പത്തനംതിട്ട: ആറന്മുള ഉതൃട്ടാതി ജലോത്സവത്തിന് വിപുലമായ ക്രമീകരണങ്ങളൊരുക്കി പള്ളിയോടസേവാസംഘം. ഈവര്‍ഷം ജലമേളയില്‍ 52 പള്ളിയോടങ്ങള്‍ പങ്കെടുക്കും. എ ബാച്ചില്‍ 35 ഉം ബി ബാച്ചില്‍ 17 ഉം പള്ളിയോടങ്ങളാണ് പങ്കെടുക്കുന്നത്. ഓരോ പള്ളിയോടത്തിന്റേയും സമയം രേഖപ്പെടുത്തി ഏറ്റവും വേഗത്തില്‍ എത്തുന്ന 4 പള്ളിയോടങ്ങളെ വീതം ഫൈനല്‍ മത്സരത്തില്‍ പങ്കെടുപ്പിക്കും.
ആറന്മുളയുടെ തനതു ശൈലിയില്‍, ആചാരത്തനിമയില്‍ വഞ്ചിപ്പാട്ട് പാടി പള്ളിയോടങ്ങള്‍ ജലഘോഷയാത്രയില്‍ പങ്കെടുക്കണം. മത്സര വള്ളംകളിയില്‍ തെയ് തെയ് താളത്തില്‍ മാത്രമേ പാടുവാന്‍ പാടുള്ളു. മറ്റു താളത്തില്‍ പാടുക, വിസില്‍ അടിക്കുക, പള്ളിയോടത്തില്‍ തടികൊണ്ട് ഇടിക്കുക, കൂട്ടുപള്ളിയോടങ്ങളെ ചൂണ്ടുക തുടങ്ങിയവ ഗുരുതരമായ ക്രമക്കേടായി കണക്കാക്കി ഇത്തരം പള്ളിയോടങ്ങളെ അയോഗ്യരായി മത്സര വള്ളം കളിയില്‍നിന്നും പുറത്താക്കും. അവരുടെ ഗ്രാന്റ് നല്‍കാതിരിക്കുകയും 3 വര്‍ഷംവരെ ഉതൃട്ടാതി വള്ളംകളിയില്‍ പങ്കെടുക്കുന്നതില്‍നിന്നും തടയുകയും ചെയ്യും.
ഓരോ ബാച്ചിലേയും മത്സരത്തിന്റെ സ്റ്റാര്‍ട്ടിംഗ് മുതല്‍ ഫിനിഷിംഗ് വരെയുള്ള സമയ ദൈര്‍ഘ്യം തത്സമയം ഡിസ്പ്ലേ ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കും. സുരക്ഷാ സംവിധാനങ്ങള്‍ക്ക് വിപുലമായ ക്രമീകരണമാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.
നേരത്തെ കരനാഥന്മാരുടെയും ക്യാപ്റ്റന്മാരുടെയും അമരം നിയന്ത്രിക്കുന്നവരുടേയും യോഗം പ്രത്യേകം വിളിച്ചുകൂട്ടി സുരക്ഷാ കാര്യങ്ങള്‍ വിശദീകരിച്ചിരുന്നു. ഓരോ പള്ളിയോടത്തിലും കുറഞ്ഞത് 2 ലൈഫ് ബോയ്കളും 5 ടയര്‍ ട്യൂബുകളും ഉണ്ടായിരിക്കണം. നീന്തല്‍ അറിയാത്തവരേയും കുട്ടികളേയും പള്ളിയോടത്തില്‍ കയറ്റുവാന്‍ പാടില്ല.
രക്ഷാപ്രവര്‍ത്തനത്തിനും പള്ളിയോടങ്ങളെ നിരീക്ഷിക്കുന്നതിനുമായി 5 ബോട്ടുകളും 8 യമഹാവള്ളങ്ങളും 4 സ്പീഡ് ബോട്ടുകളും പള്ളിയോട സേവാസംഘം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പോലീസിന്റെ 2 ബോട്ടുകളും ഫയര്‍ഫോഴ്സിന്റെ 2 ബോട്ടുകളും നിരീക്ഷണം നടത്തും.
തുറമുഖവകുപ്പിന്റെ സ്കൂബ ഡൈവേഴ്സും പ്രാദേശിക മുങ്ങല്‍ വിദഗ്ധരും സേവനത്തിനുണ്ടാകും.
പള്ളിയോടത്തില്‍ എത്തുന്നവര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷയും ഏര്‍പ്പെടുത്തിയിട്ടുണ്ട്. അപകടം മൂലം പരുക്കുപറ്റുന്നവര്ക്കുള്ള പരിരക്ഷ അയ്യായിരത്തില്‍നിന്ന് ഇരുപത്തയ്യായിരം രൂപയായും അപകട മരണം സംഭവിക്കുന്നവരുടെ ആശ്രിതര്‍ക്ക് ഒരു ലക്ഷം രൂപയില്‍നിന്ന് അഞ്ച് ലക്ഷം രൂപയായും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.
വള്ളംകളി ദൂരദര്ശന്, കൈരളിടിവി, എസിവി എന്നീ ചാനലുകള്‍ തല്‍സമയം സംപ്രേഷണം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: