ന്യൂദല്‍ഹി: സത്യപ്രതിജ്ഞയ്ക്ക് മുന്‍പായി തന്റെ വസതിയില്‍ നല്കിയ ചായസത്കാരത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ”മികച്ച രീതിയില്‍ പ്രവര്‍ത്തിക്കണം. ഫലം ജനങ്ങളെ ബോധ്യപ്പെടുത്തേണ്ടതുണ്ട്”. റിസള്‍ട്ടുണ്ടാക്കുന്ന കാര്യക്ഷമമായ പ്രവര്‍ത്തനമാണ് പ്രധാനമന്ത്രിക്കാവശ്യം. കഴിഞ്ഞ മൂന്ന് വര്‍ഷമായി പരിപൂര്‍ണമായി ഇത് നിര്‍വ്വഹിച്ച മന്ത്രിയാണ് നിര്‍മ്മല സീതാരാമന്.
ഈ തിരിച്ചറിവാണ് നിര്‍മ്മലയെ പ്രതിരോധമന്ത്രിയാക്കാന്‍ മോദിയെ പ്രേരിപ്പിച്ചത്. നിലപാടുകളില്‍ വിട്ടുവീഴ്ചയില്ലാത്ത രാഷ്ട്രീയ നേതാവിനെയാണ് ബിജെപിയുടെ ഔദ്യോഗിക വക്താവായിരിക്കുമ്പോള്‍ നിര്‍മ്മലയില്‍ കണ്ടത്. ഒരു ചോദ്യത്തിന് മുന്‍പിലും അവര്‍ പതറിയിരുന്നില്ല. ഉത്തരം നല്‍കാതെ അവഗണിക്കുന്ന പതിവുമില്ല. മാധ്യമ പ്രവര്‍ത്തകരെ മറുചോദ്യത്താല്‍ പലപ്പോഴും നിശബ്ദരാക്കുകയും ചെയ്യും. ആദ്യ വനിതാ പ്രതിരോധ മന്ത്രിയാണ് നിര്‍മ്മല. നേരത്തെ ഇന്ദിരാഗാന്ധി പ്രതിരോധമന്ത്രാലയം കൈകാര്യം ചെയ്തിരുന്നു. എന്നാലത് പ്രധാനമന്ത്രി പദത്തിനൊപ്പമുള്ള അധിക ചുമതലയായിരുന്നു. വലിയ വെല്ലുവിളിയാണ് ഏറ്റെടുക്കാനുള്ളത്.
സൈനിക ശക്തിയില്‍ മുന്‍നിരയിലാണ് ഇന്ത്യയെങ്കിലും ഏത് സമയത്തും അശാന്തമാകുന്ന അതിര്‍ത്തികളാണുള്ളത്. അയല്‍രാജ്യമായ പാക്കിസ്ഥാന്റെയും ചൈനയുടെയും കടന്നാക്രമണങ്ങള്‍ ചെറുക്കപ്പെടേണ്ടതുണ്ട്. അന്താരാഷ്ട്ര വേദികളില്‍ പ്രതിരോധ മന്ത്രിയെന്ന നിലയില്‍ വലിയ പങ്ക് വഹിക്കാനുണ്ട്. ഏറെ സങ്കീര്‍ണമായ സാഹചര്യത്തിലും നിര്‍മ്മലയില്‍ പ്രധാനമന്ത്രി വിശ്വാസമര്‍പ്പിക്കുന്നത് ഏത് ചുമതലയും ഏറ്റെടുത്ത് നിര്‍വ്വഹിക്കാന്‍ അവര്‍ക്ക് സാധിക്കുമെന്ന ഉറപ്പുള്ളതിനാലാണ്. ലോക വ്യാപാര സംഘടനയിലടക്കം ഇന്ത്യയുടെ നിലപാടുകള്‍ ശക്തമായി അവതരിപ്പിച്ചതും ഉഭയകക്ഷി ചര്‍ച്ചകളിലെ നിലപാടുകളും പ്രധാനമന്ത്രിയെ സ്വാധീനിച്ചിരുന്നു.
സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദവും ഡോകടറേറ്റും നേടിയിട്ടുള്ള തമിഴ്നാട് സ്വദേശിയായ നിര്‍മ്മലയുടെ പഴയ തട്ടകം ദല്‍ഹി ജവഹര്‍ലാല്‍ നെഹ്റു സര്‍വ്വകലാശാലയാണ്. വ്യവസായ വാണിജ്യ മന്ത്രിയെന്ന നിലയ്ക്കുള്ള അവരുടെ പ്രവര്‍ത്തനത്തില്‍ അക്കാദമിക് യോഗ്യത സഹായകരമായിരുന്നു. ബിബിസിയുടെ ഇന്ത്യയിലെ ചുമതല വഹിച്ചിരുന്ന നിര്‍മ്മല 2006ലാണ് ബിജെപിയില്‍ ചേര്‍ന്നത്. ഏതാനും വര്‍ഷങ്ങള്‍ പാര്‍ട്ടി വക്താവായി പ്രവര്‍ത്തിച്ചു.
പ്രതിരോധമന്ത്രിയെന്നതിന് പുറമെ, രാജ്യത്തിന്റെ സുരക്ഷാ കാര്യങ്ങളില്‍ തീരുമാനമെടുക്കുന്ന മന്ത്രിതല സമിതിയില്‍ നിര്‍മ്മല അംഗമാകും. വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് നിലവില്‍ കമ്മറ്റിയില്‍ അംഗമാണ്. ആദ്യമായാണ് കമ്മറ്റിയില്‍ ഒരേ സമയത്ത് രണ്ട് വനിതാ അംഗങ്ങളുണ്ടാകുന്നത്. മാധ്യമ പ്രവചനങ്ങള്‍ അപ്രസക്തമാക്കിയാണ് നിര്‍മ്മല പ്രതിരോധം ഏറ്റെടുത്തത്. ഇന്ത്യയെ സംബന്ധിച്ച് ചരിത്ര തീരുമാനവുമാണത്.
സ്ത്രീകള്‍ക്കുള്ള അംഗീകാരം
ന്യൂദല്‍ഹി: ഇന്ത്യയിലെ സ്ത്രീകളുടെ മികവിന് പ്രധാനമന്ത്രി നല്കിയ അംഗീകാരമാണ് പ്രതിരോധ മന്ത്രി സ്ഥാനമെന്ന് നിര്‍മ്മല സീതാരാമന്. രാജ്യത്തിനായി സ്ത്രീകള്‍ക്കും പലതും ചെയ്യാന്‍ സാധിക്കുമെന്ന സന്ദേശമാണ് പ്രധാനമന്ത്രി നല്‍കുന്നത്. വലിയ ഉത്തരവാദിത്വമാണ് തന്നെ ഏല്‍പ്പിച്ചിരിക്കുന്നത്. പ്രതീക്ഷക്കൊത്തുയരാന്‍ സാധിക്കുമെന്നാണ് വിശ്വാസം. എന്നില്‍ വിശ്വാസമര്‍പ്പിച്ച പാര്‍ട്ടി നേതൃത്വത്തോടും പ്രധാനമന്ത്രിയോടും നന്ദി പറയാന്‍ വാക്കുകളില്ല. അവര്‍ പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: