തിരുവല്ല: ആലപ്പുഴ ജില്ലയിലെ അപ്പര്‍ കുട്ടനാടന്‍ മേഖലകളില്‍ താറാവുകള്‍ കൂട്ടത്തോടെ ചാകുന്നത് ആശങ്കപരത്തുന്നു.വീയപുരം, എടത്വാ പ്രദേശങ്ങളിലാണ് താറാവുകള്‍ കൂട്ടത്തോടെ ചത്തത്.നിലവില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും രോഗം പടരാതിരിക്കാനുള്ള മുന്‍കരുതല്‍ സ്വീകരിച്ചുകഴിഞ്ഞതായി മൃഗസംരക്ഷണവകുപ്പ് അധികൃതര്‍ അറിയിച്ചു.
വീയപുരം മാര്ത്താണ്ഡംപറമ്പില് മാത്യു ഫിലിപ്പിന്റെ രണ്ടായിരത്തോളം വരുന്ന താറാവിന്കുഞ്ഞുങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിലായി ചത്തത്. താറാവിന്‍കുഞ്ഞുങ്ങള്‍ മയങ്ങിനിന്നശേഷം കുഴഞ്ഞുവീണ് ചാകുകയാണ്. മൃഗസംരക്ഷണവകുപ്പ് സര്ജന് ഡോ. പ്രവീണ്‍ പുന്നൂസിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനയില്‍ അണുബാധയാണ് കാരണമെന്ന് കണ്ടെത്തിയിട്ടുണ്ട്. കൂടുതല്‍ പരിശോധനയ്ക്കായി താറാവുകളുടെ സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്.പള്ളിപ്പാട് ഹാച്ചറിയില്‍നിന്ന് ഒന്നിന് 25 രൂപ വില നല്കി വാങ്ങിയ താറാവിന്കുഞ്ഞുങ്ങളാണ് ചത്തത്. 15 വര്‍ഷമായി താറാവിനെ വളര്‍ത്തുന്ന മാത്യു ഫിലിപ്പിന് അഞ്ചുലക്ഷത്തോളം രൂപയുടെ നഷ്ടമാണ് ഉണ്ടായത്. ക്രിസ്മസ് സീസണ് പ്രതീക്ഷിച്ച് വളര്‍ത്തിയ താറാവിന്കുഞ്ഞുങ്ങളാണ് ചത്തൊടുങ്ങിയത്. വീയപുരത്ത് താറാവുകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങാന്‍ തുടങ്ങിയതോടെ പെരിങ്ങര,നിരണം,കടപ്ര, മുട്ടാര്‍ പഞ്ചായത്തിലെ താറാവുകര്‍ഷകരും ആശങ്കയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: