ഓമല്ലൂര്‍: രക്ഷിതാക്കള്‍ക്കും ഓണപ്പരീക്ഷ ഒരുക്കി പന്ന്യാലി ഗവണ്മെന്റ് യുപിസ്കൂള്‍. കുട്ടിയുടെ പഠനത്തില്‍ രക്ഷിതാവ് എത്രത്തോളം ശ്രദ്ധിച്ചു എന്ന് സ്വയം പരിശോധനയായിരുന്നു പരീക്ഷയുടെ ഒന്നാം ഭാഗം. സ്കൂള്‍ പ്രവര്‍ത്തനങ്ങളിലെ സ്വന്തം പങ്കാളിത്തം, കുട്ടിസ്കൂളില്‍ ചെയ്ത പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് എത്രമാത്രമറിയാം എന്നിവ പരിശോധിക്കുന്ന ചോദ്യാവലിയാണ് നല്‍കിയത്.
ക്ലാസ്സ്തല പിടിഎ യിലെ പങ്കാളിത്തം, സ്കൂള്‍ ലൈബ്രറി ഉപയോഗിക്കുന്നതില്‍ രക്ഷിതാവിന്റെ പങ്ക് എന്നിവയും ഈ പരീക്ഷയില്‍ വിലയിരുത്തി. പരീക്ഷയുടെ രണ്ടാം ഭാഗം കഴിഞ്ഞ മൂന്ന് മാസം നടന്ന സ്കൂള്‍ പ്രവര്‍ത്തനങ്ങളെ വിലയിരുത്തുന്നതിന് വേണ്ടിയുള്ളതായിരുന്നു.
പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്താന്‍ നിര്‍ദ്ദേശങ്ങള്‍ എഴുതേണ്ട ഈ പരീക്ഷ വിദ്യാലയത്തിന് ഗ്രേഡ് നല്‍കിയാണ് പൂര്‍ത്തിയാക്കിയത്. ഓണാഘോഷത്തിനിടയില്‍ നടന്ന രക്ഷിതാക്കളുടെ പരീക്ഷയ്ക്കൊപ്പം കുട്ടികളുടെ ഒന്നാം ടേം പരീക്ഷ പേപ്പറുകള്‍ വിലയിരുത്തിയത് രക്ഷിതാക്കളുമായി പങ്ക് വെച്ചു.
പരീക്ഷ കഴിഞ്ഞതിന്റെ തൊട്ടടുത്ത ദിവസം കുട്ടികളുടെ പഠന പുരോഗതി രേഖ കൈപ്പറ്റുക എന്ന അപൂര്‍വമായ അവസരവും രക്ഷിതാക്കള്‍ക്ക് ലഭിച്ചു. സ്കൂള്‍ ഓണാഘോഷ പരിപാടിയില്‍ ഛത്തീസ്ഗഢില്‍ നിന്നുള്ള ഗോപാല്‍റായ്, ഭാര്യ റംഗൂ റായ് എന്നിവര്‍ അതിഥികളായിരുന്നു.
പിടിഎ പ്രസിഡന്റ് സി.സി. അജികുമാറിന്റെ അദ്ധ്യക്ഷതയില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗീതാവിജയന്‍ ഓണ സമ്മാനങ്ങള്‍ വിതരണം ചെയ്തു. വാര്ഡ്മെമ്പര് സാജു കൊച്ചു തുണ്ടില്‍, തോമസ് സ്റ്റീഫന്‍, ജെയിംസ് ഓമല്ലൂര്‍, ജയകുമാരി, രാജേഷ്.എസ്. വള്ളിക്കോട് തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: