തിരുവല്ല: മണിക്കൂറുകള്‍ നീളുന്ന ഗതാഗത കുരുക്ക് അഴിക്കാന്‍ നഗര ഹൃദയത്തില്‍ ഡിജിറ്റല്‍ സിഗ്നല്‍ സംവിധാനം ഉടന്‍ പൂര്‍ത്തിയാകും. എസ്സിഎസ് കവലയില്‍ നിര്‍മ്മാണം പൂരോഗമിക്കുന്ന സിഗ്നല്‍ ലൈറ്റുകള്‍ ശനിയാഴ്ചതന്നെ പ്രവര്‍ത്തന സജ്ജമാകുമെന്ന് അധികൃതര്‍ അറിയിച്ചു.സോളാര്‍ ഓട്ടോമാറ്റിക് ട്രാഫിക് സിഗ്നല്‍ സിസ്റ്റം എന്നാണ് പുതിയ യൂണിറ്റിന്റെ പേര്.മുഴുവന്‍ പ്രവര്‍ത്തനത്തിനും ഊര്‍ജം സൂര്യനായിരിക്കും.
മെട്രോ നഗരങ്ങലിലെ മാതൃകയിലുള്ള പുതിയ സിഗ്നല്‍ യൂണിറ്റില്‍ 80 ആമ്പിയറുളള 10 ബാറ്ററികളാണ് ഉണ്ടാവുക. ഇവ ട്രാഫിക് ഐലന്‍ഡില്‍ സ്ഥാപിക്കും.10 ദിവസം തുടര്‍ച്ചയായി മഴപെയ്താലും സിഗ്നലിന് തടസം ഇല്ലാതിരിക്കാനുളള വൈദ്യുതി സംഭരിച്ച് വയ്ക്കാനാവും.പഴയ ലൈറ്റുകള്‍ പൂര്‍ണമായും നീക്കി.ഡിജിറ്റല്‍ ഡിസ്പ്ലേ ബോര്‍ഡുകളാവും സിഗ്നലിന് ഉണ്ടാവുക.കാത്തുകിടക്കേണ്ട സമയം,കടന്നുപോകാന്‍ അവശേഷിക്കുന്ന സമയം എന്നിവ ഓരോ ദിശയിലേക്കും അക്കത്തില്‍ തെളിയും.ചുവന്ന ലൈറ്റ് കത്തുമ്പോള്‍ അക്കങ്ങള്‍ ചുവപ്പിലും പച്ച കത്തുമ്പോള്‍ അക്കങ്ങള്‍ പച്ചയിലും ആയിരിക്കും.എല്‍.ഇ.ഡി സ്ക്രീനുകളായിരിക്കും പാലനില്‍ ഇതിനായി പിടിപ്പിക്കുക.രാവിലെ എട്ടുമണിക്ക് താനെ പ്രവര്‍ത്തനം ആരംഭിക്കുന്ന സിഗ്നല്‍ സംവിധാനം രാത്രി എട്ടിന് ഓഫാകും.പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണിനാണ് സിഗ്നല്‍ യൂണിറ്റിന്റെ നിര്‍മ്മാണ ചുമതല.
12 ലക്ഷം രൂപയ്ക്കാണ് മുനിസിപ്പാലിറ്റി കരാര്‍ നല്‍കിയിരിക്കുന്നത്. വരുന്ന മൂന്ന് വര്‍ഷത്തേക്ക് കെല്‍ട്രോണ്‍ തന്നെ എല്ലാ അറ്റകുറ്റപ്പണികളും നടത്തണം.അതിന് ശേഷം വാര്‍ഷിക അറ്റകുറ്റപ്പണി കരാര്‍(എ.എം.സി)പ്രകാരമുളള തുക നഗരസഭ അടയ്ക്കണം.ട്രാഫിക് പോലീസുകാര്‍ക്ക് സിഗ്നല്‍ സംവിധാനത്തില്‍ കാര്യമായ ജോലികളില്ല.സിഗ്നല്‍ ഓഫ് ചെയ്തിട്ട് ഫ്ളാഷ് ഇടുന്നതിന് പ്രത്യേക സ്വിച്ച് വയ്ക്കും.കെല്‍ട്രോണ്‍ എന്‍ജിനിയര്‍ കെ.സുരേഷ് കുമാറിന്റെ നേതൃത്വത്തിലുളള സംഘമാണ് പണികള്‍ നടത്തുന്നത്.ഓഗസ്റ്റ് 31ന് മുഴുവന്‍ പണികളും തീരുമെന്നാണ് കരുതുന്നത്.റോഡിന് അടിയിലൂടെയുളള വയറിങ്ങ് മാത്രമാണ് അവശേഷിക്കുന്നത്.എസ്.സി.എസ്. കവലയില്‍ പ്രധാനമായും മൂന്ന് ഭാഗങ്ങളിലേക്കാണ് വാഹനങ്ങള്‍ നിയന്ത്രിച്ച് വിടേണ്ടത്.എം.സി.റോഡിലെ ഇരുഭാഗങ്ങളിലേക്കും ടി.കെ.റോഡിലേക്കും.മൂന്നിടത്തേക്കും ആകെ ഗതാഗത ക്രമീകരണ സമയത്തെ 100 സെക്കന്‍ഡായാണ് ഇപ്പോള്‍ തിരിച്ചിരിക്കുന്നത്.ഒരുവശത്തേക്ക് കടന്നുപോകാന്‍ 30 സെക്കന്‍ഡ് ലഭിക്കുമെന്ന് അര്‍ഥം.മറുവശത്ത് പരമാവധി കാത്തുകിടക്കേണ്ട സമയം 60 സെക്കന്‍ഡായിരിക്കും.
കാല്‍നടയാത്രികര്‍ക്കായി 10 സെക്കന്‍ഡ്.ആദ്യ ഘട്ടത്തിലെ ക്രമീകരണങ്ങളാണിത്.ഗതാഗത തിരക്ക് അനുസരിച്ച് ഇവ ക്രമീകരിക്കാനാവും.ഓരോ മണിക്കൂര്‍ ഇടവിട്ട് പ്രത്യേക സമയ ക്രമം സ്വീകരിക്കണമെങ്കില്‍ അതിനുളള സംവിധാനവും ഉണ്ട്.റോഡിന് വീതികുറവായതിനാല്‍ ഈ സാങ്കേതിക വിദ്യ പൂര്‍ണമായി തിരുവല്ലയില്‍ ഉപയോഗപ്പെടുത്താനാവില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: