മലപ്പുറം: തൂശനില മുറിച്ച് വെച്ച് സമൃദ്ധിയുടെ ഓണമുണ്ണാനുള്ള അവസാനഘട്ട ഓട്ടപ്പാച്ചിലിലാണ് ഇന്ന് നാടും നഗരവും. ഓണസദ്യ കെങ്കേമമാക്കാനുള്ള മലയാളിയുടെ മത്സരബുദ്ധി വ്യാപാരചന്തകളില് ഇന്ന് പ്രകടമാകും. ഉപ്പ് തൊട്ട് കര്‍പ്പൂരം വരെ വാങ്ങിക്കൂട്ടി തിരുവോണത്തിന്റെ കേളി ഒളിമങ്ങാതെ കാക്കുകയാണ് മലപ്പുറംകാരും.
കുടുംബശ്രീ ഓണചന്തകളിലും സപ്ലൈകോ സ്റ്റോറുകള്‍ക്ക് മുന്നിലുമാണ് ഇത്തവണത്തെ പാച്ചില്‍ അവസാനിക്കുന്നത്. വിലക്കയറ്റത്തില്‍ വീര്‍പ്പുമുട്ടിയ ജനം വിലക്കുറവിന്റെ മേളകള്‍ തേടി ഓടുകയാണ്. വിദ്യാലയങ്ങള്‍ വ്യാഴാഴ്ച പൂട്ടിയതോടെ കുടുംബസമേതമാണ് പലരും സാധനങ്ങള്‍ വാങ്ങാനിറങ്ങുന്നത്. വിലക്കുറവിന്റെ ഓഫറുകള്‍ രണ്ടുനാളുകള്‍ കൂടിയേയുള്ളൂയെന്നത് നാട്ടുകാരുടെ വേഗം കൂട്ടുകയാണ്. ഓഫറുണ്ടാകുമെന്ന് എന്ന് കരുതി ഗൃഹോപകരണങ്ങള്‍ വാങ്ങുന്നത് പോലും പലരും ഓണനാളിലാണ്. എല്ലാം വാങ്ങിക്കൂട്ടാനുള്ള മലയാളുടെ ത്വരക്ക് ചിറകുകള് മുളക്കുന്ന ദിവസമാണ് ഉത്രാടം.
കുടുംബശ്രീ, കൈത്തറി-ഖാദി മേളകളിലും സര്‍ക്കാരിതര സംഘടനകള്‍ സംഘടിപ്പിക്കുന്ന മേളകളിലും ജനത്തിരക്കേറുകയാണ്. അടുക്കളിയില്‍ വേണ്ടതൊക്കെ കൈയെത്തും ദൂരത്ത് എത്തിക്കാന്‍ മലപ്പുറത്തെ വീട്ടമ്മാമാര്‍ ജാതിമത ഭേദമന്യേ ചന്തകളില്‍ തിരക്കുകൂട്ടും.
ജില്ലയിലെ പ്രസിദ്ധമായ എടപ്പാള്‍ പൂരവാണിഭത്തിന് ശേഷം ഓരോ ചെറിയ ടൗണിലും ജനതിരക്കേറുന്നത് ഉത്രാടത്തിലാണ്. തിരക്കുപിടിച്ച ജീവിതനെട്ടോട്ടങ്ങള്‍ക്കിടയില്‍ കുടുംബത്തോടൊപ്പം ഓണമുണ്ണാനെത്തുന്ന മലയാളിക്ക് പായസമടക്കമുള്ള ഇന്‍സ്റ്റന്റ് ഓണസദ്യയുമായി കാറ്ററിംങ് ഗ്രൂപ്പുകാരും രംഗത്തുണ്ട്. ഒരിലക്ക് 180 മുതല്‍ 220 വരെയാണ് ഇതിന്റെ വില.
സര്‍ക്കാര്‍ ഓഫീസുകളിലും വിദ്യാലയങ്ങളിലും സംഘടനകള്‍ സംഘടിപ്പിക്കുന്ന പൂക്കള മത്സരങ്ങളിലേക്കും പൂവിന് ആവശ്യക്കാരേറെയായതിനാല്‍ പൂ വിപണിയില്‍ വലിയ വിലയാണ് അനുഭവപ്പെടുന്നത്. പച്ചക്കറി വിപണിയില്‍ ഓണമടുപ്പിച്ച് ഉള്ളിക്കും തക്കാളിക്കുമടക്കം വലിയ വില വര്‍ധനയുണ്ടായിട്ടുണ്ട്. നിത്യോപയോഗ സാധനങ്ങള്‍ വാങ്ങിക്കാനാണ് ഇക്കുറി തിരക്ക് കൂടുതല്‍ അനുഭവപ്പെടുന്നത്.
ജിഎസ്ടിയില്‍ വ്യക്തതയില്ലാതെ വ്യാപാരികള്‍ പലയിനങ്ങള്‍ക്കും വിലകൂട്ടിയതിനാല്‍ സ്വകാര്യ വ്യാപാര മേഖലയെ ജനം കൈയൊഴിഞ്ഞ മട്ടാണ്. സപ്ലൈകോ-കണ്‍സ്യൂമര്‍ഫെഡ്, ത്രിവേണി സൂപ്പര്‍ മാര്‍ക്കറ്റുകള്‍ക്ക് മുന്നില്‍ ജനതിരക്കേറുകയാണ്. സബ്സിഡി ഇനങ്ങള്‍ക്ക് പുറമേ നോണ്‍ മാവേലി സ്റ്റേഷനറി സാധനങ്ങളുടെ വില ജിഎസ്ടി പരിധിയില്‍ ഉള്‍പ്പെടുത്തിയതിനെ തുടര്‍ന്ന് ഇത്തരം ഇനങ്ങള്‍ക്ക് ഇവിടെ വിലക്കുറവുള്ളതിനാലാണ് ജനം സര്‍ക്കാര്‍ വില്‍പ്പനശാലകളിലേക്ക് എത്തുന്നത്.
അത്തം മുതല്‍ പൂരാടം വരെയുള്ള ദിവസങ്ങളില്‍ അഞ്ച് ദിവസവും മഴയായതിനാല്‍ ഉത്രാടവും മഴ നനയുമോയെന്ന ഭീതിയിലാണ് വ്യാപാരികള്‍. ഓണവിപണി മുന്നില്‍ കണ്ട് ലക്ഷങ്ങളാണ് ഓരോ വ്യാപാരിയും മുതല്‍ മുടക്കിയിരിക്കുന്നത്.
ഗൃഹാതുരതയുടെ ഓണം പഴമക്കാര്‍ക്ക് മാത്രമാകുമ്പോള്‍ പുത്തന്കലമുറ ഓണ്‍ലൈന്‍ ഉത്രാടപ്പാച്ചിലിലാണ്. എല്‍ഇഡി ടിവി, ലാപ്ടോപ്പ്, മൊബൈല്‍ ഫോണ്‍, വാച്ച് തുടങ്ങി ഓണ്‍ലൈന്‍ വ്യാപാര ശൃഖലകള് കോടികളുടെ കച്ചവടമാണ് നടത്തുന്നത്. ഓണനാളുകളില്‍ ഏറ്റവും കൂടുതല്‍ വില്‍പ്പന നടന്നത് മൊബൈല്‍ ഫോണാണ്. ഓണ്‍ലൈനിലും സോഷ്യല്‍ മീഡിയയിലും സജീവമാകുന്ന പുതുതലമുറക്ക് പൂക്കളുടെ പൊന്നോണവും പൂരാടവാണിഭവും ഉത്രാടപ്പാച്ചിലും വെറും വിരല്തുമ്പിലൊതുങ്ങും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: