പത്തനംതിട്ട: പത്തനംതിട്ടയിലെ സിപിഐയില്‍ വിഭാഗീയത മൂര്‍ച്ഛിക്കുന്നു. ജില്ലാസെക്രട്ടറിയുടെ ഭാര്യയെ ജില്ലാ ഉപഭോക്തൃതര്ക്കപരിഹാരഫോറത്തില് തിരുകികയറ്റാനുള്ള ശ്രമം പുറത്തറിയുകയും മതിയായയോഗ്യതയില്ലാത്ത നിയമനം ഹൈക്കോടതി തടയുകയും ചെയ്തതോടെയാണ് സിപിഐയില്‍ വീണ്ടും പോര് മുറുകിയത്.
ജില്ലാ ഉപഭോക്തൃതര്‍ക്ക പരിഹാരഫോറത്തില്‍ ഒരംഗത്തിന്റെ ഒഴിവുവന്നപ്പോള്‍ പതിനഞ്ചോളം അപേക്ഷകരുണ്ടായിരുന്നു. എന്നാല്‍ ഉപഭോക്തൃ തര്‍ക്കപരിഹാര ഫോറത്തില്‍ അംഗമാകേണ്ടതിന് സര്‍ക്കാര്‍ നിശ്ചയിച്ച മാനദണ്ഡങ്ങള്‍ ഒന്നും ഇല്ലെങ്കിലും ജില്ലാസെക്രട്ടറി എ.പി. ജയന്റെ ഭാര്യയെ നിയമിക്കുകയായിരുന്നു. ഇത് വിവാദമാകുകയും ഹൈക്കോടതിയില്‍ ചോദ്യംചെയ്യപ്പെടുകയും ചെയ്തതോടെയാണ് ഈനിയമനം ഹൈക്കോടതി തടഞ്ഞത്.
ജില്ലാസെക്രട്ടറിക്ക് അനഭിമതരായ നേതാക്കളെ പുകച്ച് പുറത്തുചാടിക്കുന്നതായി നേരത്തെതന്നെ പരാതി ഉണ്ടായിരുന്നെങ്കിലും ജില്ലാസെക്രട്ടറിയേറ്റിലും ജില്ലാക്കമ്മറ്റിയിലും ജില്ലാസെക്രട്ടറി വിഭാഗത്തിന് മേല്‍ക്കൈ ഉണ്ടായിരുന്നതിനാല്‍ പരസ്യപ്രതികരണത്തിന് ആരും തയ്യാറായിരുന്നില്ല. എന്നാല്‍ ഭാര്യക്ക് ഉന്നതപദവിയില്‍ അനധികൃത നിയമനം തരപ്പെടുത്തികൊടുക്കാനുള്ള ശ്രമം പുറത്തറിയുകയും,സംസ്ഥാനനേതൃത്വം അതൃപ്തി അറിയിക്കുകയുംചെയ്തതോടെയാണ് പ്രതിഷേധം ശക്തമായത്. നേതാക്കള്‍ പലരും രാജിവയ്ക്കുകയും രാജിസന്നദ്ധത പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്യുന്നു.
നേരത്തെ പാര്ട്ടിഎംഎല്എയെ സ്വകാര്യഫോണ്‍ സംഭാഷണത്തിനിടെ ജാതീയമായി അധിക്ഷേപിച്ചതിന് ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിയെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയിരുന്നു.
കുറേക്കാലമായി ജില്ലാസെക്രട്ടറിക്ക് അനഭിമതരായ നേതാക്കള്‍ക്ക് പാര്‍ട്ടിപരിപാടിയില്‍ ഊരുവിലക്ക് കല്‍പ്പിക്കുന്നതായി പ്രതിഷേധക്കാര്‍ പറയുന്നു. മുന്‍ജില്ലാ സെക്രട്ടറിയും ഇപ്പോള്‍ സംസ്ഥാന കൗണ്‍സിലംഗവുമായ നേതാവിനുപോലും പാര്‍ട്ടി പരിപാടികളില്‍ ജില്ലയില്‍ അപ്രഖ്യാപിത ഊരുവിലക്കാണത്രേ. മുന്‍ എംപിയ്ക്കും ഊരുവിലക്ക് ഉണ്ടെന്നാണ് പ്രവര്‍ത്തകര്‍ പറയുന്നത്.
റാന്നി, കോന്നി, അടൂര്‍ എന്നിവിടങ്ങളില്‍ ജില്ലാസെക്രട്ടറിയുടെ പ്രവര്‍ത്തനങ്ങളില്‍ പ്രവര്‍ത്തകരും നേതാക്കളും പ്രതിഷേധം പരസ്യമായി പ്രകടിപ്പിക്കുന്നു. അടൂരില്‍ എഐവൈഎഫിന്റെ ജില്ലാനേതാവിനെ വ്യക്തിഹത്യനടത്തി പാര്‍ട്ടിയില്‍ നിന്നും പുകച്ച് പുറത്തുചാടിക്കാന്‍ ശ്രമം നടത്തുന്നതായി പരാതി ഉയരുന്നു. ജില്ലാസെക്രട്ടറിയ്ക്ക് എതിരെ പടനയിക്കുന്നതാണ് ഇതിന് കാരണമത്രേ. കോന്നിയിലും വിഭാഗീയത രൂക്ഷമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: