ഭക്തജനങ്ങളുടെ മധ്യസ്ഥാഭയമായി മാറിയ ഭരണങ്ങാനത്തെ സിസ്റ്റര്‍ അല്‍ഫോന്‍സയെ കത്തോലിക്കാസഭ വാഴ്ത്തപ്പെട്ടവളും പിന്നീട് വിശുദ്ധമായി നാമകരണം ചെയ്യും മുന്‍പേ, ആ സവിധത്തോടുള്ള ഭക്ത്യാദരവുകളെ മുതലെടുക്കുക ലാക്കാക്കി ഇവിടെ ഒരു ചലച്ചിത്രമിറങ്ങി. പ്രാമാണിക ചലച്ചിത്ര വിതരണ സ്ഥാപനമായ കോട്ടയം ജിയോ പിക്ച്ചേഴ്സിലെ എസ്.എന്‍. ജോര്‍ജ്ജായിരുന്നു ‘അല്‍ഫോന്‍സ’ എന്ന പേരില്‍ ചിത്രം നിര്‍മിച്ചത്. ഛായാഗ്രാഹകനായിരുന്ന ഒ. ജോസ് തോട്ടാനായിരുന്നു സംവിധായകന്. കഥയും അദ്ദേഹത്തിന്റെതുതന്നെ.മിസ്സ്. കുമാരിയായിരുന്നു നായിക അന്ന് താരതമ്യേന പുതുമുഖമായിരുന്ന ജോസ് പ്രകാശും പിന്നെ ആദ്യമായി ക്യാമറയ്ക്ക് മുന്പിലെത്തുന്ന ആന്സലിസ, റോഡി, പി.കെ. കമലാക്ഷി, ലക്ഷ്മിദേവി, പി. കെ. മോഹന്‍, ആര്. സുരേന്ദ്രനാഥ്, ഇ. സി. ജേക്കബ്ബ് തുടങ്ങിയവരുമായിരുന്ന മറ്റു അഭിനേതാക്കള്‍.
കത്തോലിക്കാ സഭയില്‍ വിശുദ്ധ പദവിയിലേക്ക് അവരോധിക്കപ്പെടുവാനുള്ള നടപടി വഴിയില്‍നിന്നും അവ്വിധം ആദരിക്കപ്പെടുകയും ആരാധിക്കപ്പെടുകയും ചെയ്യുന്ന ഒരു ശ്രേഷ്ഠ മലയാളത്തില്‍ ഒരു ചലച്ചിത്ര കഥയില്‍ ഇടംനേടുന്നത് ഇതാദ്യമായാണ്.
പക്ഷേ, ആ സവിശേഷതയില്‍ പരിമിതപ്പെടുന്നു നിര്‍ഭാഗ്യവശാല്‍ ഈ ചിത്രത്തിന്റെ പരാമര്‍ശ യോഗ്യതയത്രയും!ചിത്രത്തിന്റെ പേരുകേട്ട് അല്‍ഫോന്‍സാമ്മയുടെ പുണ്യചരിതമെന്നു എങ്ങാനും കരുതിയെങ്കില്‍ അങ്ങനെയൊരു തെറ്റിദ്ധാരണ വേണ്ട!
കഥാനായികയിലില്ല. അവളുടെ ശരീരത്തിലൊരു പാണ്ട്. കുഷ്ഠം എന്നാശങ്ക. ഭര്‍തൃഗൃഹത്തില്‍ അവള് അനഭിമതയായി. അവളുടെ മാതാപിതാക്കള്‍ തോമാച്ചനും മറിയാമ്മയും അവളെ മദിരാശിയിലെ ഹോസ്പിറ്റലിലേയ്ക്കുകൊണ്ടുപോയി. ചികിത്സാ നാളുകളില്‍ അവളൊരു സ്വപ്നം കണ്ടു: ഒരു കന്യാസ്ത്രീ വന്നു തന്റെ കാലു തടവുന്നു. ഉണര്‍ന്നപ്പോള്‍ അവള് കാലില്‍ പാണ്ടുമൂത്തു വ്രണമായ ഭാഗത്തെ കെട്ടഴിച്ചുനോക്കി; മുറിവിനുശേഷം ഉണങ്ങിയിരിക്കുന്നതായി കണ്ടു. രാത്രി താന്‍ കണ്ട സ്വപ്നം അവള് ഓര്‍ത്തു. തന്നെ സുഖപ്പെടുത്തിയത് ഭരണങ്ങാനത്തെ അല്ഫോന്സാമ്മയാണെന്ന് അവള് ഓര്ത്തറിയുന്നു. രോഗവിമുക്തയായ അവളെ ഭര്‍ത്താവ് ബേബി സ്വീകരിക്കുന്നു!
കഥ ശുഭം!
അദ്ഭുത പ്രവൃത്തിയുടെ ഈ ഒരേടില്‍ മാത്രമാണ് ചിത്രത്തിന് നാമഹേതുകയായ അല്‍ഫോന്‍സാമ്മയ്ക്കുള്ള പങ്കാളിത്തം അതിന് മുന്‍പാണ് കഥയുടെ, ചിത്രത്തിന്റെ സിംഹഭാഗം. ഇവിടെ കഥാപാത്രം ചുറ്റിപ്പിണയുന്നതത്രയും അമ്മായിയമ്മപ്പോരിന്റെ കുടിലതന്ത്രങ്ങളുടെ പിണച്ചിലുകളിലാണ്.
വിവാഹം കഴിഞ്ഞു ലില്ലി ഭര്‍തൃപിതാവിന്റെയും ബേബിയുടെ രണ്ടാനമ്മയുടെയും രണ്ടുമക്കളുടെയും കൂടെ ഭര്‍തൃഗൃഹത്തില്‍ താമസിക്കുമ്പോള്‍ കഥ നടത്തിപ്പിന് അമ്മായിയമ്മയും പോരാത്തതിന് ബേബിയുടെ രണ്ടാനമ്മയുമായ നീച സ്ത്രീ അവരെ കഴിയുംവിധം ഉപദ്രവിക്കുന്നു; പീഡിപ്പിക്കുന്നു. സര്‍വ്വം സഹയായി ലില്ലി ആ ദ്രോഹമെല്ലാം സഹിക്കുന്നു. ലില്ലി അതിലൂടെ പ്രേക്ഷകരുടെ അനുഭാവം സ്വന്തമാക്കുമെന്നായിരുന്നു പ്രതീക്ഷ. എങ്കിലല്ലേ ലില്ലിയുടെ കാലില്‍ ഒരു പാടു പ്രത്യക്ഷപ്പെടുമ്പോള്‍ പ്രേക്ഷകന് ഉത്കണ്ഠ തോന്നുമല്ലോ. ലില്ലിയെ പരിശോധിച്ച ഡോക്ടര്‍ അത് കുഷ്ഠരോഗത്തിന്റെ തുടക്കമാണെന്നു കണ്ടെത്തുന്നതോടെ തുടര്‍ന്നുള്ള പീഡനങ്ങളത്രയും ആ പേരിലായി.
രോഗവിവരമറിഞ്ഞു തോമാച്ചനും മറിയാമ്മയും മകളുടെ അരികിലോടിയെത്തി. ലില്ലിക്കാവശ്യമായ ചികിത്സ അവള്‍ക്ക് ലഭിക്കില്ലെന്ന് അവര്‍ക്കുറപ്പായി. അവര്‍ അവളേയുംകൊണ്ട് ചികിത്സയ്ക്കായി മദിരാശിക്കു പോകുന്നു. കഥ ഇത്രയുമാകുമ്പോള്‍ എങ്ങനെയും ലില്ലി രക്ഷപ്പെടണമെന്ന് പ്രാര്ത്ഥിക്കേണ്ടവരാണല്ലോ പ്രതീക്ഷിച്ച പ്രകാരം പ്രേക്ഷകര്‍.
അവിടെവച്ചാണ് മേപ്പടി സ്വപ്നവും രോഗശാന്തിയും! ലില്ലിയുടെ ജീവിതം ആശ്വാസ തീരത്തണയുമ്പോള്‍ പ്രേക്ഷകര്‍ക്കു ആശ്വാസമാകും. കൂട്ടത്തില്‍ അല്‍ഫോന്‍സാമ്മയുടെ മധ്യസ്ഥശക്തിയെക്കുറിച്ചു തിരിച്ചറിയുകയും ചെയ്യും. കൂടുതല്‍ പ്രേക്ഷക പ്രീതിയ്ക്കും തന്മൂലമുള്ള സാമ്പത്തികവിജയത്തിനും അത് വഴിതെളിക്കും. ഇതൊക്കെയായിരുന്നു കണക്കുകൂട്ടല്‍.
സംഭവിച്ചതു പക്ഷേ മറിച്ചായി. കഥയിലെ കൃത്രിമത്വവും ആഖ്യാനത്തിലെ ബോധപൂര്‍വ്വമായ ചേര്‍ത്തു കൂട്ടലുകളും ചൊടിപ്പിക്കുന്ന അതിനാടകീയതയും പ്രേക്ഷകര്‍ക്കു അപ്രിയമുണ്ടാക്കി; അവര്‍ ചിത്രം നിരാകരിച്ചു; അല്‍ഫോന്‍സ പരാജയമായി.
അഭയദേവും എന്‍. എക്സ്. കുര്യനുമാണ് ‘അല്‍ഫോന്‍സ’യിലെ പാട്ടുകള്‍ എഴുതിയത്. ‘ആത്മശാന്തി’യിലൂടെ മലയാളത്തിലേക്ക് വന്ന തമിഴിലെ അക്കാലത്തെ വിഖ്യാത സംഗീത സംവിധായകനായ ടി.ആര്. പാപ്പ അവയ്ക്ക് ഈണം പകര്‍ന്നു. പി. ലീലയും എ. പി. കോമളവും മോത്തിയും ജോസ് പ്രകാശും പാടിയ പാട്ടുകളെക്കുറിച്ച് ‘ചിത്രഗാനസ്മരണിക’യില്‍ പരാമര്‍ശമുണ്ട്. ബാക്കി പത്തുപാട്ടുകള്കൂടിയുണ്ടായിരുന്നുവെന്നും അവയെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമല്ലെന്നും കൂടി അക്കൂട്ടത്തില്‍ കണ്ടു. (ഗായികമാരുടെ കൂട്ടത്തില്‍ ചേലങ്ങാട്ട് ജാനമ്മ ഡേവിഡിനെക്കൂടി ഉള്‍പ്പെടുത്തിക്കാണുന്നു.)
കെ. തങ്കപ്പനാണ് ചിത്രത്തിലെ നൃത്തരംഗങ്ങളൊരുക്കിയത്. എന്‍. എം. ശങ്കറായിരുന്നു ചിത്ര സന്നിവേശം. മദിരാശിയില്‍ ജോസഫ് തളിയത്തിന്റെ സിറ്റാഡല്‍ സ്റ്റുഡിയോയില്‍ വച്ചായിരുന്നു ചിത്രീകരണം.
നിര്‍മ്മാതാവായ എന്‍. എന്‍. ജോര്‍ജ്ജിന്റെ പുത്രന് എന്‍. ജി. ജോണ്‍ എന്ന കുട്ടപ്പന് രണ്ടുപതിറ്റാണ്ടുകള്‍ക്ക് മുന്‍പുവരെ പിതാവിന്റെ വഴി പിന്‍പറ്റി നിര്‍മാണവിതരണ രംഗത്ത് സജീവ സാന്നിദ്ധ്യമായി വര്‍ത്തിച്ചിരുന്നു.1952 ല്‍ തന്നെ പുറത്തിറങ്ങിയ ചിത്രമാണ് ‘കാഞ്ചന’ കോയമ്പത്തൂരിലെ പക്ഷിരാജയ്ക്കുവേണ്ടി ശ്രീരാമലു നായിഡു നിര്‍മിച്ച കാഞ്ചനയെപ്പറ്റി നായിഡുവിന്റെ ആദ്യ ചിത്രമായ പ്രസന്നയെക്കുറിച്ച് പ്രതിപാദിക്കുന്ന കൂട്ടത്തില്‍ പരാമര്‍ശിച്ചിരുന്നു.
‘ആനന്ദവികടന്’ എന്ന പ്രചാരമേറിയ മാസികയില്‍ ഖണ്ഡശഃ പ്രസിദ്ധപ്പെടുത്തിയപ്പോള്‍ നേടിയ ജനപ്രീതിയുടെ തിളക്കവുമായാണ് ‘കാഞ്ചന’ നിര്‍മിക്കപ്പെട്ടതെങ്കിലും കതിരും പതിരും പാറ്റിത്തെളിക്കുന്ന മലയാളി പ്രേക്ഷക പ്രകൃതത്തിന്റെ മുന്പില് ലക്ഷ്മി എഴുതിയ കാഞ്ചനകഥ പ്രഭ കെട്ടതായാണനുഭവപ്പെട്ടത്. ‘പ്രസന്ന’യുടെ സംഭാഷണമെഴുതിയ മുന്‍ഷി പരമുപിള്ള തന്നെയാണ് കാഞ്ചനയുടെ രചനാദൗത്യവും കയ്യാളിയത്. താരതമ്യേന സംഭാഷണം കൂടുതല്‍ മുറുക്കമുള്ളതായനുഭവപ്പെട്ടു എന്ന് സിനിക്ക് നിരീക്ഷിക്കുന്നു. അരോചകത്വം തീര്‍ത്ത പ്രസംഗതുല്യമായ ഒരു രംഗത്തിലൊഴികെ! പ്രസന്നപോലെ ‘കാഞ്ചന’യും തമിഴിലും മലയാളത്തിലുമായിട്ടായിരുന്നു നിര്‍മാണം. അനിവാര്യമായും തമിഴ് പ്രേക്ഷകരുടെ അഭിരുചിയ്ക്കൊത്ത ചേരുവകള്‍ക്ക് ചിത്രത്തില്‍ പ്രാമുഖ്യം നല്‍കിയിരുന്നു.
ബംഗാളിയായ സൈലന്ബോസായിരുന്നു ഛായാഗ്രഹണം. ചിത്രീകരണം കോയമ്പത്തൂരിലെ പക്ഷിരാജ സ്റ്റുഡിയോയില്‍.
അഭയദേവിന്റെ വരികള്‍ക്ക് എസ്. എം. സുബ്ബയ്യ നായിഡു ഈണം നല്കി. എം. എസ്. വിശ്വനാഥന്റെ ഗുരുക്കന്മാരിലൊരാളായിരുന്ന നായിഡു തമിഴില്‍ അക്കാലത്തു പ്രസിദ്ധനായിരുന്ന എസ്. എന്‍. ചാമിയോടൊപ്പം ‘രക്തബന്ധ’ത്തിനു സംഗീതം പകര്‍ന്നുകൊണ്ടായിരുന്നു മലയാളത്തില്‍ രംഗപ്രവേശം; ഒന്‍പതു ഗാനങ്ങള്‍ ചിത്രത്തിലുണ്ടായിരുന്നു. ‘ചിത്രഗാന സ്മരണിക’യില്‍ പക്ഷേ നാലുഗാനങ്ങളെക്കുറിച്ചുള്ള പരാമര്‍ശമേയുള്ളൂ. ജയലക്ഷ്മിയും പെരിയ നായികയുമാണ് അവരണ്ടു വീതം പാടിയത്. ”വേല ചെയ്യൂ… ”ചരണ പങ്കജം…. എന്നീ ഗാനങ്ങള്‍ ജയലക്ഷ്മിയും ”നിരാശ മാത്രമായി…. ”ഓ, വാ… നിന് മേലേ,…” എന്നിവ പെരിയനായികയും. കെ. ആര്. രാമസ്വാമിയും ഗായകനിരയിലുണ്ടായിരുന്നതായി ചേലങ്ങാട്ടു സൂചിപ്പിച്ചുകണ്ടു. രാമസ്വാമി തമിഴില്‍ അറിയപ്പെടുന്ന ഗായകനായിരുന്നു അന്ന്. തന്റെ കഥാപാത്രങ്ങള്‍ക്കുവേണ്ടി അദ്ദേഹം തന്നെയാണ് പാടാറുണ്ടായിരുന്നത്. മായേ…. എന്നാരംഭിക്കുന്ന കീര്‍ത്തനമാണ് ‘കാഞ്ചന’യിലെ ഏറ്റവും ശ്രദ്ധേയമായ ഗാനമെന്നാണ് ‘ചിത്രശാല’യില്‍ സിനിക്ക് എഴുതിക്കണ്ടത്. ഭാനുമതിയുടെ (പത്മിനി) കഥാപാത്രം കാഞ്ചനയുടെ മകന് മോഹനന് കുഞ്ഞിനു ചോറുകൊടുക്കുന്ന നേരത്തു അമ്പിളിയമ്മാവനെക്കുറിച്ച് പാടുന്ന പാട്ടു ശ്രുതിമധുരമായിരുന്നു എന്നും അദ്ദേഹം പറയുന്നു. ഗായികമാരില്‍ കൂടുതല്‍ നന്നായതു വസന്തകുമാരിയാണ.് സിനിക്കിന്റെ പരാമര്‍ശത്തില്‍നിന്നും ഗായികമാരുടെ നിരയില്‍ അവരും ഉണ്ടായിരുന്നതായി നാം മനസ്സിലാക്കുന്നു. ഹിന്ദി ട്യൂണുകളുടെ പകര്പ്പുകളാക്കാതെ ഗാനങ്ങള്‍ ഒരുക്കിയ എസ്. എം. സുബ്ബയ്യ നായിഡു പശ്ചാത്തല സംഗീതത്തെ പലപ്പോഴും ശബ്ദായമാനമാക്കി പൂര്‍വ്വതല സംഗീതമാക്കിക്കളഞ്ഞതായി സിനിക്കിന് ആക്ഷേപമുണ്ട്.
ചലച്ചിത്ര മലയാളം
പ്രതികരിക്കാൻ ഇവിടെ എഴുതുക: