കോഴഞ്ചേരി: കേരളത്തിലെ ആദ്ധ്യാത്മിക നവോത്ഥാന നായകരില്‍ പ്രഥമ ഗണനീയായിരുന്നു ശ്രീ വിദ്യാധിരാജ ചട്ടമ്പിസ്വാമികളെന്ന് പ്രമുഖ സാഹിത്യകാരനും നിരൂപകനുമായ പ്രഫ. ടോണി മാത്യു പറഞ്ഞു. അയിരൂര്‍ ചെറുകോല്‍പ്പുഴ ഹിന്ദുമത മഹാമണ്ഡലം ശ്രീ വിദ്യാധിരാജ സാംസ്കാരിക കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ചട്ടമ്പിസ്വാമി ജയന്തി ജീവകാരുണ്യദിനാചരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ നൂറ്റാണ്ടിന്റെ പ്രാരംഭ കാലഘട്ടത്തില്‍ ശിഥിലമായികൊണ്ടിരുന്ന ഹിന്ദു സമാജത്തെ നാശത്തില്‍നിന്നും കരകയറ്റാന്‍ അദ്ദേഹത്തിന്റെ പ്രവര്ത്തനംകൊണ്ടുകഴിഞ്ഞു. അനാവശ്യജാതിചിന്തയും ഉത്സവാദി ആഢംബരങ്ങളും ഒഴിവാക്കി ,ഹൈന്ദവ ജനതയെ മുഖ്യ ധാരയിലെത്തിക്കാന്‍ ഗ്രാമ ഗ്രാമാന്തരങ്ങളില്‍ പാദപര്യടനം നടത്തി ചട്ടമ്പിസ്വാമികള്‍ നടത്തിയ പരിശ്രമങ്ങള്‍ കേരളത്തിന്റെ നവോത്ഥാനത്തിന് ചാലക ശക്തിയായി എന്നും അദ്ദേഹം പറഞ്ഞു.
ശ്രീവിദ്യാധിരാജ സാംസ്കാരിക കേന്ദ്രം ചെയര്മാന് പി.എസ്. നായര്‍ അധ്യക്ഷത വഹിച്ചു. ഹിന്ദുമത മഹാമണ്ഡലം സെക്രട്ടറി എം.പി. ശശിധരന്‍നായര്‍ , വൈസ് പ്രസിഡന്റ് മാലേത്ത് സരളാദേവി, ഡയറക്ടര്‍ വി.കെ. രാജഗോപാല്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: