പത്തനംതിട്ട: ജില്ലാ ജയിലില്‍ നിന്നും ചാടിപ്പോയ റിമാന്റ് പ്രതികളെ ദിവസങ്ങള്‍ കഴിഞ്ഞിട്ടും പിടികൂടാനാകാതെ പോലീസ്. വിവിധ രഹസ്യാന്വേഷണ വിഭാഗങ്ങള്‍ നേരത്തെ നല്കിയ സുരക്ഷാ മുന്നറിയിപ്പുകള്‍ അധികൃതര്‍ അവഗണിച്ചതാണ് ജയില്‍ ചാട്ടത്തിന് സാഹചര്യം ഒരുക്കിയത്.
കഞ്ചാവ് കേസ് പ്രതികളും ബംഗാള്‍ സ്വദേശികളുമായ ജ്യോതിദേബ് സാഹു, ഗോപാല്‍ ദാസ് എന്നിവരാണ് ചൊവ്വാഴ്ച പുലര്‍ച്ചെ സെല്ലിലെ ടോയ്ലറ്റിന്റെ മേല്‍ക്കൂര പൊളിച്ച് പുറത്തു ചാടിയത്. ഇവര്‍ ജില്ല വിട്ടു പോകാന്‍ സാധ്യതയില്ലെന്നാണ് പൊലീസ് പറയുന്നത്. ബസ് സ്റ്റന്റുകളിലും റെയില്‍വേ സ്റ്റേഷനുകളിലും പരിശോധന തുടരുന്നുണ്ട്. നഗരത്തില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലങ്ങളില്‍ പൊലീസ് പരിശോധന നടത്തിയെങ്കിലും വിവരങ്ങള്‍ ലഭ്യമായില്ല. റാന്നിയില്‍ സ്ഥിര താമസമാക്കിയിരുന്ന ഇരുവരെയും റാന്നി എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ ഒരു മാസം മുന്‍പാണ് രണ്ടേകാല്‍ കിലോ കഞ്ചാവുമായി കസ്റ്റഡിയിലെടുത്തത്.
ജയില്‍ ചാടുമ്പോള്‍ പ്രതികളുടെ കൈവശം പണവും മൊബൈല്‍ ഫോണുമില്ലാതിരുന്നതിനാല് വാഹനങ്ങളില്‍ ദീര്‍ഘദൂര യാത്ര ചെയ്യാന്‍ സാധ്യത കുറവാണെന്ന് പൊലീസ് കരുതുന്നു.
ഏറ്റവുമധികം സുരക്ഷാഭീഷണിയുള്ളതായി കണ്ടെത്തിയിരുന്ന സെല്ലില്‍ നിന്നാണ് രണ്ടു പ്രതികളും രക്ഷപെട്ടത്. ജയിലിന്റെ മേല്‍ക്കൂര സുരക്ഷിതമല്ലെന്നും സമീപത്തെ മരങ്ങള്‍ ഉള്‍പ്പെടെയുള്ളവ വെട്ടിക്കളയണമെന്നും രഹസ്യാന്വേഷണ വിഭാഗങ്ങള്‍ റിപ്പാര്‍ട്ടു നല്‍കിയിരുന്നു.
സോളാര്‍ കേസില്‍ സരിതയെ പാര്പ്പിച്ചപ്പോളാണ് ജയിലിന്റെ സുരക്ഷാഭീഷണി സജീവ ചര്‍ച്ച യായത്. ഇതിന്റെ പേരില്‍ സരിതയെ കൊട്ടാരക്കര സബ്ജയിലിലേക്ക് മാറ്റുകയും ചെയ്തിരുന്നു. പിന്നീടു പലതവണ ജയിലിന്റെ സുരക്ഷാഭീഷണി സംബന്ധിച്ചു ചര്‍ച്ചകളുണ്ടായെങ്കിലും യാതൊരു നടപടികളുമുണ്ടായില്ല.
ജയിലില്‍ നിരീക്ഷണ ക്യാമറയുണ്ടെങ്കിലും ഇതിന്റെ നിയന്ത്രണ സംവിധാനം സ്ഥാപിച്ചിരിക്കുന്നത് ജയില്‍സൂപ്രണ്ടിന്റെ മുറിയിലാണ്. സൂപ്രണ്ട് ഇല്ലാത്തപ്പോള്‍ ഗാര്‍ഡിന് ഇതു പരിശോധിക്കാനുമാകുമായിരുന്നില്ല. ഇത്തരം പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയിട്ടും പരിഹാരമുണ്ടായില്ല. ജയില്‍ സൂപണ്ട് അവധിയില്‍ പോയതോടെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുന്നതിലും ഉദ്യോഗസ്ഥര്‍ അലംഭാവം കാട്ടിയതായും പരാതികളുണ്ട്.
സുരക്ഷാ ഉദ്യോഗസ്ഥര്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നില്ലെന്ന് നേരത്തെ തന്നെ പരാതികള്‍ നിലനില്‍ക്കെയാണ് റിമാന്‍ഡ് പ്രതികള്‍ ജയില്‍ ചാടിയത്.
വര്‍ഷങ്ങള്‍ക്കു മുന്‍പ് സബ് ജയിലായിരുന്ന ഇത് ജില്ലാ ജയിലായി ഉയര്‍ത്തിയെങ്കിലും സുരക്ഷാ നിരീക്ഷണ സംവിധാനങ്ങളും മാനദണ്ഡങ്ങളും പാലിക്കപ്പെടുന്നുണ്ടോയെന്ന് ഉയര്‍ന്ന ഉദ്യോഗസസ്ഥരും പരിശോധിച്ചിരുന്നില്ല. മതിലിന്റെ ഉയരം കൂട്ടിയത് മാത്രമാണ് ജില്ലാ ജയില്‍ ആക്കി ഉയര്‍ത്തിയപ്പോള്‍ ചെയ്ത നടപടി.
ജയിലിന്റെ പ്രധാന മതില്‍ക്കെട്ടിനോടു ചേര്‍ന്നു തന്നെ സ്വകാര്യ വ്യക്തികളുടെ കെട്ടിടങ്ങള്‍ സ്ഥിതിചെയ്യുന്നതും സുരക്ഷാഭീഷണിയായി നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: