കോഴഞ്ചേരി: ആറന്മുള ശ്രീപാര്‍ത്ഥസാരഥിക്ക് ഓണവിഭവങ്ങളുമായി തിരുവോണത്തോണി കാട്ടൂര്‍ മഹാവിഷ്ണു ക്ഷേത്രക്കടവില്‍നിന്നും ഇന്ന് പുറപ്പെടും. തിരുവോണനാളായ നാളെ രാവിലെ 6 മണിക്ക് ആറന്മുള ക്ഷേത്രക്കടവിലെത്തിച്ചേരും.
ഇന്നു വൈകിട്ട് ദീപാരാധനയ്ക്ക് ശേഷം വഞ്ചിപ്പാട്ടിന്റെയും നാമമന്ത്രങ്ങളും വായ്ക്കുരവയും നിറഞ്ഞ ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തില്‍ പള്ളിയോടങ്ങളുടെ അകമ്പടിയോടെയാണ് തിരുവോണതോണി കാട്ടൂരില്‍നിന്നും പുറപ്പെടുന്നത്.
അടുത്ത ഒരു വര്‍ഷത്തെ പൂജാദികര്‍മ്മങ്ങള്‍ക്ക് സാക്ഷിയാകുന്ന അഗ്നി കാട്ടൂര്‍ മഹാവിഷ്ണു ക്ഷേത്രത്തില്‍നിന്നും പകര്ന്നുകൊണ്ടാണ്ക്ഷേത്രക്കടവില്നിന്നും പുറപ്പെടുന്നത്. തോണിയില്‍ മങ്ങാട്ട് ഭട്ടതിരിയും അകമ്പടിയായി കാട്ടൂരിലെ അവകാശികളായ 18 കുടുംബങ്ങളിലെ അംഗങ്ങളും യാത്ര തിരിക്കും.
തിരുവോണനാളില്‍ രാവിലെ ആറന്മുള ക്ഷേത്രക്കടവിലെത്തുന്ന തോണിയെ പമ്പാനദികളുടെ ഇരുകരകളിലെയും കരക്കാരും ഭക്തജനങ്ങളും നിലവിളക്കും ദീപക്കാഴ്ചയുമായി വരവേല്‍ക്കും. തിരുവോണത്തോണിക്ക് കാട്ടൂര്‍ മുതല്‍ ആറന്മുള വരെ പള്ളിയോടങ്ങള്‍ അകമ്പടിയും സേവിക്കും. അയിരൂര്‍ മഠത്തില്‍ വിശ്രമിച്ച ശേഷം വെച്ചൂര്‍ മനയിലെത്തുമ്പോള്‍ കരക്കാരുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കും. കൈപ്പുഴ കയത്തിലെത്തുമ്പോള് തോണിയില്‍ നിന്നും 3 പിടി അരി കയത്തില്‍ നിക്ഷേപിക്കും. ഐതിഹ്യവും, വിശ്വാസപരവുമായ ഈ ചടങ്ങ് ഇന്നും മുടങ്ങാതെ തുടരുന്നു.
അരുണോദയത്തില്‍ ആറന്മുള ക്ഷേത്രകടവിലെത്തുന്ന തിരുവോണതോണിയെ ദേവസ്വം അധികാരികള്‍, ക്ഷേത്രോപദേശക സമിതി, പള്ളിയോട സേവാസംഘം ഭാരവാഹികള്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിക്കും. ക്ഷേത്രത്തില്‍ പ്രവേശിക്കുന്ന മങ്ങാട്ട് ഭട്ടതിരി കാട്ടൂരില്‍നിന്നും ഏറ്റുവാങ്ങിയ ഭദ്രദീപം മേല്‍ശാന്തിക്ക് കൈമാറുകയും ഓണവിഭവങ്ങള്‍ പാര്‍ത്ഥസാരഥിക്ക് സമര്‍പ്പിക്കുകയും ചെയ്യും. ഏറ്റുവാങ്ങിയ ഭദ്രദീപം മേല്‍ശാന്തി കിടാവിളക്കിലേക്ക് പകരും.
ക്ഷേത്രത്തിലെ പൂജാകര്‍മ്മങ്ങളില്‍ പങ്കെടുത്ത് തിരുവോണ സദ്യയും കഴിച്ച് മങ്ങാട്ട് ഭട്ടതിരി ദേവസ്വം ബോര്‍ഡ് നല്കുന്ന പണക്കിഴി സ്വീകരിക്കുകയും അത് ആറന്മുളയപ്പന് സമര്‍പ്പിക്കുകയും ചെയ്യും. അടുത്ത വര്‍ഷവും തിരുവോണനാള്‍ മുടക്കം കൂടാതെ വന്നെത്തുവാന്‍ അനുഗ്രഹിക്കണം എന്ന പ്രാര്‍ത്തനയോടെ രാത്രി നട അടച്ചശേഷം ഭട്ടതിരി കുമാരനെല്ലൂരിലേക്ക് മടങ്ങും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: