ബെംഗളൂരു: അടുത്ത വിദ്യാഭ്യാസവര്‍ഷത്തോടെ രാജ്യത്തൊട്ടാകെയുള്ള 800 എന്‍ജിനിയറിങ്ങ് കോളേജുകള്‍ അടച്ചുപൂട്ടാന്‍ ദേശീയ സങ്കേതിക വിദ്യാഭ്യാസ കൗണ്‍സില്‍( എഐസിടിഇ) നിര്‍ദ്ദേശിച്ചു.
കുട്ടികളില്ലാത്തതും സ്ഥാപനങ്ങള്‍ക്കും അവിടങ്ങളിലെ പഠനത്തിനും നിലവാരം ഇല്ലാത്തതുമാണ് കാരണം. കൗണ്‍സിലിന്റെ കര്‍ശനവ്യവസ്ഥകള്‍ പാലിക്കാന്‍ സാധിക്കാതെ പ്രതിവര്‍ഷം നൂറ്റന്പതോളം എന്‍ജി.കോളേജുകള്‍ സ്വയം അടച്ചുപൂട്ടുന്നുമുണ്ടെന്ന് കൗണ്‍സില്‍ ചെയര്മാന് അനില്‍ ദത്താത്രേയ സഹസ്രബുദ്ധേ പറഞ്ഞു.
അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലാത്ത, അഞ്ചു വര്‍ഷം തുടര്‍ച്ചയായി 30 ശതമാനം കുട്ടികളെപ്പോലും ലഭിക്കാത്തവ പൂട്ടണമെന്നാണ് നിര്‍ദ്ദേശം. 2015 മുതല്‍ 2017 വരെയായി 410 എണ്ണം പൂട്ടാന്‍ കൗണ്‍സില്‍ അനുമതി നല്‍കിക്കഴിഞ്ഞു. ഇവയില്‍ ഇരുപതെണ്ണം കര്‍ണ്ണാടകത്തിലാണ്.
ബാക്കി തമിഴ്നാട്, ആന്ധ്ര, തെലങ്കാന, യുപി, മഹാരാഷ്ട്ര, ഹരിയാന, ഗുജറാത്ത്, മധ്യപ്രദേശ് തുടങ്ങിയ സ്ഥലങ്ങളിലും. ഇവ പൂട്ടുകയോ സയന്‍സ്ന് ആര്‍ട്ട്സ് കോളേജുകളാക്കി മാറ്റുകയോ ആണ് ചെയ്യുന്നത്. സിലബസ് പുതുക്കാത്തതാണ് വിദ്യാര്‍ഥികള്‍ കുറയാനും നിലവാരമില്ലാതാകാനുമുള്ള ഒരു കാരണം.
എന്‍ജിനിയറിങ്ങ് വിദ്യാഭ്യാസത്തിന്റെ നിലവാരം വര്‍ദ്ധിപ്പിക്കാന്‍ അധ്യാപകര്‍ക്ക് പ്രത്യേക പരിശീലനം നല്‍കാനും കൗണ്‍സില്‍ പദ്ധതിയിട്ടിട്ടുണ്ട്.പല കോഴ്സുകളും പഴകിയതാണ്. ഇവ പഠിക്കാന്‍ ആളില്ല. മാറുന്ന കാലഘട്ടത്തിനനുസരിച്ച് വേണ്ട കോഴ്സുകള്‍ പഠിപ്പിക്കണം. അതില്ലാത്തതാണ് വിദ്യാര്‍ഥികള്‍ കുറയാന്‍ ഒരു കാരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: