തൃശൂര്‍: വിനായകന്റെ മരണത്തിന് ഉത്തരവാദികളായ പോലീസുകാരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ തിരുവോണനാളില്‍ ഉപവാസം അനുഷ്ഠിക്കും.
വിനായകന്റെ കുടുംബത്തിന് ഒരുലക്ഷംരൂപ സഹായധനം പ്രഖ്യാപിക്കാന്‍ സംസ്ഥാനസര്‍ക്കാര്‍ തയ്യാറാകണമെന്നും വിവിധ ദളിത്‌സംഘടനകളുടെ നേതൃത്വത്തിലുള്ള ആക്ഷന്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടു. വിനായകനൊപ്പം പോലീസിന്റെ മര്‍ദ്ദനമേറ്റ ശരത്തിന് 10ലക്ഷംരൂപ നഷ്ടപരിഹാരം നല്‍കണം.
കുറ്റക്കാരായ പോലീസുകാരെ സംരക്ഷിക്കുന്നതിനുവേണ്ടിയാണ് ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിക്കാത്തത്. പോലീസുകാര്‍ക്ക് മുന്‍കൂര്‍ ജാമ്യം നേടാന്‍ സൗകര്യമൊരുക്കുകയാണ്.
പോലീസ് സ്റ്റേഷനുകളില്‍ ദളിത് വിഭാഗങ്ങള്‍ക്ക് നേരെയുണ്ടാകുന്ന പീഡനങ്ങള്‍ അവസാനിപ്പിക്കാന്‍ നിയമസഭയില്‍ പ്രത്യേക ബില്‍ അവതരിപ്പിക്കണമെന്നും ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ പറഞ്ഞു.തിരുവോണനാളില്‍ കോര്‍പ്പറേഷന്‍ ഓഫീസിന് മുന്നിലാണ് ഉപവാസം. സ്വരാജ് റൗണ്ടില്‍ വായ്‌മൂടിക്കെട്ടി പ്രകടനവും നടത്തും. കെ.എസ്.ഷൈജു, എ.കെ.സന്തോഷ്, ആനന്ദന്‍ വടക്കുംതല, അഡ്വ. ചന്ദ്രന്‍, പി.എം.വിനോദ്, കെ.എസ്.വിജയന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
















