ഞെട്ടിപ്പിക്കുന്ന സ്റ്റോറേജ് ശേഷി, വയര്‍ലെസ്സ് മൊബൈല്‍ ചാര്‍ജിംഗ് ടെക്നോളജി, കിടിലന്‍ പ്രോസസ്സര്‍, എഴുതാനും വരയ്ക്കാനും എസ് പെന്‍… സ്മാര്‍ട്ട് ഫോണ്പ്രേമികളെ ശരിക്കും അത്ഭുതപ്പെടുത്തും സാംസങ് ഗ്യാലക്സി നോട്ട് 8.
സ്മാര്‍ട്ട് ഫോണുകളിലെ രാജാവ്. ഗാലക്സി നോട്ട് 8 നെ ഇങ്ങനെ വിളിക്കാം. കാരണം, സാംസങ് ഇതുവരെ പുറത്തിറക്കിയതില്‍ വെച്ച് ഏറ്റവും വലിപ്പവും വിലയുമേറിയ മികച്ച മോഡലാണിത്. ഫീച്ചറുകളുടെ കാര്യത്തിലും ആ വലിപ്പം കാണാനാകും..
6.3 ഇഞ്ച് ക്വാഡ് എച്ച് ഡി സൂപ്പര്‍ ഇന്‍ഫിനിറ്റി ഡിസ്പ്ലേയുള്ള വലിയ സ്ക്രീനാണ് നോട്ട് 8ന്. 1440 ഃ 2960 പിക്സല്‍ മികച്ച ക്ളാരിറ്റി നല്‍കും. 6 ജിബി റാമിനൊപ്പം ഒക്റ്റാ കോര്‍ ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 835 പ്രോസസ്സര്‍ മികച്ച പെര്‍ഫോമന്‍സ് നല്‍കും. ഡൗണ്‍ലോഡിംഗ് വളരെ അനായാസം നടത്താം. 64 ജിബി, 128 ജിബി, 256 ജിബി എന്നിങ്ങനെ മൂന്നു തരം സ്റ്റോറേജ് ശേഷിയുണ്ട്.ഇതില്‍ ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാം. ആന്‍ഡ്രോയ്ഡ് നൂഗട്ടിലാണ് പ്രവര്‍ത്തനം.
സാംസങ് ഡ്യുവല്‍ ക്യാമറ ഒരുക്കിയ ആദ്യഫോണും നോട്ട് 8 ആണ്. പിന് ക്യാമറയില്‍ 12 എംപിയുടെ രണ്ട് സെന്‍സറുകളുണ്ട്. ഒന്ന് വൈഡ് ആംഗിള്‍ ലെന്‍സും രണ്ടാമത്തേത് ടെലി ലെന്‍സുമാണ്.ഇത് നല്ല ചിത്രമെടുക്കാന്‍ സഹായിക്കും.
മുന്നില്‍ 8 എംപി ക്യാമറയാണ്.സെല്‍ഫി എക്സ്പെര്ട്ടാകാന് ഇത് ധാരാളം.3300 എംഎഎച്ചാണ് ബാറ്ററി.വയര്ലെസ്ഫാസ്റ്റ് ചാര്‍ജിംഗ് ടെക്നോളജിയായതിനാല്‍ പവര്‍ സപ്ലൈ അടുത്തുകൂടി പോയാലും എത് നേരവും ചാര്‍ജ് ചെയ്യാം.
എസ് പെന്‍ എന്ന ഫീച്ചര്‍ നോട്ട് 8 നെ വ്യത്യസ്തമാക്കുന്നു. സ്വന്തം കൈപ്പടയില്‍ മെസേജ് അയയ്ക്കാനും ചിത്രം വരയ്ക്കാനും ഇത് സഹായിക്കും. ഇതിനെല്ലാമുപരി വെള്ളത്തേയും പൊടിയേയും പേടിയില്ലാത്തതാണ് നോട്ട് 8.
ഫീച്ചറുകള്‍ ഒരുപാടുള്ളതിനാല്‍ വിലയും കൂടുതലാണ്. 61,500 രൂപ വരെയാണ് യുഎസിലെ വില.ഇന്ത്യന്‍ വിപണിയിലെ വിലയെപ്പറ്റി ഇതുവരെ വ്യക്തത വന്നിട്ടില്ല. പ്രീ ബുക്കിംഗ് നടത്തിയവരുടെ കൈകളിലേക്ക് സപ്തംബര്‍ 15 മുതല്‍ ഫോണ്‍ എത്തുമെന്നാണ് പ്രതീക്ഷ.
ആപ്പിള്‍ ഐഫോണിനും ഗൂഗിള്‍ പിക്സല്ഫോണുകള്ക്കും മുഖ്യ എതിരാളിയായിരിക്കും ഗ്യാലക്സി നോട്ട് 8 എന്നത് ഉറപ്പ്. ഗ്യാലക്സി നോട്ട് 7 പൊട്ടിത്തെറിച്ചതു പോലെ നോട്ട് 8 ല്‍ നിന്ന് അത്തരമൊരു ദുരനുഭവം പ്രതീക്ഷിക്കുകയേ വേണ്ട.
സ്മാര്‍ട്ട് ഫോണ്‍ അതുക്കും മേലേ
കമ്പ്യൂട്ടറുകള്‍ക്കും ലാപ്പ്ടോപ്പുകള്‍ക്കും മുന്നിലാണ് ഇന്ന് സ്മാര്‍ട്ട് ഫോണുകളുടെ സ്ഥാനം. പല സ്മാര്‍ട്ട് ഫോണുകളുടെയും മെമ്മറിയും ഡിസ്പ്ലേയുമെല്ലാം ഇവ രണ്ടിനെയും കടത്തിവെട്ടുന്നതാണ്. 8 ജിബി മെമ്മറി വരെ നല്കുന്ന സ്മാര്‍ട്ട് ഫോണുകള്‍ ഇന്ന് ധാരാളം.
കമ്പ്യൂട്ടര്‍, എല്‍ഇഡി ടി.വി, ലാപ്ടോപ്പ് എന്നിവയെ വെല്ലുന്ന 4 കെ ഡിസ്പ്ലേ വരെ സ്മാര്‍ട്ട് ഫോണിലുണ്ട്. എന്തിന്, സ്മാര്‍ട്ട് ഫോണ്‍ ക്യാമറ പോലും പ്രൊഫഷണല്‍ ഫോട്ടോഗ്രാഫര്‍മാരുടെ ക്യാമറയോട് കിടപിടിക്കുന്നതാണ്.ഡി എസ് എല്‍ ആര് നിലവാരത്തിലുള്ള ക്യാമറകളാണ് ഇന്ന് പല സ്മാര്‍ട്ട് ഫോണുകളിലും ഉപയോഗിക്കുന്നത്.
കംപ്യൂട്ടറോ ലാപടോപ്പോ ക്യാമറയെ വാങ്ങാന്‍ തയ്യാറെടുക്കുന്നവര്‍ ഇപ്പോള്‍ രണ്ടാമതൊന്ന് ആലോചിക്കുന്നുണ്ട്. കാരണം, മൂന്നിന്റെയും സൗകര്യങ്ങള്‍ ഒരെണ്ണത്തില്‍ കിട്ടിയാല്‍ എന്തിന് വെറുതെ പണം കളയണം. നല്ലൊരു സ്മാര്‍ട്ട് ഫോണുണ്ടെങ്കില് ഇതിന്റെ ഒന്നും ആവശ്യമില്ലെന്ന് സാരം.
ലാപ്പിനേക്കാളും കമ്പ്യൂട്ടറിനേക്കാളും വേഗവും മെമ്മറിയുമൊക്കെയുള്ള സ്മാര്‍ട്ട് ഫോണുകള്‍ വിപണിയില്‍ ധാരാളമുണ്ട്. ആപ്പിള്‍ ഐഫോണ്‍ 7 പ്ളസ്, സാംസങ് ഗ്യാലക്സി എസ്, ഗ്യാലക്സി എസ് 8 പ്ളസ്, ഗൂഗിള്‍ പിക്സല്‍ എക്സ്എല്‍, വണ്‍ പ്ളസ് 5, എച്ച് ടി സി യു 11, സോണി എക്സ്പീരിയ … ഇങ്ങനെ നീളുന്നു സ്മാര്‍ട്ട് ഫോണുകള്‍. മുന്തിയ ഇനം ഈ ഫോണുകള്‍ക്ക് പുറമെ 10,000 രൂപ മുതല്‍ വിലയുള്ള ബജറ്റ് ഫോണുകളും ചില ലാപ്ടോപ്പുകളോടും നോട്ട് ബുക്കുകളോടുമൊക്കെ കിടപിടിക്കുന്നതാണ്.
കൈയിലോ പോക്കറ്റിലോ അനായാസം കൊണ്ടു നടക്കാമെന്നതാണ് സ്മാര്‍ട്ട് ഫോണുകളുടെ മേന്മ. ടാബായാല്പ്പോലും യാത്രക്കിടെ കൊണ്ടു നടക്കുന്നത് അത്ര എളുപ്പമല്ല. അതു കൊണ്ടു തന്നെ 5.5 ഇഞ്ച് മുതല്‍ 6.3 ഇഞ്ച് വരെയുള്ള സ്മാര്‍ട്ട് ഫോണുകളാണ് ഇപ്പോള്‍ ടാബിനും ലാപ്പിനും പകരക്കാരനായി പലരും തിരഞ്ഞെടുക്കുന്നത്.
എഴുത്തും തീര്‍ന്നു
പേനയും കടലാസും കൈയ്യില്‍ കൊടുത്തിട്ട് മലയാളത്തില്‍ വൃത്തിയായി നാലക്ഷരം എഴുതാന്‍ പറഞ്ഞാല്‍ ചെറുപ്പക്കാരില്‍ ഭൂരിഭാഗവും മാറി നില്ക്കും. പുതിയ സാങ്കേതിക വിദ്യകള്‍ വന്നതോടെ കൈയ്യെഴുത്തിനോട് ആര്‍ക്കും താത്പര്യമില്ലാത്തതു തന്നെ കാരണം. കീബോര്‍ഡിലും സ്മാര്‍ട്ട് ഫോണിലും ടൈപ്പ് ചെയ്യാനേ പലര്‍ക്കും അറിയൂ. അതു കൊണ്ടു തന്നെ പേനയും കടലാസും തൊടാന്‍ പുതുതലമുറയ്ക്ക് മടിയാണ്.
പുതു തലമുറയുടെ എഴുത്തിനോടുള്ള ഈ വെറുപ്പ് അല്പമെങ്കിലും കുറച്ചത് ഗൂഗിള്‍ ഹാന്‍ഡ് റൈറ്റിംഗ് ടൂളാണ്. മലയാളം മാത്രമല്ല, ഏത് പ്രാദേശിക ഭാഷയിലും മൊബൈല്‍ സ്ക്രീനില്‍ കൈ കൊണ്ട് എഴുതാന്‍ ഗൂഗിള്‍ ഹാന്‍ഡ് റൈറ്റിംഗ് ടൂള്‍ സഹായിച്ചു. നഷ്ടപ്പെട്ടു പോയ കൈയ്യെഴുത്തിനെ തിരികെ കൊണ്ടുവരാന്‍ അതു വഴി ഒരു പരിധി വരെ സാധിച്ചു. പക്ഷേ, ഇപ്പോള്‍ മൊബൈല്‍ സ്ക്രീനിലെ ആ കൈയ്യെഴുത്തും
അവസാനിച്ചുകൊണ്ടിരിക്കുകയാണ്. ഗൂഗിള്‍ തന്നെയാണ് അതിന് പിന്നിലും.
മലയാളത്തില്‍ സംസാരിച്ചാല്‍ അതെല്ലാം മൊബൈല്‍ സ്ക്രീനില്‍ സ്വയം ടൈപ്പ് ചെയ്യുന്ന ഗൂഗിളിന്റെ ജി ബോര്‍ഡ് ആപ്പാണ് ഇപ്പോള്‍ കൈയ്യെഴുത്തിന് ആപ്പ് വെച്ചത്.
സംസാരം തിരിച്ചറിഞ്ഞ്, പറയുന്ന കാര്യങ്ങള്‍ ടൈപ്പ് ചെയ്യുന്ന ഗൂഗിള്‍ വോയ്സ് സംവിധാനത്തില്‍ മലയാളവും കിട്ടിത്തുടങ്ങിയതോടെയാണ് സ്മാര്‍ട്ട് ഫോണ്‍ കൈയ്യെഴുത്തിനും തിരശ്ശീല വീണത്. പ്ലേ സ്റ്റോറില്‍ നിന്ന് ജി ബോര്‍ഡ് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത് മലയാള ഭാഷ തിരഞ്ഞെടുത്താല്‍ സംസാരം എഴുത്ത് സന്ദേശമാക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: