കൊച്ചി: ഓണക്കാലം ആഘോഷിക്കാന്‍ ജീവനക്കാര്‍ കൂട്ടത്തോടെ അവധിയെടുത്തത് ആരോഗ്യമേഖലയ്ക്ക് തിരിച്ചടിയായി. പകര്‍ച്ചവ്യാധികളുമായി ബന്ധപ്പെട്ട് ദിവസേന നല്കുന്ന റിപ്പോര്‍ട്ടുകളാണ് കഴിഞ്ഞ മൂന്നു ദിവസമായി മുടങ്ങിയത്. എല്ലാ ആരോഗ്യസ്ഥാപനങ്ങളുടെ കീഴിലുമുള്ള ഫീല്‍ഡ് ജീവനക്കാര്‍ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്കാണ് പകര്‍ച്ചവ്യാധിയുടെയും മറ്റുവിവരങ്ങള്‍ കൈമാറേണ്ടത്. മെഡിക്കല്‍ ഓഫീസര്‍മാരാണ് വിവരങ്ങള്‍ ഓണ്‍ലൈന്‍ വഴി ആരോഗ്യവകുപ്പിന് കൈമാറേണ്ടത്. എന്നാല്‍, ഒട്ടുമിക്ക ജീവനക്കാരും അവധിയായതോടെ ദിവസേനയുള്ള ആരോഗ്യ റിപ്പോര്‍ട്ടിംഗ് മുടങ്ങിയിരിക്കുകയാണ്.
ഓരോ പ്രദേശത്തെയും പകര്‍ച്ചവ്യാധികളുടെ വിവരങ്ങള്‍ ആരോഗ്യവകുപ്പിന്റെ വെബ്സൈറ്റില്‍ ദിവസവും വൈകുന്നേരം പ്രസിദ്ധപ്പെടുത്തുന്നതാണ്. എന്നാല്‍, റിപ്പോര്‍ട്ടിംഗ് മുടങ്ങിയതോടെ മൂന്നുദിവസമായി വെബ്സൈറ്റും നിശ്ചലമായി. പകര്‍ച്ചവ്യാധികളുടെ റിപ്പോര്‍ട്ട് അനുസരിച്ചാണ് ഓരോ ദിവസവും നടത്തേണ്ട പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തീരുമാനിക്കേണ്ടത്. റിപ്പോര്‍ട്ടിംഗ് മുടങ്ങിയതോടെ പ്രതിരോധ പ്രവര്‍ത്തനങ്ങളും പാളിയിരിക്കുകയാണ്.
സംസ്ഥാനമൊട്ടാകെ ഡെങ്കിപ്പനി, എലിപ്പനി, മലമ്പനി, മഞ്ഞപ്പിത്തം എന്നിവ വ്യാപകമായിരുന്നു. അടുത്തകാലത്താണ് ഡെങ്കിപ്പനി അല്‍പ്പമെങ്കിലും നിയന്ത്രണവിധേയമായത്. എന്നാല്‍, ജീവനക്കാരുടെ കൂട്ട അവധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് തിരിച്ചടിയാകുമെന്നാണ് ആക്ഷേപമുയരുന്നത്. മുന്‍കാലങ്ങളില്‍ അവധിക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുമായിരുന്നു. എന്നാല്‍, ഇക്കുറി അത്തരം നിയന്ത്രണങ്ങളൊന്നുമില്ലാതിരുന്നതാണ് പ്രശ്നത്തിന് കാരണമായത്. സര്‍ക്കാര്‍ ആശുപത്രികളിലും ആവശ്യത്തിന് ഡോക്ടര്‍മാരും ജീവനക്കാരും ഇല്ലായിരുന്നുവെന്നാണ് ആരോപണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: