കൊച്ചി: മുപ്പതിലേറെ രാജ്യങ്ങള്‍ പങ്കെടുക്കുന്ന അന്താരാഷ്ട്ര ലോജിസ്റ്റിക്സ് സമ്മേളനം കൊച്ചിയില്‍ ഇന്ന് നടക്കും. നാലു ദിവസം നീണ്ടുനില്‍ക്കുന്ന സമ്മേളനത്തിന് ആദ്യമായാണ് കേരളം വേദിയാകുന്നത്. കഴിഞ്ഞ തവണ ശ്രീലങ്കയായിരുന്നു വേദി. അടുത്ത പ്രാവശ്യം ഫ്രാന്‍സ് ആതിഥ്യം വഹിക്കും.
ഗ്ലോബല്‍ അലയന്‍സ് ഇന്റഗ്രേറ്റഡ് ലോജിസ്റ്റിക് നെറ്റ്വര്‍ക്ക് എന്ന അന്താരാഷ്ട്ര സംഘടനയാണ് സമ്മേളനം സംഘടിപ്പിക്കുന്നത്. റമദ കൊച്ചിനില്‍ നടക്കുന്ന സമ്മേളനത്തിന്റെ കേരളത്തിലെ സംഘാടകര്‍ അറബ്കോ ലോജിസ്റ്റിക്സാണ്. 26ന് പ്രൊഫ. കെ.വി. തോമസ് എംപി ഉദ്ഘാടനം ചെയ്യും. ഷിപ്പിംഗ്, ഏവിയേഷന്‍, ട്രാന്സ്പോര്ട്ടേഷന് രംഗത്തെ ആഗോള പ്രമുഖര്‍ പങ്കെടുക്കുന്ന സമ്മേളനത്തില്‍ ബിടുബി മീറ്റുകളാണ് പ്രധാന ആകര്‍ഷണം.
കാനഡ, ജപ്പാന്, പോര്‍ച്ചുഗല്‍, സൗത്ത് ആഫ്രിക്ക, ഇംഗ്ലണ്ട്, ഫ്രാന്‍സ്, ജര്‍മ്മനി, ഇറ്റലി, ചൈന, തായ്വാന് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുക്കും.
കേരളത്തിലെ ലോജിസ്റ്റിക്സ്, ടൂറിസം മേഖലകള്‍ക്ക് ഈ അന്താരാഷ്ട്ര സമ്മേളനം ഏറെ ഗുണകരമാകും. കൊച്ചി തുറമുഖത്തിന്റെ സാധ്യതകള്‍ അന്താരാഷ്ട്ര വ്യവസായ രംഗത്ത് അവതരിപ്പിക്കാനുള്ള ഒരു അവസരം കൂടിയാകും സമ്മേളനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: