പൂക്കോട്ടുംപാടം: മൂന്നുദിവസമായി മലയോരമേഖലയില്‍ നിര്‍ത്താതെ പെയ്യുന്ന കനത്തമഴയില്‍ വ്യാപക നാശനഷ്ടം. പൂക്കോട്ടുംപാടം, അമരമ്പലം, കരുളായി, തുവ്വൂര്‍, കരുവാരക്കുണ്ട് പ്രദേശങ്ങളില്‍ നിരവധി വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. പതിവിന് വിപരീതമായി ഓണക്കാലത്ത് പെയ്ത മഴ ജനജീവിതം സ്തംഭിപ്പിച്ചിരിക്കുകയാണ്. പുറത്തിറങ്ങാനാവാതെ ജനങ്ങള്‍ ബുദ്ധിമുട്ടുന്നു. കാലവര്‍ഷത്തെ വെല്ലുന്ന രീതിയിലാണ് മഴ പെയ്യുന്നത്.
അമരമ്പലം ഉള്ളാട് ഗാന്ധിപ്പടിയിലെ കടുക്കാശ്ശേരി പുഷ്കരന്റെ വീട് കഴിഞ്ഞ ദിവസം രാത്രി പെയ്ത കനത്ത മഴയില്‍ തകര്‍ന്നു വീണു. അടുക്കള ഭാഗം പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. വീടിന്റെ അവശേഷിക്കുന്ന ഭാഗം ഏതുനിമിഷവും നിലംപൊത്താവുന്ന അവസ്ഥയിലാണ്. പുഷ്ക്കരനും, ഭാര്യയും, കുട്ടികളും വീട്ടിലുണ്ടായിരുന്നെങ്കിലും ഭാഗ്യംകൊണ്ട് ആര്‍ക്കും പരിക്കുകളൊന്നുമില്ല. കവളമുക്കട്ട അറനാടന്‍കൈ കാവുമ്പുറത്ത് കൃഷ്ണ പണിക്കരുടെ വിടിന്റെ മതിലും മഴയില്‍ പൂര്‍ണ്ണമായി തകര്‍ന്നു.
പൂക്കോട്ടുംപാടം കല്‍ച്ചിറയിലെ കനാല്‍ തകര്‍ന്ന് ഗതാഗതം തടസ്സപ്പെട്ടു. വരും ദിവസങ്ങളില്‍ മഴ ഇതുപോലെ തുടര്‍ന്നാല്‍ വലിയ നാശനഷ്ടങ്ങള്‍ സംഭവിക്കാനിടയുണ്ട്. അധികൃതര്‍ ഉടന്‍ രക്ഷാപ്രവര്‍ത്തനം ആരംഭിക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: