കൊച്ചി: മെട്രോ സ്റ്റേഷനുകളില്‍ താമസിയാതെ ഷോപ്പിംഗ് കേന്ദ്രങ്ങള്‍ വരും.ംആലുവ മുതല്‍ മഹാരാജാസ് കോളേജ് വരെയുള്ള സ്റ്റേഷനുകളിലെ സ്ഥലമായിരിക്കും ടെന്‍ഡര്‍ ചെയ്ത് നല്‍കുക. മെട്രോയുടെ പ്രവര്‍ത്തനത്തിനുള്ള അധികവരുമാനമാണ് പ്രധാന ലക്ഷ്യം. കൂടാതെ, കൂടുതല്‍ ആളുകളെ മെട്രോ ട്രെയിന്‍ യാത്രയിലേക്ക് ആകര്‍ഷിക്കാന്‍കൂടി ലക്ഷ്യമിട്ടാണ് നടപടി. മെട്രോ ട്രെയിനില്‍ വന്നിറങ്ങുന്ന യാത്രക്കാര്‍ക്ക് സ്റ്റേഷനില്‍ നിന്ന് തന്നെ അത്യാവശ്യ സാധനങ്ങള്‍ വാങ്ങിക്കാനും ഇതിലൂടെ അവസരം ലഭിക്കും.
ആലുവ, പുളിഞ്ചോട്, കമ്പനിപ്പടി, അമ്പാട്ടുകാവ്, മുട്ടം, കളമശ്ശേരി, കൊച്ചിന് യൂണിവേഴ്സിറ്റി, പത്തടിപ്പാലം, ഇടപ്പള്ളി, ചങ്ങമ്പുഴ പാര്‍ക്ക്, പാലാരിവട്ടം, ജവഹര്ലാല്നെഹ്രു സ്റ്റേഡിയം, കലൂര്‍, ലിസി, എംജി റോഡ്, മഹാരാജാസ് കോളേജ് തുടങ്ങിയ 16 സ്റ്റേഷനുകളിലെ സൗകര്യങ്ങളാണ് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് (കെഎംആര്‍എല്‍) ടെന്‍ഡര്‍ ചെയ്ത് നല്‍കുക. ഓരോ സ്റ്റേഷനിലും ടെന്‍ഡര്‍ ചെയ്യുന്ന സ്ഥല സൗകര്യം വ്യത്യസ്തമായിരിക്കും.
നിലവില്‍ ആലുവ മുതല്‍ പാലാരിവട്ടം വരെയാണ് ട്രെയിന്‍ സര്‍വീസുള്ളത്. മഹാരാജാസ് കോളേജ് വരെ സര്‍വീസ് തുടങ്ങുന്നതോടെ സ്റ്റേഷനുകളിലെ സ്ഥലസൗകര്യങ്ങള്‍ വാണിജ്യാവശ്യങ്ങള്‍ക്കായി ടെന്‍ഡര്‍ ചെയ്യാനാണ് പദ്ധതി.
മഹാരാജാസ് കോളേജ് മുതല്‍ പേട്ടവരെയുള്ള നിര്‍മ്മാണവും തുടങ്ങിയിട്ടുണ്ട്. 20 മാസത്തിനുള്ളില്‍ ഇത് പൂര്‍ത്തിയാകും. ഇതോടെ മുഴുവന്‍ സ്റ്റേഷനുകളില്‍ വ്യാപാര കേന്ദ്രങ്ങള്‍ തുറക്കും.
യാത്രാ ടിക്കറ്റില്‍ നിന്ന് മെട്രോയുടെ പ്രവര്‍ത്തനത്തിനുള്ള വരുമാനം ലഭിക്കുന്നില്ല. ഇത് തരണം ചെയ്യുന്നതിനാണ് വാണിജ്യാവശ്യങ്ങള്‍ക്കായി സ്ഥല സൗകര്യങ്ങള്‍ വില്‍ക്കുന്നത്. മെട്രോ സ്റ്റേഷനുകളില്‍ പരസ്യം സ്ഥാപിച്ച് നേരത്തെ വരുമാനം കണ്ടെത്തിയിരുന്നു. ഇതിന് പുറമെ കാക്കനാട് മെട്രോ ടൗണ്‍ഷിപ്പ് നിര്‍മ്മിക്കുന്നതിനും നടപടിയാരംഭിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: