അഗളി:അട്ടപ്പാടി ഗവ.കോളേജിന്റെ പുതിയ കെട്ടിടത്തില്‍ ക്ലാസുകള്‍ തുടങ്ങിയിട്ടും അടിസ്ഥാന സൗകര്യങ്ങളായ വൈദ്യുതിയും വെള്ളവും എത്തിയിട്ടില്ലെന്ന് അധ്യാപകരും വിദ്യാര്‍ഥികളും പറയുന്നു.
വയറിങ്ങുള്പ്പെടെയുള്ള പണി പൂര്‍ത്തിയായിട്ടും കോളേജിലേക്ക് വൈദ്യുതി ബന്ധം ഇനിയും സ്ഥാപിച്ചിട്ടില്ല. ഇതുമൂലം കോളേജ് ഓഫീസ് ഇപ്പോഴും അഗളിയിലെ പഴയ കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നത്.
പ്രിന്‍സിപ്പള്‍ ഓഫീസ് കോട്ടത്തറയിലും, കോളേജ് ഓഫീസ് അഞ്ചുകിലോമീറ്റര്‍ അകലെ അഗളിയിലും പ്രവര്‍ത്തിക്കുന്നതുമൂലം പ്രവേശനത്തിനും ടി.സി.ഉള്‍പ്പെടെയുള്ള സര്‍ട്ടിഫിക്കറ്റുകള്‍ വാങ്ങാനെത്തുന്ന വിദ്യാര്‍ഥികള്‍ക്ക് ഏറെ പ്രയാസമുണ്ടാക്കുന്നു.
വൈദ്യുതി ബന്ധമില്ലാത്തതിനാല്‍ കംപ്യുട്ടര്‍ ലാബ് ഉള്‍പ്പെടെയുള്ളവയുടെ പ്രവര്‍ത്തനവും ആരംഭിച്ചിട്ടില്ല. കൂടാതെ ക്ലാസ് മുറികളിലെ ഫാന്‍, ലൈറ്റ് എന്നിവ ഉപയോഗിക്കാന്‍ സാധിക്കാത്തത് വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും ഒരുപോലെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു.
പല തവണ ബന്ധപ്പെട്ട അധികൃതരെ വിവരമറിയിച്ചിട്ടും കോളേജിലേക്ക് വൈദ്യുതിയെത്തിക്കാനുള്ള യാതൊരുനടപടിയും അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ലെന്ന് പ്രിന്‍സിപ്പള്‍ ഇന്‍ചാര്‍ജ് ഡോ.കെ.വി.മേഴ്സി പറഞ്ഞു.
ഇതിനോടൊപ്പം തന്നെ കുടിവെള്ള സൗകര്യങ്ങള്‍ ക്യാമ്പസിനുള്ളില്‍ ഇല്ലാത്തതും വിദ്യാര്‍ഥികളെ ഏറെ വലയ്ക്കുന്നുണ്ട്. നിലവില്‍ വിദ്യാര്‍ഥികള്‍ വീട്ടില്‍ നിന്നാണ് കുടിവെള്ളം കൊണ്ടുവരുന്നത്. ശൗചാലയ ഉപയോഗത്തിനും, മറ്റ് ആവശ്യങ്ങള്‍ക്കുള്ള വെള്ളത്തിനും പലപ്പോഴും ദൗര്‍ലഭ്യത നേരിടുന്നുണ്ടെന്നും വിദ്യാര്‍ഥികള്‍ പരാതിപ്പെട്ടു.
നിലവില്‍ കോളേജിലെ കുടിവെള്ളാവശ്യത്തിനായുള്ള ടാങ്കിന്റെ നിര്‍മ്മാണം പുര്‍ത്തിയായിട്ടില്ല.
500 ലധികം വിദ്യാര്‍ഥികളാണ് ഇവിടെ പഠിക്കുന്നത്. എല്ലാവിധ സൗകര്യങ്ങളും പുതിയ കെട്ടിടത്തിലുണ്ടാകുമെന്ന് അധിക്യതരും ജനപ്രതിനിധികളും പലതവണ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും ഉറപ്പ് നല്‍കിയതാണ്. എന്നാല്‍ അടിസ്ഥാന സൗകര്യങ്ങളായ വെള്ളവും വെളിച്ചവും പോലും എത്തിക്കാന്‍ അധിക്യതര്‍ക്കായിട്ടില്ല.
വൈദ്യുതിയും വെള്ളവുമില്ലാതെ ഇനിയുള്ള ദിവസങ്ങള്‍ എങ്ങനെ തള്ളിനീക്കും എന്നാശങ്കയിലാണ് അട്ടപ്പാടി ഗവ.കോളേജിലെ അധ്യാപകരും വിദ്യാര്‍ഥികളും.എത്രയുംപെട്ടന്നുതന്നെ അടിസ്ഥാനസൗകര്യമൊരുക്കണമെന്നാണ് ഇവരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: