമായി അഭ്യര്‍ഥിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: