കോഴഞ്ചേരി: തിരുവോണത്തിന് ഇനി നാല് നാള്. ചിങ്ങമാസത്തിലെ ഓണത്തിന് സര്ക്കാരില്നിന്നുപോലും ഒരു കിലോ അരിവാങ്ങുവാന്‍ കഴിയാതെ ആറന്മുള സമരഭൂമിയില്‍ കുറെ കുടുംബങ്ങള്‍. സിപിഎമ്മിന്റെ വഞ്ചനയില്പ്പെട്ട് ജീവിക്കുന്ന രക്തസാക്ഷികളാണിവര്‍. റേഷന്‍കാര്‍ഡില്ലാത്തതിനാല്‍ സര്‍ക്കാരിന്റെ റേഷന്‍ പോലും വാങ്ങുവാന്‍ ഇവര്‍ക്കു കഴിയുന്നില്ല.
സ്വന്തമായി കയറിക്കിടക്കാന്‍ കിടപ്പാടവും, വീടുകളും നല്‍കാമെന്ന് പറഞ്ഞ് സിപിഎം നിരവധി കുടുംബങ്ങളെയാണ് ആറന്മുളയിലെത്തിച്ചത്. പിന്നോക്കവിഭാഗങ്ങളോട് സിപിഎം കാട്ടിയ വഞ്ചനയുടെ നേര്‍ക്കാഴ്ചയാണ് ആറന്മുള വിമാനത്താവള ഭൂമിയില്‍ ഇന്നുകാണുന്ന കുറെ കുടുംബങ്ങള്‍. ഇവര്‍ക്ക് ഒരു തുണ്ടുഭൂമിപോലും നേടികൊടുക്കുവാന്‍ കേരളത്തില്‍ സിപിഎം ഭരണത്തിലേറിയിട്ടും തയ്യാറായിട്ടില്ല.
ആറന്മുള സമരകാലത്ത് വിവിധ സ്ഥലങ്ങളില്‍ നിന്നായി മൂന്നൂറോളം കുടുംബങ്ങളെയാണ് കുടില്‍കെട്ടി പാര്‍പ്പിക്കുവാന്‍ സിപിഎം നേതൃത്വം നല്‍കിയത്. ആറന്മുള സമരം വിജയിക്കുമെന്ന ഘട്ടത്തില്‍ അതിന്റെ നേട്ടം കൊയ്യാന്‍ എടുത്ത തീരുമാനം മാത്രമായിരുന്നു എന്ന് ഈ കുടുംബങ്ങള്‍ അറിയുവാന്‍ വളരെ വൈകി. ഇതു മനസ്സിലാക്കിയ എഴുപതു ശതമാനം കുടുംബങ്ങളും ഇവിടം വിട്ട് പോകുകയും ചെയ്തു. ഇന്ന് ഇവര്‍ക്കുവേണ്ടി സംസാരിക്കുവാനോ സഹായിക്കുവാനോ ആരുമില്ലാതെയുമായി. സ്ത്രീകളും കുട്ടികളുമടക്കം പല കുടുംബങ്ങളും ഇന്ന് ദുഃഖവും ദുരിതവും പേറി പ്ട്ടിണിയിലാണ് ജീവിക്കുന്നത്.
വൈദ്യുതിയില്ല, കുടിവെള്ളമില്ല, വാഹന സൗകര്യത്തിന് അരമണിക്കൂറിലധികം ഇവിടെയുള്ളവര്‍ക്ക് കാല്‍നടയായി യാത്രയും ചെയ്യണം. പ്രാഥമിക കാര്യങ്ങള്‍ നിര്‍വ്വഹിക്കുവാന്‍ ഇരുളിനെയോ പുല്ലുകള്‍ വളര്ന്നുനില്ക്കുന്ന വെളിപ്രദേശത്തെയോ ആശ്രയിക്കണം. ചുറ്റും വെള്ളക്കെട്ടുമൂലം മാലിന്യങ്ങള്‍ നിറയുന്നതിനാല്‍ നല്ലശതമാനം ആളുകളും രോഗികളായി മാറി. രാഷ്ട്രീയ നേട്ടങ്ങള്‍ക്കുവേണ്ടി ധാരാളം കുടില്‍കെട്ടല്‍ സമരങ്ങള്‍ സംഘടിപ്പിച്ച് നാടകം കളിച്ച സിപിഎമ്മിന് പിന്നോക്ക വിഭാഗങ്ങളോട് യാതൊരു ആത്മാര്‍ത്ഥതയും ഇല്ലായെന്നതിനുള്ള തെളിവാണ് ആറന്മുള സമരഭൂമിയില്‍ ജീവിച്ചിരിക്കുന്ന പിന്നോക്ക വിഭാഗത്തില്‍പ്പെട്ട നിര്‍ദ്ധനരും നിരാശ്രയരുമായ കുടുംബങ്ങള്‍.
വിമാനത്താവളത്തിനായി സര്ക്കാര്ഭൂമിയടക്കം കയ്യേറി തണ്ണീര്‍ത്തടങ്ങളും നെല്‍വയലുകളും നികത്തിയത് മിച്ചഭൂമിയായി പ്രഖ്യാപിച്ചെങ്കിലും ഈഭൂമി ഭൂരഹിതര്‍ക്ക് വിതരണം ചെയ്യാനുള്ള നടപടികളൊന്നും നടത്തിയില്ല. വിമാനത്താവളത്തിന്റെ പേരില്‍ നികത്തിയ ഭൂമിയിലേക്ക് തലചായ്ക്കാനിടമില്ലാത്തവരെ കൈപിടിച്ചാനയിച്ചവര്‍ ഇപ്പോള്‍ കണ്ടഭാവം നടിക്കുന്നുമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: