തിരൂര്‍: നാട്ടുകാര്‍ക്ക് എന്ത് സഹായത്തിനും വിളിപ്പാടകലെയുണ്ടായിരുന്നു വിപിന്‍. മകനായും സഹോദരനായും സുഹൃത്തായും എന്നും തങ്ങള്‍ക്കൊപ്പമുണ്ടായിരുന്ന വിപിനെ തീവ്രവാദികള്‍ വെട്ടിക്കൊലപ്പെടുത്തിയതിന്റെ ഞെട്ടലില്‍ നിന്ന് കുട്ടിച്ചാത്തന്‍പടി നിവാസികള്‍ മോചിതരായിട്ടില്ല. ഇന്നലെ വൈകിട്ട് പാറശ്ശേരി ചെറിയേരിക്കാവ് ക്ഷേത്ര പരിസരത്ത് നടന്ന അനുസ്മരണ ചടങ്ങില്‍ ഓരോരുത്തരം കരച്ചിലടക്കിയാണ് പങ്കെടുത്തത്. തങ്ങളുടെ പ്രിയപ്പെട്ടവനെ വെട്ടിയരിഞ്ഞവരെ എത്രയും പെട്ടെന്ന് പിടികൂടണമെന്ന് ഓരോ മുഖങ്ങളും വിളിച്ചു പറയുന്നുണ്ടായിരുന്നു.
അനുസ്മരണ സമ്മേളനം ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന് ഉദ്ഘാടനം ചെയ്തു. വിപിന്റെ കൊലപാതകത്തില്‍ തീവ്രവാദ സംഘടനകളുടെ പങ്ക് അന്വേഷിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകുമെന്ന് രഹസ്യവിവരം ലഭിച്ചിട്ടും പോലീസ് കുറ്റകരമായ അനാസ്ഥ തുടരുകയായിരുന്നു. വിപിന്റെ കുടുംബത്തിന് അര്‍ഹമായ നഷ്ടപരിഹാരവും കുടുംബത്തിലെ ഒരു അംഗത്തിന് ജോലിയും നല്കാന് സര്‍ക്കാര്‍ തയ്യാറാകണം. ഒരു കേസില്‍ പ്രതിയായതുകൊണ്ട് കൊല ചെയ്യപ്പെടണമെന്ന് പറയുന്നതില്‍ ന്യായമില്ല. കൊലപാതകം നടന്ന് ഇത്രയും ദിവസമായിട്ടും അന്വേഷണത്തില്‍ ഒരു പുരോഗതിയും ഉണ്ടായിട്ടില്ല. ഈ സാഹചര്യത്തില്‍ നിലവിലെ അന്വേഷണ സംഘത്തെ മാറ്റി ഐജി റാങ്കിലുള്ള ഉദ്യോഗസ്ഥന് അന്വേഷണത്തിന് നേതൃത്വം നല്‍കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചടങ്ങില്‍ ആര്‍എസ്എസ് വിഭാഗ് സംഘചാലക് കെ.ചാരു അദ്ധ്യക്ഷനായി. ഹിന്ദുഐക്യവേദി സംസ്ഥാന സെക്രട്ടറി പി.വി.മുരളീധരന്, കേസരി മുഖ്യപത്രാധിപര്‍ ഡോ. എന്‍. ആര്.മധു, ആര്‍എസ്എസ് പ്രാന്തീയ കാര്യകാരി സദസ്യന്‍ കെ.കൃഷ്ണന്‍കുട്ടി, ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍. ശിവരാജന്, ജില്ലാ പ്രസിഡന്റ് കെ.രാമചന്ദ്രന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: