മലപ്പുറം: നാട് പെരുന്നാളാഘോഷത്തിന്റെ ആലസ്യത്തില്‍ നിന്നും ഇനി ഓണത്തിരക്കിലേക്ക്. ഓണക്കോടിയും ഗൃഹോപകരണങ്ങളും വാങ്ങാന്‍ രണ്ടുനാള്‍ ഓട്ടം. ഇന്നലെ പെരുന്നാള്‍ ദിനമായിരുന്നതിനാല്‍ മിക്ക സ്ഥാപനങ്ങള്‍ക്കും അവധിയായിരുന്നു. ഇന്നും നാളെയും ഓണം കെങ്കേമമാക്കാന്‍ നാടിന്റെ നാനാഭാഗത്തുനിന്നും ജനങ്ങള്‍ പ്രധാന ടൗണുകളിലേക്ക് ഒഴുകിയെത്തും.
ഇനിയുള്ള രണ്ടു ദിവസം വസ്ത്രവ്യാപാര സ്ഥാപനങ്ങളിലെല്ലാം തിരക്ക് അനുഭവപ്പെടുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികള്‍. രണ്ടു മാസത്തിലേറെയായി ആലസ്യത്തിലായ വ്യാപാര മേഖലക്ക് നേട്ടം കിട്ടുമെന്ന പ്രതീക്ഷയില്‍ നേരത്തെ തന്നെ പുതിയ സ്റ്റോക്കുകള്‍ എത്തിച്ചിരുന്നു. ഓണത്തോടനുബന്ധിച്ചു വിവിധതരം ഓഫറുകളും സമ്മാനങ്ങളും വ്യാപാര സ്ഥാപനങ്ങള്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഉപഭോക്താക്കളെ നിരവധി ഓഫറുകളുടെ നീണ്ടനിരതന്നെയുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും ആഭിമുഖ്യത്തില്‍ ഓണാഘോഷം എല്ലായിടങ്ങളിലും സംഘടിപ്പിച്ചിരുന്നു. സാംസ്കാരിക സംഘടനകളുടെ ആഘോഷ പരിപാടികള്‍ വരും ദിവസങ്ങളിലും ഉണ്ട്.
നാട് ന്യൂജെന്‍ ആഘോഷത്തിന്റെ പിടിയിലമര്‍ന്നതോടെ അത് മുതലാക്കാന്‍ ഹോട്ടലുകളും ഒരുങ്ങി. വിഭവസമൃദ്ധമായ ഓണസദ്യയും പായസുവുമെല്ലാം ഹോട്ടലുകളില്‍ ഒരുക്കിയിട്ടുണ്ട്. ഇതിന്റെ ബുക്കിങ്ങ് നടന്നു വരുന്നു. ഓണത്തിരക്ക്് മുതലാക്കാന്‍ കാറ്ററിംഗ് സ്ഥാപനങ്ങളും രംഗത്തുണ്ട്. പച്ചക്കറി വിപണി കീഴടക്കാന്‍ കുടുംബശ്രീകളുടെ നേതൃത്വത്തില്‍ പ്രത്യേക സ്റ്റാളുകള്‍ സജ്ജമായി.
ആഘോഷം കേമമാക്കണമെന്ന ആഗ്രഹത്തിന് മേല്‍ വിലക്കയറ്റം കരിനിഴലായി മാറുകയാണ്. സദ്യയില്ലാതെ ഓണത്തെക്കുറിച്ച് മലയാളിക്ക് ചിന്തിക്കാന്‍ പോലും സാധിക്കില്ല. പക്ഷേ ഈ സദ്യ ഒരുക്കണമെങ്കില്‍ പച്ചക്കറി അത്യാവശ്യമാണ്. എന്നാല്‍ ഇന്നത്തെ വിലക്ക് പച്ചക്കറി വാങ്ങി സദ്യയുണ്ടാക്കിയാല്‍ അതിനൊരു രുചി ഉണ്ടാകില്ലെന്നുറപ്പാണ്. കാരണം പൊള്ളുന്ന വിലയാണ് പച്ചക്കറികള്‍ക്ക്. ഓണക്കാലത്തുള്ള ഈ വിലക്കയറ്റം കുറച്ച് വര്‍ഷങ്ങളായുള്ള പതിവാണ്. ഓണം വന്നതോടെ വിലകള്‍ ഇരട്ടിയിലധികമായി വര്‍ധിച്ചിരിക്കുകയാണ്. 15 രൂപയുണ്ടായിരുന്ന സവോളക്ക് 36 രൂപയായി. ചെറിയ ഉള്ളി, തക്കാളി, പയര്‍, മുരിങ്ങക്കായ, വെണ്ടക്ക മുതലായ മുഴുവന്‍ സാധനങ്ങളും അത്തത്തിന് മുമ്പ് തന്നെ വില കൂട്ടിയാണ് വില്‍ക്കുന്നത്.
അത്തം മുതല്‍ തുടങ്ങിയ മഴ തിരുവോണത്തിലേക്ക് അടുത്തപ്പോഴേക്കും മാറി. കാലാവസ്ഥ വരെ അനുകൂലമായിട്ടും സമാധാനത്തോടെ ഓണം ആഘോഷിക്കാനാവാത്ത അവസ്ഥയിലാണ് ജനങ്ങള്‍. 1000 രൂപക്ക് സമൃദ്ധമായ ഓണസദ്യ ഒരുക്കിയിരുന്ന അണുകുടുംബങ്ങള്‍ പോലും നിരാശയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: