ജീവിതത്തിലെ നിസാര പ്രതിസന്ധികളില്‍ പോലും നിരാശരാകുന്ന പുതുതലമുറയ്ക്ക് മാതൃകയും ഊര്‍ജ്ജവുമായി തീരുകയാണ് ആകാശ് മാധവ്. മേലാറ്റൂര്‍ ഇടത്തളമഠത്തില്‍ സേതുമാധവന്-ഗീത ദമ്പതികളുടെ ഏകമകന് ഇങ്ങനെയൊക്കെ ആയിത്തീര്ന്നതില് അത്ഭുതമില്ല. ഇ.എം ഹൗസ് എന്ന ആകാശിന്റെ വീടിന് മുന്നിലൂടെയാണ് നിലമ്പൂര്‍-ഷൊര്‍ണ്ണൂര്‍ റെയില്‍പാത. കുട്ടിക്കാലം മുതല്‍ നൂറുകണക്കിന് യാത്രക്കാരെയും വഹിച്ചുകൊണ്ട് ലക്ഷ്യത്തിലേക്ക് കുതിച്ചുപായുന്ന തീവണ്ടികള്‍ കണ്ടാണ് ആകാശ് വളര്‍ന്നത്. ആ വേഗതയും കൃത്യമായി പാളത്തിലൂടെ പോകുന്ന തീവണ്ടികളുടെ അച്ചടക്കവും കുഞ്ഞ് ആകാശിനെ ലക്ഷ്യങ്ങളിലേക്ക് യാത്ര ചെയ്യാന്‍ ഏറെ സ്വാധീനിച്ചിട്ടുണ്ടാകും. പ്രതിസന്ധികള്‍ തനിക്കെന്നും ആവേശമാണ് സമ്മാനിച്ചിട്ടുള്ളതെന്ന് ആകാശ് പറയുന്നു. ”പരിഹാസത്തിനും അനുകമ്പയ്ക്കും സഹതാപത്തിനും ഒന്നും കാത്തുനില്ക്കാന് സമയമില്ലായിരുന്നു, അല്ലെങ്കില്‍ അതൊന്നും പ്രശ്നമല്ലായിരുന്നു. അച്ഛനും അമ്മയും സ്വന്തം നാട്ടുകാരും നല്കിയ പിന്തുണ മാത്രം മതി ഇനിയും വാശിയോടെ ജീവിക്കാന്‍”- ആകാശിന്റെ ഈ വാക്കുകളില്‍ നിറയുന്നതത്രയും ശുഭാപ്തിവിശ്വാസം.
പെരിന്തല്‍മണ്ണ ശ്രീവള്ളുവനാട് വിദ്യാഭവനിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. 130 സെന്റിമീറ്റര്‍ മാത്രം ഉയരമുള്ള തന്നെ അവിടുത്തെ അദ്ധ്യാപകര്‍ ഒരു കാര്യത്തിനും ഒരിക്കലും മാറ്റി നിര്‍ത്തിയിട്ടില്ല. സ്പോര്‍ട്സിനോട് ചെറുപ്പം മുതല്‍ വലിയ ആവേശമായിരുന്നു. വള്ളുവനാടില്‍ പഠിക്കുമ്പോള്‍ ഓരോ കായികമേളയിലും ഗ്രൂപ്പ് ലീഡര്‍മാര്‍ താന്‍ മത്സരിക്കണമെന്ന് അഭ്യര്‍ത്ഥിക്കും. 1500, 1000 മീറ്റര്‍ ഓട്ടത്തിനായിരിക്കും അവര്‍ പേര് നല്‍കുക. ഒരാള്‍ പോലും ഈ ഇനങ്ങളില്‍ ഫിനീഷ് ചെയ്യില്ലെന്ന് ഉറപ്പാണ്. പണ്ടത്തെ ആമയുടെയും മുയലിന്റെയും കഥപോലെ താന്‍ നടന്നെങ്കിലും ഫിനിഷ് ചെയ്താല്‍ ഗ്രൂപ്പിന് ഒരു പോയിന്റ് ലഭിക്കും, അതുമാത്രമായിരുന്നു ലീഡര്‍മാരുടെ ഉദ്ദേശ്യം. പക്ഷേ അവര്‍ അന്ന് നല്കിയ ആത്മവിശ്വാസം പിന്നീടുള്ള ജീവിത യാത്രകളില്‍ സഹായിച്ചിട്ടുണ്ടെന്ന് ആകാശ് നന്ദിയോടെ ഓര്‍ക്കുന്നു.
ഡ്രൈവിംങ് ലൈസന്‍സ് എടുക്കാന്‍ പോയ കാര്യം വളരെ രസകരമാണ്. ലൈസന്‍സിന് അപേക്ഷിച്ചപ്പോള്‍ ആര്‍ടിഒ പറഞ്ഞത് തനിക്ക് സ്പെഷ്യല്‍ ലൈസന്‍സേ കിട്ടൂയെന്നാണ്.
സാധാരണ ആളുകള്‍ വാഹനം ഓടിക്കുന്നത് പോലെ തന്നെക്കൊണ്ടും സാധിക്കുമെന്ന് പറഞ്ഞിട്ടും ആര്‍ടിഒ സമ്മതിച്ചില്ല. ആ വാശിക്കാണ് പ്ലസ്ടുവിന് ശേഷം ഓട്ടോ മൊബൈല്‍ എഞ്ചിനീയറിംങിന് ചേര്‍ന്നത്. അതിന് ശേഷം പിന്നീടും ലൈസന്‍സിന് അപേക്ഷിച്ചു. ഇത്തവണ സ്വന്തം വാഹനത്തില്‍ ചില പ്രത്യേക ക്രമീകരണങ്ങള്‍ വരുത്തിയാണ് എച്ച് വരക്കാന്‍
പോയത്. എന്നാല്‍ ടെസ്റ്റിന്റെ സമയമായപ്പോള്‍ അതൊക്കെ അഴിച്ചുവെച്ചു. ടെസ്റ്റ് പാസായപ്പോള്‍ ആര്‍ടിഒയെ വിളിച്ച് ക്രമീകരണങ്ങള്‍ അഴിച്ചുമാറ്റിയത് കാണിച്ചുകൊടുത്തു. അപ്പോള്‍ത്തന്നെ റോഡ് ടെസ്റ്റ് നടക്കുന്ന സ്ഥലത്തേക്ക് വരാന്‍ അദ്ദേഹം പറഞ്ഞു. ഒരു ഉദ്യോഗസ്ഥനോട് തന്റെ വാഹനത്തില്‍ കയറാനും നിര്‍ദ്ദേശിച്ചു. അവിടെ എത്തിയപ്പോള്‍ ആര്‍ടിഒ ആ ഉദ്യോഗസ്ഥനോട് ചോദിച്ചു. എങ്ങനെയുണ്ടടോ ഇവന്റെ ഡ്രൈവിംങ്?. ചെക്കന് ഉഷാറല്ലേ… എന്നായിരുന്നു ഉദ്യോഗസ്ഥന്റെ മറുപടി. രണ്ടാഴ്ചക്കുള്ളില്‍ ലൈസന്‍സ് വീട്ടിലെത്തും പോയ്ക്കോളാന്‍ ആര്‍ടിഒ പറഞ്ഞപ്പോഴാണ് തന്റെ റോഡ് ടെസ്റ്റാണ് നടന്നതെന്ന് മനസ്സിലായത്. സാധാരണ ലൈസന്‍സാണ് തനിക്കുമുള്ളതെന്ന് പറയുമ്പോള്‍ ആകാശിന്റെ കണ്ണില്‍ അഭിമാനത്തിന്റെ തിളക്കം.
പൊക്കക്കുറവ് എന്നെങ്കിലും ഒരു വിഷമമായി തോന്നിയിട്ടുണ്ടോയെന്ന ചോദ്യത്തിന് വളരെ ഗൗരവത്തോടെയായിരുന്നു ആകാശിന്റെ മറുപടി. ”ഉണ്ട്, കോളേജില്‍ പഠിക്കുമ്പോള്‍ ക്ലാസ് കട്ട് ചെയ്ത് മുങ്ങാന്‍ വല്ലാത്ത ബുദ്ധിമുട്ടായിരുന്നു. എപ്പോള്‍ ക്ലാസ് കട്ട് ചെയ്താലും അദ്ധ്യാപകര്‍ പിടികൂടും. ഇത് പതിവായതോടെ കൂട്ടുകാര്‍ ഒപ്പം കൂട്ടാതെയായി. പൊക്കമില്ലാത്തതുകൊണ്ട് തന്നെ പെട്ടെന്ന് എല്ലാവര്ക്കും തിരിച്ചറിയാനാകും, തന്നെ പിടികൂടന്നതോടെ കൂട്ടുകാര്‍ക്കും പിടിവീഴും”. ഗൗരവത്തില്‍ തുടങ്ങിയ മറുപടി പൊട്ടിച്ചിരിയോടെയാണ് അവസാനിച്ചത്. പൊക്കക്കുറവ് ഒരിക്കലും സങ്കടമായി തോന്നിയിട്ടില്ല. ഓട്ടോ മൊബൈല്‍ എഞ്ചിനീയറിംങ് കഴിഞ്ഞ് ചില ഷോറൂമുകളില്‍ ജോലിക്ക് ശ്രമിച്ചിരുന്നു. പക്ഷേ പൊക്കക്കുറവ് മൂലം തഴയപ്പെട്ടു. ഇപ്പോള്‍ അച്ഛനൊപ്പം ഇംഗ്ലീഷ് മരുന്നുകളുടെ ബിസിനസ്സില്‍ സഹായിക്കുകയാണ് ആകാശ്.
ദൈവം തന്റെ പൊക്കം 130 സെന്റി മീറ്ററില്‍ ഒതുക്കിയത് വളരെ നന്നായെന്ന് ആകാശ് ചിരിയോടെ പറയുന്നു. കാരണം 140 സെന്റി മീറ്ററിന് താഴെ പൊക്കമുള്ളവര്‍ക്ക് മാത്രമേ ഡ്വാര്‍ഫ് ഗെയിംസില്‍ പങ്കെടുക്കാനാകൂ. തനിക്ക് 141 സെന്റി മീറ്റര്‍ പൊക്കമുണ്ടായിരുന്നെങ്കില്‍ ഇതൊന്നും നേടാനാകില്ലല്ലോ…നിരാശാ ജീവികള്‍ക്ക് വീണ്ടും മാതൃകയാകുകയാണ് ആകാശ്.
ഡ്വാര്‍ഫ് ഗെയിംസിലേക്ക് എത്തപ്പെട്ടത് അവിചാരിതമായാണ്. ഒരിക്കല്‍ തൃശ്ശൂര്‍ സ്വദേശിയായ സി.എസ്.ബൈജുവിനെ കുറിച്ച് ടിവിയില്‍ വന്ന പരിപാടി അമ്മയാണ് കാണിച്ചു തന്നത്. തന്നെപോലെ പൊക്കക്കുറവുള്ള ബൈജു മികച്ച സ്പോര്‍ട്സ് താരമാണെന്ന് അറിഞ്ഞപ്പോള്‍ അദ്ദേഹത്തെ ഒന്ന് പരിചയപ്പെടണമെന്ന് തോന്നി. ഉടന്‍ തന്നെ ചാനലില്‍ വിളിച്ച് ബൈജുവിന്റെ നമ്പര്‍ സംഘടിപ്പിച്ചു. പിന്നീട് ബൈജുവാണ്, ജോബി മാത്യുവിനെ പരിചയപ്പെടുത്തുന്നത്. അദ്ദേഹത്തിന്റെ സഹകരണത്തോടെയാണ് ദേശീയ മേളകളില്‍ മത്സരിക്കുകയും പിന്നീട് ഡ്വാര്‍ഫ് ഗെയിംസിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും ചെയ്തത്.
2013ല്‍ അമേരിക്കയിലെ മിഷിഗണില്‍ നടന്ന ഗെയിംസില്‍ ഷോട്ട്പുട്ടില്‍ വെള്ളിയും ഡിസ്കസ്ത്രോയില്‍ വെങ്കലവും നേടി. അന്ന് തിരിച്ച് മേലാറ്റൂരിലെത്തിയ തനിക്ക് നാട്ടുകാര്‍ നല്കിയ സ്വീകരണത്തെ കുറിച്ച് പറയുമ്പോള്‍ ആകാശിന്റെ കണ്ണുകളില്‍ വീണ്ടും അഭിമാനം. ഒന്‍പതാം ക്ലാസില്‍ പഠിക്കുമ്പോള്‍ സംസ്ഥാന സ്കൂള്‍ ഖൊ-ഖൊ ടീമിലുണ്ടായിരുന്നു. അന്ന് ടീം റണ്ണര്‍ അപ്പ് ആയപ്പോള്‍ എല്ലാവര്‍ക്കുമൊപ്പം ആകാശിനും വെള്ളി മെഡല്‍ ലഭിച്ചു. പിന്നീട് ഒന്‍പത് വര്‍ഷത്തിന് ശേഷമാണ് ഡ്വാര്‍ഫ് ഗെയിംസിലൂടെയാണ് മറ്റൊരു മെഡല്‍ ലഭിക്കുന്നത്. സ്കൂളില്‍ പഠിക്കുമ്പോള്‍ സ്കൂളിന്റെ പേരെഴുതിയ ജേഴ്സി ധരിക്കണമെന്ന് വല്ലാതെ കൊതിച്ചിരുന്നു, എന്നാല്‍ അത് നടക്കാതെ പോയി. പക്ഷേ ആകാശിനെ കാത്തിരുന്നത് രാജ്യത്തിന്റെ പേരെഴുതിയ ജേഴ്സിയായിരുന്നു.
മലപ്പുറത്ത് നിന്ന് ഇതിന് മുമ്പ് ഒളിമ്പ്യന്മാരുണ്ടായിട്ടുണ്ടെങ്കിലും ആദ്യമായി മെഡല്‍ നേടിയ വ്യക്തി ആകാശാണ്. ഇത്തവണ കാനഡയില്‍ നടന്ന ഡ്വാര്‍ഫ് ഗെയിംസില്‍ ജാവലിന്‍ ത്രോയില്‍ വെങ്കല മെഡല്‍ നേടി, ബാഡ്മിന്റണ്‍ ഡബിള്‍സില്‍ മത്സരിച്ചെങ്കിലും ക്വാര്‍ട്ടര്‍ ഫൈനലില്‍ പുറത്തായി.
രണ്ടുലക്ഷം രൂപ മുടക്കിയാണ് കാനഡയ്ക്ക് പോയത്. സര്‍ക്കാര്‍തലത്തില്‍ സഹായമൊന്നും ലഭിച്ചിട്ടില്ല. ആദ്യം മെഡല്‍ നേടിയപ്പോള്‍ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഒരുലക്ഷം രൂപ സമ്മാനം നല്‍കിയിരുന്നു. പരീശീലനവും മറ്റും ഇനിയും മുന്നോട്ട് കൊണ്ടുപോകണമെന്ന് തന്നെയാണ് ആഗ്രഹം. പക്ഷേ അതിന് സര്‍ക്കാരിന്റെ പിന്തുണ അനിവാര്യമാണ്. ഇപ്പോള്‍ ചെര്‍പ്പുളശ്ശേരിയില്‍ നന്ദന് മാഷിന്റെ കീഴിലാണ് പരിശീലനം. ആഴ്ചയില്‍ ഒന്നോ രണ്ടോ ദിവസം മാത്രമേ പരിശീലനം സാധിക്കുന്നുള്ളൂ.
ആകാശിന് ഏറ്റവും ഇഷ്ടമുള്ള സ്പോര്‍ട്സ് താരം സച്ചിന് തെണ്ടുല്‍ക്കറാണ്. കാനഡയില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ഇന്ത്യന്‍ ടീമിന്റെ ഫോട്ടോയോടൊപ്പം സച്ചിന് ട്വിറ്ററില്‍ കുറിച്ച വാക്കുകള്‍ തന്നെ ഞെട്ടിച്ചു. സച്ചിനെ നേരിട്ട് കാണണമെന്നാണ് ആഗ്രഹം. അതിനൊപ്പം ബാഡ്മിന്റണില്‍ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കുകയും വേണം. ഇനിയും മത്സരങ്ങളില്‍ പങ്കെടുക്കണം മെഡലുകള്‍ നേടണം, ആകാശിന്റെ സ്വപ്നമല്ലിത്, നിശ്ചയദാര്‍ഢ്യമാണ്, അദ്ദേഹം അത് നേടുക തന്നെ ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: