ഗിയറില്ലാത്ത ഇരുചക്ര വാഹനങ്ങള്‍ ഓടിക്കാന്‍ ഒരു പ്രത്യേക സുഖമുണ്ട്. തിരക്കേറിയ റോഡിലൂടെയും ഊടുവഴികളിലൂടെയും എളുപ്പത്തില്‍ കൊണ്ടുനടക്കാം. എന്നാല്‍, ഗിയറില്ലാത്ത ടൂവീലറിന് ഡിസ്ക്ക് ബ്രേക്ക് കൂടി ആയാലോ? തകര്‍പ്പന്‍ എന്നല്ലാതെ എന്തുപറയണം. ടിവിഎസ് മോട്ടോര്‍ കമ്പനി ജുപ്പീറ്ററര് എന്ന ഗിയര്‍ലെസ്സ് ടൂവീലറിന് മുന്‍ഭാഗത്ത് ഡിസ്ക് ബ്രേക്കാണ് ഒരുക്കിയിട്ടുള്ളത്.
ജുപ്പീറ്റര്‍ ക്ലാസിക് മോഡല്‍ ഡിസ്ക്ക് ബ്രേക്ക് കൊണ്ടുമാത്രമല്ല ശ്രദ്ധ നേടുന്നത്. നിറവും രൂപകല്‍പ്പനയുമെല്ലാം ആളുകളെ ആകര്‍ഷിക്കുന്ന തരത്തിലാണ്. 109.7 സിസി 4 സ്ട്രോക്ക് സിംഗിള്‍ സിലിന്‍ഡര്‍ എയര്‍കൂള്‍ഡ് ഒഎച്ച്സി എന്‍ജിനാണ്. 7500 ആര്‍പിഎമ്മില്‍ 8ബിഎച്ച്പി കരുത്തും 5500 ആര്‍പിഎമ്മില്‍ 8.4 എന്‍എം ടോര്‍ക്കുമേകും എന്ജിന്. 62 കിലോമീറ്റര്‍ മൈലേജ് നല്‍കും.
അനലോഗ് സ്പീഡോമീറ്ററാണ്. വിന്‍ഡ് ഷീല്‍ഡ് കാണാന്‍ സ്റ്റൈലാണ്.വട്ടത്തിലുള്ള കണ്ണാടികള്‍ ലുക്ക് കൂട്ടുന്നു. പ്രീമിയം ഡ്യൂയല്‍ ടോണ്‍ സീറ്റാണ്. പിന്‍ഭാഗത്ത് ഇരിക്കുന്നവരുടെ സുഖവും ടിവിഎസ് നോക്കിയിട്ടുണ്ട്. പിന്‍ഭാഗത്ത് കുഷ്യന് ബാക്ക് റെസ്റ്റാണ് തയ്യാറാക്കിയിട്ടുള്ളത്. ഫ്രണ്ട് സസ്പെന്ഷന് ടെലിസ്കോപ്പിക്കാണ്.
ഗ്രൗണ്ട് ക്ലിയറന്‍സും തരക്കേടില്ലാത്തതാണ്. 150എംഎം ആണ് ഗ്രൗണ്ട് ക്ലിയറന്‍സ്. അഞ്ചുലിറ്ററാണ് ഇന്ധനം ശേഖരിക്കാനുള്ള ശേഷി. 108 കിലോഗ്രാമാണ് ഭാരം. 57,000 രൂപമുതല്‍ വിലയ്ക്ക് ജുപ്പീറ്റര്‍ സ്വന്തമാക്കാം.
ഇലക്ട്രിക് ഓട്ടം
ഇലക്ട്രിക് കാറുകള്‍ എന്നു കേള്‍ക്കുമ്പോള്‍ പലരുടെയും നെറ്റി ചുളിയും. കാശ് കൊടുത്ത് കാര്‍ വാങ്ങിയിട്ട് വേഗത്തില്‍ പോകാന്‍ കഴിഞ്ഞില്ലെങ്കിലോ? ഇടയ്ക്ക് വെച്ച് കാറിന്റെ ബാറ്ററി ചാര്‍ജ് തീര്‍ന്നാലോ? ഇത്തരം പല ചിന്തകളില്‍ നിന്നാണ് ആളുകളുടെ ആ നെറ്റി ചുളിയല്‍. പക്ഷേ, ഇനി ആരും നെറ്റിചുളിക്കേണ്ട. കൂടുതല്‍ വേഗവും കൂടുതല്‍ ദൂരം സഞ്ചരിക്കാവുന്ന ഇലക്ട്രിക് കാറുകളും ഇതാ ഓടിയെത്തുകയാണ്.
ഇലക്ട്രിക് കാറുകളെ പ്രോത്സാഹിപ്പിക്കാനുള്ള പദ്ധതികളുമായി കേന്ദ്രവും മുന്നോട്ടുപോകുന്നുണ്ട്. ഇതിന്റെ ആദ്യപടിയായി സര്‍ക്കാര്‍ ഓഫീസുകളില്‍ ഇലക്ട്രിക് കാറുകള്‍ താമസിയാതെ എത്തിയേക്കും.
ആയിരം കാറുകളാണ് ആദ്യഘട്ടത്തില്‍ വാങ്ങുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. 2030 ഓടെ പെട്രോള്‍-ഡീസല്‍ വാഹനങ്ങള്‍ രാജ്യത്ത് നിന്ന് തുടച്ചു നീക്കുകയാണ് ലക്ഷ്യം. ഇലക്ട്രിക് കാറുകളെ പ്രോത്സാഹിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് പിന്തുണയുമായി ഒട്ടേറെ കാര്‍ കമ്പനികള്‍ ഇതിനകം രംഗത്ത് വന്നു. മഹീന്ദ്രയാണ് ഇതില്‍ പ്രധാനി.
മഹീന്ദ്രയുടെ പുതിയ ഇ2ഒ പ്ലസ് ആണ് ഇന്ത്യന്‍ വിപണിയില്‍ ലഭിക്കുന്ന മികച്ച ഇലക്ട്രിക് മോഡല്‍ കാര്‍. മഹീന്ദ്രയുടെ ഡബിള്‍ ഡോര്‍ മോഡലായ ഇ 2 ഒ ഹാച്ച്ബാക്കിന്റെ ഫോര്‍ ഡോര്‍ വകഭേദമാണ് ഇ2ഒ പ്ലസ്. പി2, പി4, പി6, പി8 എന്നീ നാലു വേരിയന്റുകളില്‍ കാര്‍ കിട്ടും.
ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 140 കിലോമീറ്റര്‍ വരെ ഇതില്‍ യാത്ര ചെയ്യാനാകും. പരമാവധി 85 കിലോമീറ്റര്‍ വേഗവും ഇത് നല്‍കും. നാലുപേര്‍ക്ക് സുഖമായി യാത്ര ചെയ്യാം. കിലോമീറ്ററിന് 70 പൈസയേ ചെലവ് വരൂ. ഇ2ഒ മോഡലിന് പരിപാലനച്ചെലവും സാങ്കേതിക മികവും കുറവായിരുന്നു. ഇതെല്ലാം പുതിയ മോഡലില്‍ പരിഹരിച്ചിട്ടുണ്ട്.
ഓരോ തവണ ബ്രേക്ക് ഉപയോഗിക്കുമ്പോഴും ബാറ്ററി ചാര്‍ജ്ജാവുന്ന റീജനറേറ്റീവ് ബ്രേക്കിംഗ് സംവിധാനവും ആദ്യമായി ഈ കാറില്‍ പരീക്ഷിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ യാത്രയ്ക്കിടെ ബാറ്ററി ചാര്‍ജ് തീര്‍ന്ന് പോയി കാര്‍ വഴിയില്‍ കിടക്കുമെന്ന പേടി വേണ്ട.
19കെഡബ്ലു ഇലക്ട്രിക് മോട്ടറിനൊപ്പം 48 വി ബാറ്ററിയാണ് ആദ്യ മൂന്ന് വേരിയന്റുകളിലുള്ളത്. കാറിന് 70 എന്‍എം ടോര്‍ക്ക് നല്കാന് ഇത് സഹായിക്കും. പി 8 വേരിയന്റില്‍ 72 വി ബാറ്ററിയില്‍ 30കെഡബ്ലു ഇലക്ട്രിക് മോട്ടോറിന്റെ കരുത്താണുള്ളത്. 91 എന്‍എം ടോര്‍ക്ക് നല്കാന് ഇതിന് കഴിയും. ബാറ്ററി ഫുള്‍ ചാര്‍ജാകാന്‍ ടോപ് വേരിയന്റില്‍ ഒന്നര മണിക്കൂര്‍ സമയം മതി.
കാര്‍ കുഞ്ഞന്‍ ആണെങ്കിലും നല്ല ലുക്ക് നല്‍കുന്നതാണ് ഫ്രണ്ട് ഗ്രില്‍. കയറ്റം കയറുന്നതിന് കൂടുതല്‍ സഹായമാകുന്ന ഹില്‍ അസിസ്റ്റ് സംവിധാനം, കാര്‍ ലോക്ക് ചെയ്യാനും അണ്‍ലോക്ക് ചെയ്യാനും സഹായിക്കുന്ന മൊബൈല്‍ ആപ്പ് കണക്ടിവിറ്റി, റിവേഴ്സ് ക്യാമറ തുടങ്ങിയവയും പുതിയ മോഡലിലുണ്ട്.
നീളം മുന്‍ മോഡലില്‍നിന്ന് 310 എംഎം വര്‍ധിപ്പിച്ച് 3590 എംഎം ആക്കി ഉയര്‍ത്തി. 300 എംഎം വീല്‍ബേസും വര്‍ധിപ്പിച്ചിട്ടുണ്ട്. ടച്ച് സ്ക്രീന്‍ മോണിറ്റര്‍ സിസ്റ്റത്തില്‍ ജിപിഎസ് സൗകര്യത്തോടെയുള്ള നാവിഗേഷന്‍ സംവിധാനവും ലഭിക്കും. 5.46 ലക്ഷം രൂപ മുതല്‍ 8.46 ലക്ഷം രൂപവരെയാണ് വില. ഇലക്ട്രിക് കാറുകളുടെ നിര്‍മ്മാണം വര്‍ധിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് മഹീന്ദ്ര.
ഇലക്ട്രിക് കാര്‍ വിപ്ലവത്തിന് കൂട്ടായി ജപ്പാനീസ് കാര്‍ നിര്‍മ്മാതാക്കളായ നിസ്സാനും ഒപ്പമുണ്ട്. നിസ്സാന്‍ ലീഫ് ഇലക്ട്രിക് കാര്‍ ഇന്ത്യന്‍ വിപണിയില്‍ തരംഗമാകുമെന്ന പ്രതീക്ഷയിലാണിത്. 2010ലാണ് നിസ്സാന്‍ ലീഫ് പുറത്തിറക്കിയത്. ആഗോള വിപണയില്‍ വന്‍ സ്വീകാര്യതയാണ് ലീഫിന് ലഭിച്ചത്. 107 ബിഎച്ച്പി കരുത്തില്‍ കരുത്തനായി നിസ്സാന്‍ ലീഫ് ഇവിടത്തെ നിരത്തുകളിലും ഓടിക്കളിക്കും.
ഇലക്ട്രിക് കാര്‍ ഇന്ത്യയില്‍ തരംഗം സൃഷ്ടിക്കാനൊരുങ്ങുമ്പോള്‍ ഒട്ടേറെ കാര്യങ്ങള്‍ ഇനിയും ചെയ്യാനുണ്ട്. ബാറ്ററി ചാര്‍ജിംഗ് പോയിന്റുകളാണ് അതില്‍ പ്രധാനം. നിലവില്‍ പെട്രോള്‍ പമ്പുകള്‍ പോലെ നിശ്ചിത അകലത്തില്‍ ചാര്‍ജിംഗ് പോയിന്റുകള്‍ വരും. എനര്‍ജി എഫിഷ്യന്‍സി സര്‍വീസസ് ലിമിറ്റഡാണ് ഇതിനുള്ള തയ്യാറെടുപ്പ് തുടങ്ങി. ആദ്യഘട്ടത്തില്‍ നാലായിരം ബാറ്ററി ചാര്‍ജിംഗ് പോയിന്റുകളായിരിക്കും വരിക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: