കോഴഞ്ചേരി: തിരുവാറന്മുള ശ്രീപാര്‍ത്ഥസാരഥിക്ക് ഓണവിഭവങ്ങളുമായെത്തുന്ന തിരുവോണത്തോണി ആറന്മുള തോണിക്കടവില്‍ നീരണിഞ്ഞു. തിരുവോണ സദ്യയ്ക്കുള്ള വിഭവങ്ങളുമായി മങ്ങാട്ട് ഭട്ടതിരി ഉത്രാടനാളില്‍ കാട്ടൂരില്‍നിന്നും പുറപ്പെട്ട് തിരുവോണനാള്‍ പ്രഭാതത്തില്‍ ആറന്മുള ക്ഷേത്രത്തിന്റെ വടക്കേകടവില്‍ എത്തിച്ചേരും. പള്ളിയോടത്തിന്റെ മാതൃകയില്‍ അമരവും, മുന്‍ഭാഗത്ത് ഗരുഢരൂപത്തോടുമാണ് തിരുവോണതോണി നിര്‍മ്മിച്ചിട്ടുള്ളത്. ഉത്രാടത്തുംനാള് കരയിലെ 18 നായര്‍ തറവാടുകളില്‍നിന്നും ശേഖരിച്ച വിഭവങ്ങളുമായിട്ടാണ് തിരുവോണതോണി പമ്പാനദിയിലൂടെ ആറന്മുള ക്ഷേത്രക്കടവിലെത്തിച്ചേരുന്നത്. ആറന്മുള ക്ഷേത്രത്തിന്റെ പടിഞ്ഞാറുള്ള തോണിപ്പുരയില്‍ നിന്നും വഞ്ചിപ്പാട്ടിന്റെയും നാമമന്ത്രങ്ങളും മുഖരിതമായ അന്തരീക്ഷത്തില്‍ കരക്കാരുടെയും ഭക്തജനങ്ങളുടെയും ദേവസ്വം ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിലാണ് തിരുവോണത്തോണി നീരണിഞ്ഞത്. പുത്തേത്ത് രാജേന്ദ്രന്റെ നേതൃത്വത്തില്‍ പൂരാടം നാളില്‍ തിരുവോണത്തോണി ആറന്മുള ക്ഷേത്രക്കടവില്‍നിന്നും പുറപ്പെട്ട് കാട്ടൂര്‍ ക്ഷേത്രക്കടവില്‍ എത്തിച്ചേരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: