കൊച്ചി: ഓണസന്ധ്യകള്ക്ക് കലയുടെ ചാരുതയും നിറച്ചാര്ത്തുമേകി ജില്ലാ ഭരണകൂടവും ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സിലും ചേര്‍ന്ന് സംഘടിപ്പിക്കുന്ന (ലാവണ്യം 2017) ഓണാഘോഷ സായാഹ്നങ്ങള്‍ക്ക് സെപ്റ്റംബര്‍ ഒന്നിന് തുടക്കം. തുടര്‍ന്നുള്ള ആറു ദിവസങ്ങളില്‍ നഗരത്തിന് പുറത്ത് ജില്ലയുടെ വിവിധ ഭാഗങ്ങളിലും കലാസന്ധ്യകള്‍ക്ക് വേദിയൊരുങ്ങും. ദര്‍ബാര്‍ ഹാള്‍ ഗ്രൗണ്ട്, മറൈന്‍ഡ്രൈവ്, ഫോര്‍ട്ടുകൊച്ചി, പള്ളുരുത്തി, കുമ്പളങ്ങി, ചെറായി, മുനമ്പം, തൃക്കാക്കര, പിറവം, മൂവാറ്റുപുഴ, പെരുമ്പാവൂര്‍, ഭൂതത്താന്‍കെട്ട്, കുട്ടമ്പുഴ എന്നീ 12 സ്ഥലങ്ങളിലാണ് ഔദ്യോഗിക ഓണാഘോഷം സംഘടിപ്പിക്കുന്നതെന്ന് ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫിറുള്ള പത്രസമ്മേളനത്തില്‍ അറിയിച്ചു.
നാടന്‍പാട്ടുകള്‍, തെയ്യം, സൂഫി നൃത്തം, ഗസല്‍ സന്ധ്യ, ഗാനമേള, കോമഡി മെഗാഷോ, കഥാപ്രസംഗം, മഞ്ജുവാര്യര്‍ നയിക്കുന്ന നൃത്തസന്ധ്യ, ഫ്യൂഷന്‍ ബാന്‍ഡ്, വടംവലി മത്സരം, കോല്‍ക്കളി, ഷോര്‍ട്ട്ഫിലിം ഫെസ്റ്റിവല്‍ തുടങ്ങിയവയാണ് ഇത്തവണത്തെ പ്രധാനപരിപാടികള്‍. എല്ലാ വേദികളിലും പ്രവേശനം സൗജന്യം.
സെപ്തംബര്‍ ഒന്നിന് ആഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കുമെങ്കിലും രണ്ടിനാണ് ഔപചാരികമായ ഉദ്ഘാടനം. ഒന്നിന് വൈകിട്ട് 5.30ന് ദര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടില്‍ തനിമ അവതരിപ്പിക്കുന്ന നാടന്‍പാട്ടുകള്‍ അരങ്ങേറും. 7.30 ന് ട്രാന്‍സ് ജെന്‍ഡര്‍ ആര്‍ട്ട്സ് ആന്റ് ചാരിറ്റബിള്‍ സൊസൈറ്റി അവതരിപ്പിക്കുന്ന ”ദ്വയ” മെഗാഷോ നടക്കും. പൂരാട ദിനമായ സെപ്റ്റംബര്‍ രണ്ടിന് 12 സംസ്ഥാനങ്ങളില്‍ നിന്നുള്ള കലാകാരന്മാര് അവതരിപ്പിക്കുന്ന കലാരൂപങ്ങള്‍ ദര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടിലെ വേദിയില്‍ ആസ്വാദകര്‍ക്ക് മുന്നില്‍ വിസ്മയക്കാഴ്ച്ചയൊരുക്കും. ഉത്രാട ദിനമായ സെപ്റ്റംബര്‍ മൂന്നിന് വൈകീട്ട് 5.30 ന് ”വണ്മാന് ഷോ”. 6.30ന് ഭിന്ന ശേഷിയുള്ള കലാകാരന്മാരുടെ തണല്‍ പാരാപ്ലീജിക് കെയര്‍ അവതരിപ്പിക്കുന്ന സിംഗേഴ്സ് ആന്റ് തണല്‍ ഗാനമേള. 7.30ന് സിനിമാതാരം പാര്‍വ്വതി നമ്പ്യാര്‍ അവതരിപ്പിക്കുന്ന കൂടിയാട്ടം.
തിരുവോണ ദിനമായ നാലിന് വൈകിട്ട് 5.30ന് എന്‍.എസ് ഉഷ അവതരിപ്പിക്കുന്ന പുള്ളുവന്‍ പാട്ട്. തുടര്‍ന്ന് സംഗീത നിശ. അഞ്ചിന് വൈകീട്ട് 5.30ന് വേലകളി, തുടര്‍ന്ന് ഫ്യൂഷനും അരങ്ങേറുന്നു. പരിപാടിയുടെ സമാപനദിനമായ ആറിന് ഞരളത്ത് ഹരിഗോവിന്ദന് അവതരിപ്പിക്കുന്ന സോപാന സംഗീതമുണ്ടാകും. സിനിമാതാരം മജ്ഞുവാര്യര്‍ അവതരിപ്പിക്കുന്ന നൃത്ത സന്ധ്യയോടെ പ്രധാനവേദിയിലെ പരിപാടികള്‍ക്ക് തിരശ്ശീല വീഴും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: