ജീവിതവഴിയില്‍ ഒറ്റപ്പെട്ടുപോകാന്‍ വിധിക്കപ്പെടുന്ന ചിലരുണ്ട്. ഉറ്റവരും ഉടയവരുമില്ലാതെ, പങ്കുവയ്ക്കുവാന്‍ വേണ്ടുവോളം ദുഖം ഉള്ളില്‍ പേറി, ആഘോഷങ്ങളുടെ നിറങ്ങളില്ലാതെ ജീവിക്കേണ്ടിവരുന്നവര്‍. തനിച്ചായിപ്പോകുന്നത് ജീവിതത്തിലെ ഏതെങ്കിലുമൊരുഘട്ടത്തിലാവാം. മാതാപിതാക്കളുടെ സ്നേഹവാത്സല്യങ്ങള്‍ നുകരാതെ തനിച്ചായിപ്പോകുന്ന ആരോരുമില്ലാത്ത കുഞ്ഞുങ്ങള്‍ക്ക് തുണയാകുന്ന ഒരു സ്ഥാപനമുണ്ട് ആലുവയ്ക്കടുത്ത് എടത്തലയില്‍. കുട്ടികളുടെ ഗ്രാമം.
അവിടെ അവരെ സ്വന്തം മക്കളെപ്പോലെ സംരക്ഷിക്കാന്‍ കുറേ അമ്മമാരും. ആരും ഇല്ല എന്ന തോന്നലില്‍ ഒറ്റപ്പെടാന്‍ അനുവദിക്കാത്ത സാഹോദരങ്ങളാലും സമ്പന്നമാണ് ഇവിടുത്തെ ഓരോ കുരുന്നുകളുടേയും ജീവിതം. അവര്‍ പരസ്പരം തുണയാകുന്നു.
ഈ ഗ്രാമത്തിലെത്തിയാല് അനാഥത്വത്തിന്റേതായ എല്ലാ വേദനയും മറക്കാം. പകരം വാത്സല്യത്തിന്റെയും, സ്നേഹത്തിന്റെയും മധുരം രുചിക്കാം. സ്വന്തം കുടുംബത്തിന്റെ കരുതലും, സംരക്ഷണവും നഷ്ടമായ കുട്ടികള്‍ക്ക് സ്നേഹനിധിയായ അമ്മയ്ക്കൊപ്പം സഹോദരങ്ങളും കൂട്ടുണ്ടാകും.
കുട്ടികളിലൂടെ അമ്മമാരും അവര്‍ക്ക് നഷ്ടപ്പെട്ട മാതൃത്വം ആസ്വദിക്കുന്നു. വിധിമൂലം കുടുംബ ജീവിതം നഷ്ടപ്പെട്ടവരും, ജീവിതത്തില്‍ ഇണയില്ലാത്ത കഴിയാന്‍ തീരുമാനിച്ചവരുമാണ് ഇവിടുത്തെ അമ്മമാര്‍. മാതൃസങ്കല്പങ്ങളെ മാറ്റിയെഴുതുകയാണ് എസ്ഒഎസ് ഗ്രാമം. 1990ല്‍ സ്ഥാപിതമായ കേരളത്തില്‍ രണ്ടാമത്തെ എസ് ഒ എസ്(സേവ് അവര്‍ സോള്‍സ്)വില്ലേജാണിത് . തൃശൂരില്‍ 1983ലാണ് കേരളത്തിലെ ആദ്യത്തെ എസ്ഒഎസ് വില്ലേജ് നിലവില്‍ വന്നത്.
എസ് ഒ എസിന്റെ പിറവി
അനാഥത്വം മറക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പ്രസ്ഥാനം ആരംഭിച്ചത്. രണ്ടാം ലോകമഹായുദ്ധത്തെ തുടര്‍ന്ന് തെരുവില്‍ അനാഥരായി അലഞ്ഞ കുട്ടികളുടെ നൊമ്പരപ്പെടുത്തുന്ന കാഴ്ചയാണ് ഡോ ഹെര്‍മന്‍ മൈനറെന്ന മനുഷ്യസ്നേഹിയെ എസ് ഒ എസ് എന്ന സംഘടന രൂപീകരിക്കാന്‍ പ്രേരിപ്പിച്ചത്.
1949ല്‍ ഓസ്ട്രിയയിലെ ഈസ്റ്റിലാണ് തുടക്കം. തെരുവില്‍ അലഞ്ഞ കുട്ടികളെ ഹെര്‍മന്‍ തന്റെ വീട്ടിലേക്ക് ക്ഷണിച്ചു. കുട്ടികളുടെ എണ്ണം കൂടിയപ്പോള്‍ അവരെ നോക്കാനായി ചില വനിതകളേയും നിയമിച്ചു. അമ്മയെ പോലെ കരുതി കുട്ടികളെ സ്നേഹിച്ചവര്‍ പിന്നീടവര്‍ക്ക് അമ്മയായി. ഇന്ന് 133 രാജ്യങ്ങളില്‍ എസ്ഒഎസ് പ്രവര്‍ത്തിക്കുന്നു. ഇന്ത്യയിലെ 25 സംസ്ഥാനങ്ങളിലായി 32 എസ്ഒഎസ് ഗ്രാമങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
കുട്ടികളുടെ ഗ്രാമം
15 വീടുകള്‍ അടങ്ങുന്നതാണ് ആലുവ എസ്ഒഎസ്സിലെ കുട്ടികളുടെ ഗ്രാമം. ആകെയുള്ളത് 15 വീടുകള്‍. ഓരോ വീട്ടിലും 10 കുട്ടികളും, അവര്‍ക്ക് കൂട്ടായി ഒരമ്മയും. ചൈല്‍ഡ് ലൈന്‍ കമ്മിറ്റി മുഖേനയാണ് കുട്ടികള്‍ ഇവിടെയെത്തുന്നത്. 3 വയസ്സ് മുതല്‍ 14 വയസ്സ് വരെയുള്ളവരാണ് കുട്ടികളുടെ ഗ്രാമ വീട്ടില്‍ കഴിയുന്നത്. പിന്നീട് 14 വയസ്സ് പൂര്‍ത്തിയാകുന്ന ആണ്‍കുട്ടികളെ സമീപമുള്ള യൂത്ത് ഹോസ്റ്റലിലേക്ക് മാറ്റും. ഉന്നത വിദ്യാഭ്യാസത്തിന് പോകുന്നവര്‍ അതത് സ്ഥാപനത്തിലെ ഹോസ്റ്റലുകളിലാണ് താമസിക്കുന്നത്. ഇതിന്റെ ചിലവ് എസ്ഒഎസ് ആണ് വഹിക്കുന്നത്.
സ്നേഹനിധിയായ അമ്മമാര്‍
അമ്മേ എന്ന് വിളിച്ച് ഓടിയണയാന്‍ ഒത്തിരികുട്ടികള്. അവരുടെ പരിഭവങ്ങളും കുറുമ്പും കളിചിരികളും കണ്ട് മനംനിറയുന്നവര്. മറ്റ് അനാഥാലയങ്ങളില്‍ നിന്നും എസ്ഒഎസ് ഗ്രാമങ്ങളെ വ്യത്യസ്തമാകുന്നത് ഇവിടുത്തെ ഈ അമ്മമാരാണ്. 35 വയസ്സിന് മുകളിലുളളവരെയാണ് ഇവിടെ അമ്മമാരായി നിയോഗിക്കുന്നത്. 60 വയസ്സ് വരെ അവര്‍ക്ക് ജോലിയില്‍ തുടരാം.
അവിവാഹിതര്‍, വിധവകള്‍, കുഞ്ഞുങ്ങളില്ലാത്തവര്‍ തുടങ്ങിയവരെയാണ് അമ്മമാരായി പരിഗണിക്കുന്നത്. ദല്‍ഹിയില്‍ നല്കുന്ന രണ്ട് വര്‍ഷത്തെ പരിശീലനത്തിന് ശേഷമാണ് ഇവരെ നിയോഗിക്കുന്നത്. വിരമിക്കലിന് ശേഷവും ഇവര്‍ക്ക് എസ്ഒഎസിന്റെ റിട്ടയേര്‍ഡ് ഹോമില്‍ താമസിക്കാം.
എന്നാല്‍ ഇവരുടെ മാതൃസ്നേഹം അനുഭവിച്ചിട്ടുള്ള മക്കളില്‍ പലരും ഇവരെ പിന്നീട് ഇവിടങ്ങളില്‍ നിന്ന് തങ്ങളുടെ ഒപ്പം കൂട്ടികൊണ്ട് പോകാറുണ്ട് എന്നത് മറ്റൊരു വസ്തുത. കുഞ്ഞായിരുന്നപ്പോള്‍ നല്കിയ ലാളനകള്‍ വാര്‍ദ്ധ്യകത്തില്‍ അവര്‍ക്ക് അനുഗ്രഹമായി ഇങ്ങനെ തിരിച്ചുകിട്ടുന്നു.
ഒരു വീടിന്റെ അന്തരീക്ഷത്തില്‍ മക്കളായി തന്നെയാണ് കുട്ടികള്‍ അമ്മമാര്‍ക്കൊപ്പം ജീവിക്കുന്നത്. രാവിലെ ഉണരുന്നത് മുതല്‍ സ്കൂളില്‍ പോകുന്നത് തുടങ്ങി കുട്ടികളുടെ എല്ലാ കാര്യത്തിലും അമ്മതന്നെയാണ് അവസാന വാക്ക്. ഓരോ വീട്ടിലെയും മക്കളുടെ ഇഷ്ടത്തിനനുസരിച്ചാണ് അമ്മമാര്‍ ഭക്ഷണ കാര്യങ്ങളും മറ്റും തീരുമാനിക്കുന്നത്.
സ്കൂള്‍ കാലയളവില്‍ ഇവര്‍ക്ക് ഇംഗ്ലീഷ്, കമ്പ്യൂട്ടര്‍ വിദ്യാഭ്യാസവും നല്‍കുന്നുണ്ട്. 25 വയസ്സ് വരെ കുട്ടികളുടെ സംരക്ഷണത്തിന് എസ്ഒഎസ് പ്രവര്‍ത്തിക്കും. ഇതിനിടയില്‍ ഇവര്‍ ഏതെങ്കിലും തൊഴില്‍മേഖലയില്‍ പ്രവേശിച്ചിരിക്കും.
പെണ്‍കുട്ടികളുടെ വിവാഹവും എസ്ഒഎസ്സിന്റെ നേതൃത്വത്തിലാണ് നടത്തുന്നത്. ഡോക്ടര്‍, എഞ്ചിനീയര്‍ തുടങ്ങി വിവിധ മേഖലകളില്‍ എസ്ഒഎസ്സിലെ കുട്ടികളുണ്ട്. ഇവിടെ നിന്നും പുറത്ത് പോയവര്‍ വരും തലമുറയ്ക്ക് വേണ്ട സഹായങ്ങളും ചെയ്യുന്നുണ്ട്.
പ്രകൃതിയോട് ഇണങ്ങിനില്‍ക്കുന്ന ജീവിതമാണ്്. പച്ചപ്പ്. ആഘോഷങ്ങളൊന്നും തന്നെ കുട്ടികള്‍ക്ക് അന്യമല്ല. ജാതിമതഭേദമന്യേ എല്ലാ ആഘോഷങ്ങളും കുട്ടികളുടെ ഗ്രാമത്തില്‍ നടത്താറുണ്ട്. സ്ഥാപകനായ ഡോ ഹെര്‍മന്‍ മെന്നറുടെ ജന്മദിനം എസ്ഒഎസ് ദിനമായാണ് ആചരിക്കുന്നത്. തിരുവോണം ഉള്‍പ്പടെയുള്ള വിശേഷ ദിവസങ്ങളില്‍ സാധാരണ ഒരു വീട്ടില്‍ നടത്തുന്ന എല്ലാ ആഘോഷങ്ങളും ഇവിടെയും നടത്താറുണ്ട്.
അന്ന് ഭക്ഷണം എല്ലാവരും ഒന്നിച്ചാണ് കഴിക്കുന്നത്. പ്രധാന ആഘോഷ ദിനങ്ങള്‍, ഇവിടെ നിന്ന് പോയവര്‍ക്ക് തങ്ങളുടെ പഴയ വീട്ടിലേക്കുള്ള ഒരു മടങ്ങി വരവിനുള്ള അവസരമാണ്. അവരുടെ വരവിനായി അമ്മമാരും, കുഞ്ഞ് സഹോദരങ്ങളും കാത്തിരിക്കും.
ഒരു കുട്ടിയുടെ ചിലവുകള്‍ക്കായി വര്‍ഷം 10,800 രൂപയും, വിദ്യാഭ്യാസത്തിനായി 21,600 രൂപയുമാണ് വേണ്ടിവരുന്നത്. നന്മവറ്റാത്ത മനസ്സിന് ഉടമകളാണ് ഈ ചിലവ് വഹിക്കുന്നത്. സമൂഹത്തിന്റെ നന്മ ആഗ്രഹിക്കുന്ന ആര്‍ക്കും അനുകരിക്കാവുന്ന മാതൃകയാണ് എസ്ഒഎസ് ഗ്രാമം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: