തിരുവല്ല: ഇതര സംസ്ഥാന തൊഴിലാളികളുടെ വാസസ്ഥലങ്ങള്‍ രോഗാതുര കേന്ദ്രങ്ങളായി മാറുന്നു. ജില്ലയുടെ വിവിധ ഭാഗങ്ങളിലായി ഇതര സംസ്ഥാന തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന താമസ സ്ഥലങ്ങളില്‍ നിലനില്‍ക്കുന്ന വൃത്തിഹീനമായ അന്തരീക്ഷമാണ് പകര്‍ച്ചവ്യാധികള്‍ അടക്കമുള്ളവ പടര്‍ന്ന് പിടിക്കാന്‍ ഇടയാക്കിയിരിക്കുന്നത്.
തൊഴിലാളികള്‍ക്കിടയില്‍ കൃത്യമായ ആരോഗ്യ പരിശോധന നടത്താത്തതും ഇവരുടെ താമസസ്ഥലങ്ങളില്‍ കാര്യമായ പരിശോധനകള്‍ നടത്താന്‍ ആരോഗ്യ വകുപ്പ് അധികൃതര്‍ മുതിരാത്തതുമാണ് പ്രശ്നം വഷളാക്കാന്‍ ഇടയാക്കിയിരിക്കുന്നത്. ആയിരക്കണക്കിന് ഇതര സംസ്ഥാന തൊഴിലാളികളാണ് ഹോട്ടലുകള്‍ അടക്കമുള്ള സ്ഥാപനങ്ങളില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ജോലി ചെയ്യുന്നത്. ഇത്തരം തൊഴിലാളികള്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമാണെന്ന നിയമം പലപ്പോഴും പാലിക്കപ്പെടാറില്ല എന്നുള്ളതാണ് വസ്തുത.
ഇക്കാരണത്താല്‍ പൊതുജനങ്ങളിലേക്കും പകര്‍ച്ച വ്യാധികള്‍ പകരാനുള്ള സാധ്യത ഏറെയാണ്. ആരോഗ്യ വിഭാഗം അധികൃതരും ഇക്കാര്യത്തില്‍ തികഞ്ഞ നിസംഗതയാണ് കാട്ടുന്നതെന്ന ആരോപണം ശക്തമാണ്. ഇതര സംസ്ഥാന തൊഴിലാളികളില്‍ ബഹുഭൂരിപക്ഷവും നിര്‍മാണ മേഖലയിലാണ് ജോലി ചെയ്യുന്നത്. ഇത്തരം തൊഴിലാളികളില്‍ നാമമാത്രമായ പരിശോധന പോലും നടക്കാറില്ലെന്നതാണ് വസ്തുത. കൂടാതെ ഇതര സംസ്ഥാനങ്ങളില്‍ നിന്നു മായി നൂറ് കണക്കിന് തൊഴിലാളികളാണ് പ്രതിദിനം ജില്ലയിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. കോളറയും മലമ്പനിയും അടക്കമുള്ള പകര്‍ച്ച വ്യാധികളുമായി എത്തുന്നവരും ഇവരിലേറെയാണ്.
എന്നാല്‍ ഇക്കാര്യത്തില്‍ യാതൊരു വിധ ആരോഗ്യ പരിശോധകളും നടത്തുന്നതിന് നടപടി സ്വീകരിക്കുവാന്‍ അധികൃതര്‍ മുതിരാത്തത് ആശങ്കയ്ക്ക് ഇടയാക്കുന്നുണ്ട്. പത്ത് പേര്‍ക്ക് മാത്രം താമസിക്കുന്നതിന് അടിസ്ഥാന സൗകര്യമുള്ള കെട്ടിടങ്ങളില്‍ നാലും അഞ്ചും ഇരട്ടി തൊഴിലാളികളാണ് പല ഇടങ്ങളിലും തിങ്ങിപ്പാര്‍ക്കുന്നത്. ഇത്തരം ക്യാമ്പുകളില്‍ പാര്‍ക്കുന്ന തൊഴിലാകളാണ് ഏറെ ആരോഗ്യ ഭീഷണി നേരിടുന്നത്. മാലിന്യ സംസ്കരണത്തിന് ആവശ്വമായ സംവിധാനം ഇല്ലാത്തവയാണ് ക്യാമ്പുകളില്‍ ഏറെയും. തൊഴിലാളികളുടെ താമസ സ്ഥലങ്ങളില്‍ പലരും ശുദ്ധജല ലഭ്യത പോലും ഇല്ലാത്തവയാണ്.
ഇത്തരം വാസസ്ഥങ്ങള്ക്ക് സമീപം താമസിക്കുന്ന പൊതുജനങ്ങളിലേക്കും പകര്‍ച്ചവ്യാധികള്‍ പടരാനുള്ള സാധ്യത ഏറെയാണ്. ഇതര സംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ ആരോഗ്യ പരിശോധന കര്‍ശനമാക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കുവാന്‍ അധികൃതര്‍ തയാറാകണമെന്ന ആവശ്യം ശക്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: