പത്തനംതിട്ട: ഈവര്‍ഷം ഓണത്തിന് നിത്യോപയോഗ സാധനങ്ങള്‍ക്കു പുറമെ ഉപ്പേരിക്കും തീവില. ഓണക്കാലമായതോടെ ഏത്തക്കുലയുടെയും വെളിച്ചെണ്ണയുടെയും വില കുതിച്ചുയര്‍ന്നതാണ് ഉപ്പേരിക്കും, ശര്‍ക്കര പുരട്ടിയ്ക്കും വില വര്‍ധിപ്പിക്കാന്‍ കച്ചവടക്കാരെ നിര്‍ബന്ധിതരാക്കിയത്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് നാട്ടില്‍ ഏത്തക്കുലകള്‍ക്ക് ക്ഷാമം നേരിടുകയും വയനാടന്‍ കുലകള്‍ ആവശ്യാനുസരണം എത്താതിരുന്നതും വില കുതിച്ചുയരാന്‍ കാരണമായി.
കഴിഞ്ഞ ദിവസങ്ങളില്‍ ഉപ്പേരി വിപണിയില്‍ തിരക്കുണ്ടായിരുന്നെങ്കിലും വില അനിയന്ത്രിതമായി ഉയര്‍ന്നതോടെ കച്ചവടത്തിലും ഇടിവുണ്ടായി. ഒരു കിലോ ഉപ്പേരി ക്ക് 380 മുതല്‍ 400 രൂപ വരെയും ശര്‍ക്കര പുരട്ടിയ്ക്ക് 400 മുതല്‍ 430 രൂപ വരെയുമാണ് ഇപ്പോളത്തെ വില. വെളിച്ചെണ്ണയില്‍ തയ്യാറാക്കുന്ന ഉപ്പേരികള്‍ക്കാണ് ഉയര്‍ന്ന വില ഈടാക്കുന്നത്.
കഴിഞ്ഞ ആഴ്ച കിലോയ്ക്ക് 65 മുതല്‍ 70 വരെ രൂപയ്ക്ക് ലഭിച്ചിരുന്ന ഏത്തക്കായുടെ വില ഇപ്പോള്‍ 85 മുതല്‍ 90 രൂപ വരെ ആയിട്ടുണ്ട്. ഇനിയുള്ള ദിവസങ്ങളില്‍ വാല 100 രൂപയും കടന്നേക്കുമെന്ന് കച്ചവടക്കാരും പറയുന്നു. ഉപ്പേരിയുടെ വില കേട്ട് സാധാരണക്കാര്‍ അടുക്കാതായതോടെ ഒരു കിലോഗ്രാം പായ്ക്കറ്റുകള്‍ മാറ്റി 300 ഗ്രാം പായ്ക്കറ്റുകള്‍ 120 രൂപയ്ക്കും, ശര്‍ക്കര പുരട്ടി 130 രൂപയ്ക്കും വില്‍പ്പന തുടങ്ങിയിട്ടുണ്ട്. എന്നാല്‍ ഓണത്തിന് ഒഴിച്ചുകൂടാനാവാത്ത വിഭവമായ ഉപ്പേരി മലയാളി എന്തു വിലകൊടുത്തും വാങ്ങുമെന്നുതന്നെയാണ് കച്ചവടക്കാരുടെ അഭിപ്രായം.
ഏത്തക്കായ വാങ്ങി ഉപ്പേരിവറക്കുന്നതിനെ കുറിച്ച് സാധാരണക്കാര്‍ക്ക് ചിന്തിക്കാനും ആവുന്നില്ല.
സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ന്യായവില വിപണന കേന്ദ്രങ്ങളില്‍ ആവശ്യത്തിന് എത്തക്കുലകള്‍ എത്തിയിട്ടില്ല. ഇത് പൊതുവിപണിയില്‍ വില കുതിച്ചുയരാന്‍ കാരണമായി.
ചിലയിടങ്ങളില്‍ സഹകരണ സംഘങ്ങള്‍ വില്‍പ്പന നടത്തുന്നുണ്ടെങ്കിലും റേഷന്‍ സമ്പ്രദായത്തില്‍ മൂന്ന്, ആറ്, ഒന്‍പത് കിലോഎന്നീ ക്രമത്തിലാണ് വിതരണം. ഇതാകട്ടെ വാടിയതും, വിളവെത്താത്തവ ആണെന്നും പരാതി ഉണ്ട്.
കാലവര്‍ഷവും, പ്രകൃതിക്ഷോഭവുമാണ് ഇത്തവണ ഏത്തവാഴ കര്‍ഷകര്‍ക്ക് തിരിച്ചടിയായത്. കാറ്റും, മഴയും മിക്ക കര്‍ഷകരുടെയും കുലയ്ക്കാറായ വാഴകള്‍ നശിക്കാന്‍ കാരണമായി. ഏക്കറുകണക്കിന് സ്ഥലത്ത് ഓണം ലക്ഷ്യം വച്ച് കൃഷി ചെയ്തിരുന്ന ഏത്തവാഴകളും നശിച്ചുപോയി.
വയനാടന്‍ കുല ആയിരുന്നു പിന്നീടുള്ള ആശ്രയം ഇതും ആവശ്യാനുസരണം ഈവര്‍ഷം എത്തിയില്ല. 60രൂപ മുതല്‍ 60 രൂപ മുതലാണ് വയനാടന്‍ കുലകളുടെ വില.പൊതുവിപണിയില്‍ വില കുതിച്ചുയരുന്നുണ്ടെങ്കിലും കോന്നി-വകയാറിലെ സ്വാശ്രയ ഏത്തക്കുല വിപണി സാധാരണക്കാര്‍ക്ക് ചെറിയ തോതില്‍ ആശ്വാസമാകുന്നു. പ്രമാടം സ്വാശ്രായ കര്‍ഷക സമിതിയുടെ നിയന്ത്രണത്തിലാണ് കച്ചവടം
ചൊവ്വാ, വെള്ളി ദിവസങ്ങളിലാണ് സാധാരണ വിപണിയെങ്കിലും ഓണമെത്തിയതോടെ എല്ലാ ദിവസവും കച്ചവടം ഉണ്ട്. ഉത്രാടം നാള് വരെ സബ്സിഡിയോടെയാണ് വില്‍പ്പന. ശരാശരി 70 മുതല്‍ 75 രൂപ വരെയാണ് നാടന്‍ ഏത്തക്കായ്ക്ക് ഈടാക്കുന്നത്.
ഇടനിലക്കാരില്ലാതെ ന്യായവില ലഭ്യമാക്കുന്നതിനാല്‍ വകയാറിലെയും സമീപ പ്രദേശങ്ങളിലെയും കര്‍ഷകര്‍ ഏത്തക്കുലകള്‍ പൊതുവിപണിയില്‍ കൊടുക്കാറില്ല.
ജില്ലയ്ക്കു പുറമേ കൊല്ലം, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ നിന്നു പോലും ആളുകള്‍ വകയാറിലെത്തി ഏത്തക്കുലകള്‍ കൊണ്ടു പോകുന്നുണ്ട്.മലയോര മേഖലയില്‍ ജൈവകൃഷി ചെയ്ത ഏത്തക്കുലകള്‍ തിരക്കിയും ദൂരെ സ്ഥലങ്ങളില്‍ നിന്നും ആവശ്യക്കാരെത്തുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: