ചൂടാറുംമുമ്പേ തിരുവന്‍വണ്ടൂര്‍ ഗോശാലകൃഷണന് ഒരു ലിറ്റര്‍ പാല്‍ നല്‍കും. ഇന്ന് പ്രതിദിനം 4000 ലിറ്റര്‍ പാല്‍ ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ വിവിധ പ്രദേശങ്ങളില്‍ ഉപഭോക്താകള്‍ക്കായി എത്തിക്കുന്നു. ചെങ്ങന്നൂര്‍ തിരുവന്‍വണ്ടൂര്‍ അമ്പാടി ഡയറിഫാമില്‍ നിന്നാണ് പാല്‍ എത്തുന്നത്. തോപ്പില്‍ ടി.വി.അനില്‍കുമാറാണ് ഫാം നടത്തുന്നത്.
2006 ല്‍ രണ്ട് ജഴ്‌സി പശുക്കളുമായി തുടങ്ങിയ ഫാമില്‍ ഇന്ന് നാനൂറ് പശുക്കളാണുള്ളത്. പശുവളര്‍ത്തലും പരിപാലനവും ഏറെ ഇഷ്ടപ്പെടുന്ന അനില്‍കുമാര്‍ ദിവസവും ആദ്യം കറന്നെടുക്കുന്ന പാല്‍ ഭഗവാന് നല്‍കും തന്റെ വിജയത്തിനും ഭാഗ്യത്തിനും കാരണം തിരുവന്‍വണ്ടൂര്‍ ഗോശാലകൃഷ്ണന് നല്‍കുന്ന ഈ ഇടങ്ങഴിപാലിന്റെ അനുഗ്രമാണെന്ന് വിശ്വാസം. ആധുനിക സംവിധാനത്തിലൂടെ സംസ്ഥാനത്ത് വ്യാവസായികാടിസ്ഥാനത്തിലുള്ള മികച്ച ഡെയറിഫാമിനുള്ള ക്ഷീരശ്രീ പുരസ്‌കാരവും ഇതിനോടകം അനില്‍കുമാറിനെ തേടിയെത്തി.
മേല്‍ക്കൂരയ്‌ക്കു കീഴെ പശുക്കളെ അഴിച്ചു വിട്ടു വളര്‍ത്തുന്ന ഫ്രീ സ്റ്റാള്‍ രീതിയിലാണ് അനിലിന്റെ പശുപരിപാലനം. ഓരോ വിഭാഗത്തിലുമുള്ള പശുക്കളെ പ്രത്യേകം പാര്‍പ്പിച്ചിരിക്കുന്നു. എച്ച് എഫ് ജേഴ്‌സി ഇനത്തില്‍പ്പെട്ട നാനൂറ് പശുക്കളെ കൂടാതെ മൂന്നൂ വെച്ചൂര്‍ പശുക്കളും ഫാമിനെ സംപുഷ്ടമാക്കുന്നു. പശുക്കള്‍ക്ക് തീറ്റ നല്‍കുന്നതിലും ആധുനിക സംവിധാനമാണ് ഉപയോഗിക്കുന്നത്. ഫാമിന്റെ ഇടനാഴിയിലൂടെ ട്രാക്ടറില്‍ ഘടിപ്പിച്ച മെഷിന്‍ കടത്തിവിടും. വൈക്കോല്‍ ഉള്‍പ്പടെയുള്ള തീറ്റ കൃത്യമായി ഇരുവശത്തേക്കുമായി പശുക്കളുടെ മുന്നില്‍ വീഴും.
പകുതി വിളവെത്തിയ ചോളവും (സൈലേജ്) ചോളപ്പൊടി, പിണ്ണാക്ക്, തവിട് എന്നിവയും ചേര്‍ത്തുണ്ടാക്കുന്ന മിശ്രിതമാണ് തീറ്റയായി നല്‍കുന്നത്. കന്നുകാലികള്‍ക്ക് കാറ്റു കിട്ടാന്‍ കൂറ്റന്‍ ഫാനുകള്‍ സ്ഥാപിച്ചിരിക്കുന്നു. യന്ത്രമുപയോഗിച്ചാണ് പശുക്കളെ കറക്കുന്നത്. 12 പശുക്കളെ കറവയന്ത്രമുപയോഗിച്ച് കറക്കാം.
മറ്റൊരു പ്രത്യേകത മില്‍ക്ക് വൈന്‍ഡിങ് മെഷീനാണ്. വാനില്‍ ഘടിപ്പിച്ചിട്ടുള്ള മെഷീനില്‍ സെറാമിക് കാര്‍ഡ് സൈ്വപ് ചെയ്ത് ആവശ്യമുള്ള പാലിന്റെ അളവ് രേഖപ്പെടുത്തിയാല്‍ മെഷിനിനു ചുവടെയുള്ള ഭാഗത്ത് വെച്ച പാത്രത്തില്‍ പാല്‍ നിറയും. പശുവില്‍നിന്ന് കിട്ടുന്ന ചാണകവും അനിലിന് നല്ലൊരു വരുമാനമാര്‍ഗ്ഗമാണ്. പ്രദേശത്തെ മിക്ക കാര്‍ഷിക വിള കര്‍ഷകരും അമ്പാടി ഡെയറി ഫാമിലെത്തി ചാണകം കൊണ്ടുപോകാറുണ്ട് ഉണങ്ങിയ ചാണകം മാത്രമെ അനില്‍ കര്‍ഷകര്‍ക്ക് നല്‍കാറുള്ളൂ.
പലവിധ പ്രവര്‍ത്തികള്‍ക്കായി 35 ഓളം ജോലിക്കാരുണ്ട് ഫാമില്‍. പശുപരിപാലനത്തിലും വളര്‍ത്തലിലും ഭാര്യ ഇന്ദുലേഖയും മക്കളായ അനന്തുവും ആരോമലും അനിലിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണയേകുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: