നീലത്തിമിംഗലം കടലിലെ ഏറ്റവും വലിയ ജീവി, കൊമ്പനാനയെ പോലും വിഴുങ്ങാന്‍ ശേഷി. അവന്റെ വായില്‍പ്പെട്ടാല്‍ പിന്നെ രക്ഷയില്ല. അവന്റെ പേരിലുള്ള കംപ്യൂട്ടര്‍ കളിയുടെ കഥയും മറിച്ചല്ല, പെട്ടാല്‍ അടിപ്പെട്ടതുതന്നെ. കഥാന്ത്യം ആത്മഹത്യ.
ബ്ലൂവെയില്‍ ഗെയിം എന്ന ഓണ്‍ലൈന്‍ കളിയുടെ കാര്യം കേള്‍ക്കാന്‍ തുടങ്ങിയിട്ട് നാളേറെയായില്ല. പക്ഷെ ഇതൊരു കളിയല്ലെന്ന് പോലീസും ഐടി വിദഗ്ദ്ധരും പറയുന്നു. കാരണം ഗയിം നമുക്ക് ഓണ്‍ലൈനില്‍ കളിക്കാം. അത്യാവശ്യം ഡൗണ്‍ലോഡ് ചെയ്യാം. പ്ലേസ്റ്റോറില്‍ പരതി യുക്തംപോലെ കണ്ടുപിടിക്കുകയും ചെയ്യാം. പക്ഷേ ബ്ലൂവെയിലിന്റെ കഥ അങ്ങനെയല്ല. ലോകത്തിന്റെ ഏതോമൂലയില്‍ പതിയിരിക്കുന്ന ഒരു ഡിജിറ്റല്‍ വില്ലന്‍ നിശ്ചിതമായ ചില സോഷ്യല്‍ ഗ്രൂപ്പുകളിലൂടെ നിങ്ങളെ കളിയിലേക്ക് ക്ഷണിക്കുന്നു.
വളരെ ആവേശകരമാണ് കളി, ആദ്യം ആത്മവിശ്വാസത്തിന്റെ തോത് ഉയര്‍ത്തും. വെറും അന്‍പത് ദൗത്യങ്ങള്‍ പൂര്‍ത്തിയാക്കിയാല്‍ മതി. പക്ഷേ പകുതി തീരുമ്പോഴേക്കും കളിക്കാരന് ആ റഫറിയുടെ അടിമയാവും. എന്തുപറഞ്ഞാലും അനുസരിക്കും. ഏത് വേണ്ടാതീനവും പ്രവര്‍ത്തിക്കും. ഒടുവില്‍ അന്‍പതാമത്തെ ദൗത്യം അഥവാ ടാസ്കിന്റെ രൂപത്തിലെത്തുക ‘മരണവാറന്റ്’
ശരിയായ അര്‍ത്ഥത്തില്‍ ബ്ലൂവെയില്‍ ഗെയിം ഒരു ഗെയിമല്ല. പക്ഷേ പലരാജ്യങ്ങളിലും നടക്കുന്നുണ്ട്. ഈ മരണക്കളി ബ്ലൂവെയില്‍ എന്നാല്‍ നീലത്തിമിംഗലം എന്നല്ലത്രെ കളിയുണ്ടാക്കിയവരുടെ പക്ഷം. മറിച്ച് സ്വയം മരണം തേടി തീരത്തടിയുന്ന ബ്ലീയ്ഡ് വെയില് എന്നതാണ് അവരുദ്ദേശിക്കുന്ന അര്‍ത്ഥം. അക്കാര്യം അവര്‍ നല്കുന്ന 50 ടാസ്കുകളില് നിന്നുതന്നെ നമുക്കറിയാനാവും. ക്യൂറേറ്റര്‍ നല്കുന്ന നിശ്ചിത വാക്യം സ്വന്തം കയ്യിലെ തൊലിയില്‍ കത്തികൊണ്ട് കോറിയിടുകയെന്നതാണ് തുടക്കം. രാവിലെ 4.30ന് എണീറ്റ് ഭീകര സിനിമയുടെ വീഡിയോ കാണുന്നതും സ്വന്തം കയ്യില്‍ നെടുനീളത്തില്‍ മുറിവുണ്ടാക്കുന്നതുമൊക്കെ ആദ്യ ഭാഗത്തെ ദൗത്യങ്ങള്‍. തിമിംഗലത്തിന്റെ രൂപം കൈത്തണ്ടയില്‍ കോറിയിടുന്നത് 11-ാമത്തെ ദൗത്യം. മുറിവുണ്ടാക്കുന്നത് 14-ാമത്തെയും. അപ്പപ്പോള്‍ കിട്ടുന്ന രഹസ്യദൗത്യമാണ് 25-ാമത്തെ ടാസ്ക്. അവസാനത്തേത് സ്വയം മരണംവരിക്കുന്നതും.
മനസ്സിന് തീരെ ശക്തിയില്ലാത്തവരും ഏകാന്തതയില്‍ കഴിയാന്‍ വിധിക്കപ്പെട്ടവരുമായ കുട്ടികളും യുവാക്കളുമാണ് ബ്ലൂവെയില്‍ ആരാച്ചാരന്മാരുടെ കുരുക്കില്‍ പതിക്കുക. മാതാപിതാക്കളുടെ സ്നേഹവും കരുതലും കിട്ടാതെവന്നവരും സമൂഹത്തില്‍ ഒന്നും നേടാനാവില്ലന്ന വിശ്വാസത്തില്‍ തകര്‍ന്നവരുമൊക്കെ ഈ മരണക്കളിയുടെ കുരുക്കില്‍ വീഴും. അതുകൊണ്ടാണ് സ്വന്തം കുട്ടികളുമായി തുറന്ന് സംസാരിക്കാനും സ്നേഹം പകര്‍ന്നു കൊടുക്കാനും മാതാപിതാക്കളോട് മനഃശാസ്ത്രജ്ഞര്‍ നിര്‍ദ്ദേശിക്കുന്നത്. കുട്ടികള്‍ പെട്ടന്ന് മൗനികളാകുന്നതും കംപ്യൂട്ടറുമായി ഏകാന്തതയില്‍ ഏറെ നേരം സല്ലപിക്കുന്നതും ശ്രദ്ധിക്കണമെന്നും അതിനാലാണ് വിദഗ്ധര്‍ പറയുന്നത്. മരണക്കളികള്‍ നടത്തുന്ന ലിങ്കുകള്‍ ഒഴിവാക്കാന്‍ സെര്‍ച്ച് എഞ്ചിനുകള്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്കിയതുകൊണ്ട് മാത്രം പോരെന്ന സാരം.
ഇന്ത്യയില്‍ ബ്ലൂവെയില്‍ ഗെയിമുമായി ബന്ധപ്പെട്ട കഥകള്‍ കേട്ടുതുടങ്ങിയത് അടുത്തയിടെയാണ്. നിഗൂഢസാഹചര്യങ്ങളില്‍ കുട്ടികളെ കാണാതായതും അവര്‍ ആത്മഹത്യചെയ്യുന്നതുമൊക്കെ ഗെയിമുമായി ബന്ധപ്പെട്ടാണെന്ന ആരോപണം വന്നതും ഈയിടെതന്നെ. പക്ഷേ ബ്ലൂവെയില്‍ ഗെയിമിന്റെ ജന്മദേശമായ റഷ്യയില്‍ ആദ്യ ത്തെ കളിമരണം റിപ്പോര്‍ട്ട് ചെയ്തത് 2015ല്‍. സര്‍വകലാശാലയില്‍ നിന്ന് പുറത്താക്കപ്പെട്ട മുന്‍ മനശ്ശാസ്ത്ര വിദ്യാര്‍ത്ഥി ഫിലിപ് ബുഡ്രകിന്‍ ആണ് ഈ കളിയുടെ ജനയിതാവ്.
കളികൊണ്ടുവന്നതിന് അയാള്‍ പറഞ്ഞ കാരണം ഇതത്രെ. സമൂഹം ശുദ്ധീകരിക്കാന്‍ ഗുണമേന്മയില്ലാത്തവരെ ആത്മഹത്യയിലുടെ ഇല്ലാതാക്കുകയാണ് തന്റെ ലക്ഷ്യം. ചുരുങ്ങിയത് 16 പെണ്‍കുട്ടികളുടെയെങ്കിലും ദുരൂഹമായ മരണത്തിന് ഉത്തരവാദിയെന്നാരോപിച്ച് സര്‍ക്കാര്‍ ഇയാളെ സെന്റ്പീറ്റേഴ്സ് ബര്‍ഗിലെ ക്രെസ്റ്റി ജയിലില്‍ അടച്ചു. ഈ സംഭവം റഷ്യന്‍ സമൂഹത്തില്‍ വമ്പന്‍ ധാര്‍മിക പരിഭ്രാന്തിക്കാണ് വഴിതെളിയിച്ചത്. തുടര്‍ന്ന് ആത്മഹത്യാ ആനുകൂല ഗ്രൂപ്പുകള്‍ സോഷ്യല്‍ മീഡിയയില്‍ രൂപപ്പെട്ടതിനെതിരെയും കുട്ടികളെ ആത്മഹത്യയിലേക്ക് നയിക്കുന്നതിനെതിരെയും റഷ്യന്‍ സര്‍ക്കാര്‍ കര്‍ക്കശ നിയമം കൊണ്ടുവന്നു.
ബ്ലൂവെയില്‍ ഗയിമില്‍ കളിയാശാനായ ക്യൂറേറ്ററാണ് അധികാരി. അയാള്‍ നിര്‍ദ്ദേശിക്കുന്ന ഓരോ ക്രൂരകൃത്യവും പൂര്‍ത്തിയാക്കിയശേഷം മൊബൈലില്‍ ചിത്രമെടുത്ത് പരിശോധനയ്ക്ക് അയച്ചു കൊടുക്കണമെന്നതാണ് നിബന്ധന. നീലത്തിമിംഗലത്തിന്റെ മറവില്‍ വ്യക്തികളുടെ സ്വകാര്യവിവരങ്ങള്‍ ചോര്‍ത്താനും ബാങ്ക് തട്ടിപ്പുകള്‍ നടത്താനും ബ്ലാക്ക്മെയില്‍ ചെയ്യാനും തക്കംപാര്‍ത്തിരിക്കുന്ന ഡിജിറ്റല്‍ കള്ളന്മാരും കളിക്കുപിന്നിലുണ്ടെന്നാണ് വാര്‍ത്ത. കള്ളന്മാര്‍ക്കുപുറമെ മനോരോഗികളുമുണ്ട് ഡിജിറ്റല്‍ ലോകത്ത് സ്വയം ശ്വാസംമുട്ടിച്ച് മരണം വരിക്കാന്‍ പ്രേരിപ്പിക്കുന്ന ചോക്കിംഗ് ഗെയിം, സമൂഹത്തില്‍ നാണം കെടുത്തി പീഡിപ്പിക്കുന്ന സൈബര്‍ ബുള്ളിയിങ്ങ് ഇങ്ങനെ അത്തരക്കാരുടെ വികൃതികള്‍ നീളുന്നു. അത്തരക്കാരില്‍ നിന്ന് ഡിജിറ്റല്‍ ഭ്രാന്തന്മാരെ രക്ഷിക്കുന്നതിന് പിങ്ക് വെയില് തുടങ്ങി ഒട്ടേറെ ബദല്‍ സഹായ സോഷ്യല്‍ ഗ്രൂപ്പുകളും സൈബര്‍ലോകത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. നമ്മുടെ കുഞ്ഞങ്ങളെ ഇത്തരം ചതിക്കുഴികളില്‍ നിന്നു രക്ഷിക്കാന്‍ നമുക്ക് ചെയ്യാവുന്നതിനാണ്. കുട്ടികളുടെ മനസ്സുപഠിക്കുക, ഇവരുമായി സംവദിക്കുക, അവര്‍ക്ക് സ്നേഹം പകര്‍ന്നുകൊടുക്കുക, അവര്‍ക്ക് നല്ല ചങ്ങാതിമാരുണ്ടെന്ന് ഉറപ്പാക്കുക, സര്‍വ്വോപരി സന്തോഷഭരിതമായ കുടുംബാന്തരീക്ഷം ഉറപ്പാക്കുക. എങ്കില്‍ പേരന്റല്‍ കണ്ട്രോള് സോഫ്ട്വെയര് ഘടിപ്പിച്ച കംപ്യൂട്ടറോ, ഡിപ്രഷന് ചികിത്സ നല്കുന്ന മനശാസ്ത്രജ്ഞാനോ നമുക്ക് വേണ്ടിവരില്ല. കുട്ടിയുടെ പഠനമുറിയില്‍ ചാരപ്പണിയെടുക്കേണ്ടിയും വരില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: