സ്വന്തം ലേഖകന്‍
മരട്: ബാങ്ക് ജപ്തിയുടെ പേരില്‍ ക്ഷരോഗം ബാധിച്ച വൃദ്ധ ദമ്പതികളെ പോലീസ് വലിച്ചിഴച്ചു വീട്ടില്‍ നിന്നിറക്കി വിട്ടു. ഗാന്ധി സ്ക്വയര്‍ പൂണുത്തുറ ജവഹര്‍ റോഡില്‍ കോരങ്ങാത്ത് രാമന് (78), വിലാസിനി (70 ) എന്നിവരെയാണ് മരട് പോലിസിന്റെ നേതൃത്വത്തില്‍ വലിച്ചിഴച്ചത്. ആരോഗ്യസ്ഥിതി വഷളായതിനെ തുടര്‍ന്ന് വൃദ്ധ ദമ്പതികള്‍ എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി. മനുഷ്യാവകശാക കമ്മീഷന് അംഗങ്ങള്‍ ആശുപത്രിയില്‍ ദമ്പതികളെ സന്ദര്‍ശിച്ചു.
സ്കൂളില്‍ പഠിക്കുന്ന കുട്ടികള്‍ യൂണിഫോം മാറാന്‍ പോലും ഒരിടമില്ലാത്ത അവസ്ഥ കടുത്ത മനുഷ്യാവകാശ ലംഘനമാണെന്നും സംഭവത്തില്‍ കേസെടുക്കുമെന്നും കമ്മീഷന് അറിയിച്ചു. ജപ്തി നടപടികള്‍ നിര്‍ത്തിവെക്കാനും കമ്മീഷന് നിര്‍ദേശം നല്കി. പോലീസ് വലയത്തില്‍ ബാങ്ക് അധികൃതര്‍ വീട് പൂട്ടി സീല്‍ ചെയ്തു. സിപിഎം ഭരണത്തിലുള്ള തൃപ്പൂണിത്തുറയിലെ ഹൗസിങ്ങ് കോര്‍പ്പറേറ്റീവ് സൊസൈറ്റിയുടേതാണ് നടപടി. കിടപ്പാടം ജപ്തി ചെയ്യില്ലെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിന് പിന്നാലെയാണ് ഒന്നര ലക്ഷം രൂപ വായ്പയുടെ പേരില്‍ വീട് ജപ്തി ചെയ്ത് 30 ഓളം വരുന്ന പോലീസ് ബലപ്രയോഗത്തിലൂടെ ക്രൂരമായ നടപടി കൈകൊണ്ടത്. ഇവരുടെ മകന് ഇഷ്ടദാനമായി നല്കിയ രണ്ട് സെന്റ് ഭൂമിയും വീടുമാണ് ബാങ്ക് 5 ലക്ഷം രൂപയ്ക്ക് ലേലം ചെയ്തത്.
ഒരു സെന്റിന് 6 ലക്ഷം രൂപ വിലവരുന്ന ഇവിടെ ഈ സ്ഥലവും വീടും 5 ലക്ഷം രൂപയ്ക്ക് ലേലം ചെയ്തതില്‍ ഒത്തുകളിയുണ്ടെന്നും ആരോപണമുണ്ട്. ഏഴ് വര്‍ഷം മുമ്പ് ദമ്പതികളുടെ മകന് തൃപ്പൂണിത്തുറ ഹൗസിങ്ങ് കോര്‍പറേറ്റ് ബാങ്കില്‍ നിന്ന് ഒന്നര ലക്ഷം രൂപ ലോണ്‍ എടുത്തിരുന്നു. ഇയാള്‍ കൂലി പണിക്കാരനാണ്. പിന്നീട് തിരച്ചടവ്് മുടങ്ങി. പലിശയടക്കം 2,70,000 രൂപ തിരിച്ചടക്കാത്തതിനെ തുടര്‍ന്ന് മൂന്ന് ദിവസം മുമ്പ് ബാങ്ക് ജപ്തി നടപടികള്‍ പൂര്‍ത്തിയാക്കുകയും ഇവരെ വന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി ദമ്പതികള്‍ പറഞ്ഞു. ഇതിനെ തുടര്‍ന്ന് തേവര സിഐക്ക് ഇവര്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അന്വേഷണം നടക്കുന്നതിനിടയില്‍ ഇന്നലെ രാവിലെ 9 മണിയോടെയാണ് ലേലം വിളിച്ചെടുത്തവരുടെ നേതൃത്വത്തില്‍ ഗുണ്ടായിസവുമായി പോലിസിന്റെ നേതൃത്വത്തില്‍ കിരാതമായ നടപടി കൈകൊണ്ടത്. വാതിലടച്ച് വീടിനകത്തിരുന്ന ദമ്പതികളെ വീടിന്റെ താഴ് തകര്‍ത്ത് അകത്ത് കയറിയ പോലീസും ഗുണ്ടകളും ഇവരെ വലിച്ചിഴച്ച് പുറത്തിടുകയായിരുന്നു. ജപ്തി നടപടികളൊന്നും തങ്ങള്‍ അറിഞ്ഞിരുന്നില്ലെന്നും മൂന്ന് ദിവസം മുമ്പ് ഭീഷണിയുമായി വന്നപ്പോഴാണ് തങ്ങള്‍ സംഭവം അറിഞ്ഞതെന്നും ദമ്പതികള്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് കളക്ടര്‍ ഇടപ്പെട്ട് ഇരുവരെയും വീട്ടിലെത്തിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: