കോഴഞ്ചേരി: വിനായക ചതുര്‍ത്ഥിയുടെ ഭാഗമായി വിവിധക്ഷേത്രങ്ങളില് പ്രത്യേക പൂജകളും ആഘോഷപരിപാടികളും നടന്നു. ആറന്മുള മൂര്‍ത്തിട്ട ഗണപതി ക്ഷേത്രത്തില്‍ ഗണേശോത്സവത്തോടെ വിനായക ചതുര്‍ത്ഥിക്ക് സമാപനം കുറിച്ചു.
അഷ്ടദ്രവ്യഗണപതി ഹോമത്തിന് അഗ്നിശര്മ്മന് വാസുദേവന്‍ ഭട്ടതിരി കാര്‍മ്മികത്വം വഹിച്ചു. കലശാഭിഷേകത്തിന് ശേഷം ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ നിന്നും ആരംഭിച്ച ഘോഷയാത്ര മൂര്‍ത്തിട്ടയില്‍ എത്തി ഗജപൂജയും ആനയൂട്ടും നടന്നു. ഉച്ചക്ക് മഹാഗണപതി പ്രാതലിന് ശേഷം ക്ഷേത്രത്തില്‍ നിന്നും ആരംഭിച്ച ഗണേശ ഘോഷയാത്ര വൈകിട്ട് ആറാട്ട് കടവിന് സമീപം കുരുമുളക്കാവിലെത്തി പമ്പാനദിയില്‍ വിഗ്രഹ നിമജ്ഞനവും നടത്തി. ക്ഷേത്രങ്ങളിലെല്ലാം ഓണത്തിന് നാന്ദികുറിച്ച് അത്തപ്പൂക്കളമൊരുക്കിയിരുന്നു. വിവിധ സ്ഥാപനങ്ങള്‍,വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലും ഓണത്തെ വരവേറ്റ് വിവിധ ചടങ്ങുകള്‍ക്ക് തുടക്കം കുറിച്ചു. പൂക്കള മത്സരങ്ങളും ഇന്നലെ തന്നെ ആരംഭിച്ചു.
ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ അത്തം നാളില്‍ വന്‍ ഭക്തജനത്തിരക്ക് അനുഭവപ്പെട്ടു. മഹാഗണപതി ഹോമം, അഷ്ടദ്രവ്യഗണപതിഹോമം, ആനയൂട്ട്, ഗജപൂജ, ഗണേശ ഘോഷയാത്ര എന്നിവ ഇതിന്റെ ഭാഗമായി എല്ലാ ക്ഷേത്രങ്ങളിലും നടന്നു. നെടുംപ്രയാര്‍ തേവരക്കുന്ന് മഹാവിഷ്ണുസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍ അഷ്ടദ്രവ്യ മഹാഗണപതി ഹോമത്തിന് മേല്‍ശാന്തി എന്‍.നാരായണന് നമ്പൂതിരി കാര്‍മ്മികത്വം വഹിച്ചു. ക്ഷേത്രത്തിലെ ഉത്സവവും ഭാഗവത സപ്താഹ യജ്ഞവും തുടര്‍ന്നുള്ള ദിവസങ്ങളില്‍ നടക്കും. തിരുവോണ നാളില്‍ പുലര്‍ച്ചെ തിരുവോണ തോണിയെ സ്വീകരിക്കുന്നതോടെ ചടങ്ങുകള്‍ സമാപിക്കും. ഇലന്തൂര്‍ മഹാഗണപതി ക്ഷേത്രത്തില്‍ അഷ്ടദ്രവ്യഗണപതി ഹോമം, ഭാഗവതപാരായണം, ഭജന എന്നിവ നടന്നു. തിരുവല്ല പാലിയേക്കര സുബ്രഹ്മണ്യസ്വാമിക്ഷേത്രത്തില്‍ വിനായകചതുര്‍ഥി ആഘോഷിച്ചു. മഹാഗണപതിഹോമം നടന്നു. മേല്‍ശാന്തി സജീവന് നമ്പൂതിരി കാര്‍മികത്വം വഹിച്ചു. കടപ്രദുര്ഗാദേവീ ക്ഷേത്രത്തില്‍ വിനായകചതുര്‍ഥി ആഘോഷം നടത്തി. അഷ്ടദ്രവ്യ ഗണപതിഹോമം നടത്തി. മല്ലപ്പള്ളിആനിക്കാട്ടിലമ്മ ശിവപാര്‍വതി ക്ഷേത്രത്തിലെ വിനായക ചതുര്‍ഥി ആഘോഷം നടത്തി. മേല്‍ശാന്തി കാളകാട്ടില്ലത്ത് നീലകണ്ഠന് നമ്പൂതിരി, മുത്തൂറ്റ് മഠം ശിവപ്രസാദ് നമ്പൂതിരി എന്നിവരുടെ കാര്‍മികത്വത്തില്‍ അഷ്ടദ്രവ്യമഹാഗണപതിഹോമം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: