കൊല്ലം: മത്സ്യത്തൊഴിലാളികള്‍ക്ക് നല്കുന്ന മാതൃകയില്‍ അലക്കുത്തൊഴിലാളികള്ക്ക് വേണ്ടി പ്രത്യേക ക്ഷേമനിധിയും പെന്ഷന് പദ്ധതിയും നടപ്പിലാക്കണമെന്ന് വണ്ണാര്‍ സര്‍വ്വീസ് സൊസൈറ്റി സമ്മേളനം ആവശ്യപ്പെട്ടു.
പരമ്പരാഗത തൊഴിലുകള്‍ ഓരോന്നായി നഷ്ടപ്പെട്ട വിവിധ പട്ടികജാതി വിഭാഗങ്ങളുടെ അവസ്ഥ തന്നെയാണ് വണ്ണാര്‍ സമുദായത്തിനും ഉപവിഭാഗങ്ങള്ക്കുമുള്ളതെന്ന് കടപ്പാക്കട യൂണിറ്റ് സമ്മേളനം ചൂണ്ടിക്കാട്ടി. വണ്ണാന്‍, മണ്ണാന്‍, പതിയാന്‍, വേലന്‍, പെരുമണ്ണാന് തുടങ്ങിയ വണ്ണാര്‍ സമുദായത്തിന്റെ പരമ്പരാഗത തൊഴിലായ അലക്കും വൈദ്യവും ഇപ്പോള്‍ അന്യമായി. വമ്പിച്ച മുതല്‍മുടക്ക് വേണ്ടിവരുന്ന യന്ത്രവല്‍ക്കരണത്തിലൂടെ അലക്കുതൊഴില്‍ മറ്റുള്ളവര്‍ കൈയടക്കിയെന്നും ചൂണ്ടിക്കാട്ടി. ക്ഷേമനിധിയില്‍ പേര് രജിസ്റ്റര്‍ ചെയ്യാന്‍ ചെല്ലുന്ന തൊഴിലാളികളോടും അവരുടെ പ്രതിനിധികളോടും വിവേചനപരമായിട്ടാണ് ക്ഷേമനിധി ബോര്‍ഡിലെ ഉദ്യോഗസ്ഥര്‍ പെരുമാറുന്നതെന്ന ആക്ഷേപം വ്യാപകമായിട്ടുണ്ട്. ഇതിന് പരിഹാരം കാണാന്‍ സര്‍ക്കാരും ബന്ധപ്പെട്ട അധികാരികളും തയ്യാറാകണമെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത കെഡിഎഫ് നേതാവ് പി.രാമഭദ്രന് ആവശ്യപ്പെട്ടു. സമ്മേളനത്തില്‍ യൂണിറ്റ് പ്രസിഡന്റ് ഹരീഷ്.എസ് അധ്യക്ഷത വഹിച്ചു. എ.സദാനന്ദന്, എ.മധുസുദനന്‍, സി.ശശി, ആര്.ശരത് രാജ്, വി.സഹജന്, ലോഹിതദാസ്, കിളികൊല്ലൂര്‍ സന്തോഷ്, വീണ ഗോപാലകൃഷ്ണന്, അംബിക എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: