കുന്നത്തൂര്‍: പോരുവഴി കുറുമ്പുകര പട്ടികജാതി കോളനിയില്‍ ശാസ്താംകോട്ടയില്‍ നിന്നെത്തിയ എക്സൈസ് സംഘവും നാട്ടുകാരും തമ്മില്‍ ഏറ്റുമുട്ടി. സംഘര്‍ഷത്തില്‍ എക്സൈസ് ഉദ്യോഗസ്ഥരും പെണ്‍കുട്ടികളടക്കം ഏഴുപേര്‍ക്ക് പരിക്കേറ്റു.
ഇന്നലെ വൈകിട്ട് അഞ്ചോടെയായിരുന്നു സംഭവം. കുറുമ്പുകര കോളനിയില്‍ സന്തോഷ് ഭവനത്തില്‍ രതീഷ്(28), സുധാംബിക (45), ആഷ്മി (9), ആര്യ (8), പാറപ്പുറത്ത് സതീഷ് (42), എക്സൈസ് ഉദ്യോഗസ്ഥരായ ചാള്‍സ് ,രാജേഷ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇരുകൂട്ടരെയും ശാസ്താംകോട്ട താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കുറുമ്പുകര കോളനിയില്‍ മദ്യവില്‍പ്പന നടക്കുന്നതായുള്ള വ്യാജസന്ദേശത്തെ തുടര്‍ന്ന് മഫ്തിയിലും മറ്റുമെത്തിയ എക്സൈസ് ഉദ്യോഗസ്ഥര്‍ മനപൂര്‍വ്വം പ്രശ്നം സൃഷ്ടിക്കുകയായിരുന്നുവെന്ന് പ്രദേശവാസികള്‍ പറഞ്ഞു.
ഇടയിലത്തറ സുശീലന്റ വീട്ടിലാണ് എക്സൈസ് സംഘം എത്തിയത്. വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല. മുറ്റത്ത് നില്‍ക്കുകയായിരുന്ന കുട്ടികളായ ആര്യയെയും ആഷ്മിയെയും മഫ്ത്തിയിലെത്തിയ രണ്ട് ഉദ്യോഗസ്ഥര്‍ മര്‍ദ്ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു.
കുട്ടികളുടെ കരച്ചില് കേട്ട് സമീപ സ്ഥലത്ത് നിന്നെത്തിയവര്‍ ഇതിനെ ചോദ്യം ചെയ്തു. ഇതില്‍ പ്രകോപിതരായ എക്സൈസ് സംഘം പ്രദേശവാസികളെ വളഞ്ഞിട്ട് മര്‍ദ്ദിക്കുകയായിരുന്നുവെന്ന് പറയുന്നു.
മര്‍ദ്ദനത്തില്‍ പരിക്കേറ്റവരെ ശാസ്താംകോട്ട താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ ഡോക്ടര്‍ വിസമ്മതിച്ചതായും പരാതി ഉയര്‍ന്നു.
എന്നാല്‍ സുശീലന്റെ വീട്ടില്‍ മദ്യം വില്ക്കുന്നുവെന്ന് സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് എക്സൈസ് സംഘം എത്തിയതെന്ന് എസ്ഐ രാജീവ് പറഞ്ഞു. മദ്യവില്‍പ്പന പിടിക്കപ്പെടുമെന്ന് വന്നതോടെ ഉദ്യോഗസ്ഥരെ പ്രദേശവാസികളും മറ്റും ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു.
സുശീലന് മദ്യവില്‍പ്പനയുമായി ബന്ധപ്പെട്ട കേസിലെ പ്രതിയാണെന്നും പിടികൂടിയ പ്രതികളെ ബലം പ്രയോഗിച്ച് മോചിപ്പിച്ചതായും എസ്ഐ പറഞ്ഞു. ശൂരനാട് പോലീസ് കേസെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: